റോഹിങ്ക്യന്‍ പ്രശ്‌നം; മ്യാന്‍മര്‍ സേനാമേധാവിക്കെതിരെ നടപടി വേണമെന്ന് യുഎന്‍

Tuesday 28 August 2018 2:37 am IST

വാഷിങ്ങ്ടണ്‍: രോഹിങ്ക്യന്‍ അഭയാര്‍ഥി പ്രശ്‌നത്തില്‍ മ്യാന്‍മര്‍ കരസേനാ മേധാവി രാജിവയ്ക്കണമെന്നും അദ്ദേഹം അടക്കം അഞ്ച് സൈനിക ഉദ്യോഗസ്ഥര്‍ക്ക് എതിരെ നിയമനടപടി കൈക്കൊള്ളണമെന്നും യുഎന്‍ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. 

 മനുഷ്യക്കുരുതിക്ക് സേനാ മേധാവിയടക്കം അഞ്ചു പേരെയും അന്താരാഷ്ട്ര കോടതിയില്‍ വിചാരണ ചെയ്യണം. റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. റോഹിങ്ക്യന്‍ മുസ്ളീങ്ങളും മ്യാന്‍മറിലെ ഭൂരിപക്ഷമായ ബുദ്ധമതക്കാരും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുകയും നിരവധി പേര്‍ കൊല്ലപ്പെടുകയും ചെയ്തതോടെയാണ് സൈന്യം പ്രശ്‌നത്തില്‍ ഇടപെട്ടത്.  റാഖിനിലായിരുന്നു കലാപം രൂക്ഷമായത്. ഇതോടെ സൈന്യം കലാപകാരികളെ അടിച്ചൊതുക്കി. തുടര്‍ന്ന് ഏഴു ലക്ഷത്തോളം രോഹിങ്ക്യന്‍ മുസ്‌ളീമുകള്‍ മ്യാന്‍മറില്‍ നിന്ന് പലായനം ചെയ്തു, കൂടുതല്‍ പേരും എത്തിയത് ബംഗ്‌ളാദേശിലാണ്. ഇന്ത്യയിലും നാല്പ്പതിനായിരത്തോളം പേര്‍ എത്തി. 

 കൂട്ടക്കുരുതിക്കും കൂട്ടപ്പലായനത്തിനും സൈന്യം ഉത്തരവാദിയാണെന്നും അതിനാല്‍ സേനാ മേധാവി ജനറല്‍ മിന്‍ ആങ്ങ് ഹ്‌ളെയിങ്ങിന്റെ പങ്ക് അന്വേഷിക്കണമെന്നും അദ്ദേഹത്തിനെതിരെ നിയമ നടപടി എടുക്കണമെന്നുമാണ് യുഎന്‍ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. യുദ്ധക്കുറ്റം ചുമത്തണമെന്നും സൈന്യം ചെയ്തത് മനുഷ്യരാശിക്കെതിരായ കുറ്റമായി കണ്ട് ശിക്ഷിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിഷയത്തില്‍  സേനാ മേധാവി രാജിവയ്ക്കുകയാണ് അടിയന്തരമായി ചെയ്യേണ്ടത്. റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.