റോഡ് നിര്‍മാണത്തില്‍ തനത് വിദ്യകള്‍ ഉപയോഗിക്കണം

Tuesday 28 August 2018 2:38 am IST

കോട്ടയം: സംസ്ഥാനത്തെ റോഡ്-കെട്ടിട നിര്‍മാണങ്ങളില്‍ തനത് സാങ്കേതികവിദ്യകള്‍ ഉപയോഗിക്കണമെന്ന് കേരള ഗവണ്‍മെന്റ് കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍. ഓരോ രാജ്യത്തിന്റെയും ഭൂപ്രകൃതി, വസ്തുക്കളുടെ ലഭ്യത എന്നിവ അനുസരിച്ചാവണം രൂപകല്‍പ്പനകളും നിര്‍മാണ രീതികളും ക്രമപ്പെടുത്തേണ്ടത്. രാജ്യാന്തര എഞ്ചിനീയറിങ് തത്ത്വങ്ങള്‍ മാത്രമാണ് കേരളത്തിലാകമാനം ഉപയോഗിക്കുന്നത്. വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് രാജ്യാന്ത നിലവാരത്തിലുള്ള ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് പുനര്‍നിര്‍മിക്കേണ്ട അവസ്ഥയിലാണ്.

കേരള മോഡല്‍ നിര്‍മിതികളുടെ ആശയം ചര്‍ച്ചചെയ്യുന്നതിനായി ഒക്ടോബര്‍ 2ന് ആലപ്പുഴയില്‍ നിര്‍മാണ കൂട്ടായ്മ സംഘടിപ്പിക്കും. സിമന്റിന് വിലക്കൂടുതലുള്ള സംസ്ഥാനം കേരളം മാത്രമാണ്. സിമന്റ് വാര്‍ഷിക നിരക്ക് കരാര്‍ വ്യവസ്ഥയില്‍ ഉല്‍പ്പാദകരോട് നേരിട്ട് സംഭരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന നിര്‍മാണങ്ങള്‍ പുനര്‍നിര്‍മിക്കാന്‍ കരാറുകാര്‍ പൂര്‍ണമായും സഹകരിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കരാറുകാര്‍ ഒരുകോടി രൂപ നല്‍കി. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പള്ളി, ജില്ലാ പ്രസിഡന്റ് റെജി ടി. ചാക്കോ, ഖജാന്‍ജി മനോജ് പാലത്ര, കിച്ചു സേവ്യര്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.