മൂലമറ്റത്തിനും ചെറുതോണിക്കുമിടയില്‍ മണ്ണിടിഞ്ഞത് 118 ഇടങ്ങളില്‍

Tuesday 28 August 2018 2:38 am IST
"തൊടുപുഴ-പുളിയന്മല സംസ്ഥാന പാതയില്‍ വനത്തിനുള്ളിലുണ്ടായ മണ്ണിടിച്ചില്‍"

ഇടുക്കി: ജില്ലയുടെ ഹൈറേഞ്ചും ലോറേഞ്ചും തമ്മില്‍ ബന്ധിപ്പിക്കുന്ന തൊടുപുഴ-പുളിയന്മല സംസ്ഥാന പാതയ്ക്ക് കാലവര്‍ഷം വരുത്തിവച്ചത് തീരാനഷ്ടം. മൂലമറ്റം മുതല്‍ ചെറുതോണി വരെയുള്ള 40 കിലോമീറ്ററില്‍ മാത്രം ചെറുതും വലുതുമായി 118 മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്. ദിവസങ്ങളോളം ഇതുവഴി ഒരു വാഹനത്തിനും കടന്നുപോകാന്‍ പറ്റാത്തവിധത്തില്‍ മണ്ണിടിഞ്ഞ് വീണിരുന്നു. ഇവയില്‍ 12 എണ്ണം നൂറും ഇരുനൂറും മീറ്ററിലധികം വീതിയിലുള്ള വന്‍ മലയിടിച്ചിലാണ്. മലയിടിഞ്ഞ് ഒരു കിലോമീറ്ററിലേറെ താഴേക്ക് പോലും മണ്ണ് ഊര്‍ന്നുപോയ സ്ഥലങ്ങളും ഉണ്ട്. കൂറ്റന്‍ മല വന്ന് പതിച്ചതാണ് റോഡിന്റെ തകര്‍ച്ച ഇത്രയേറെ ഗുരുതരമാക്കിയത്. 

അശോക കവലിയില്‍നിന്ന് ആരംഭിക്കുന്ന 12 വളവുകള്‍ ചേര്‍ന്ന വഴിയില്‍ കാര്യമായ പ്രശ്‌നങ്ങള്‍ ഇല്ലെങ്കിലും ചെറിയ തോതില്‍ മണ്ണിടിച്ചില്‍ ഉണ്ട്. കുളമാവ് വനത്തിനുള്ളില്‍ ഇത് ഭയാനകമായി മാറിയിരിക്കുന്നു. തൊടുപുഴ, നഗരംപാറ റേഞ്ചുകള്‍ക്ക് കീഴില്‍ വരുന്ന വനമേഖലയാണിത്. ചെറുവാഹനങ്ങള്‍ക്ക് മാത്രമാണ് ഇന്ന് ഇതുവഴിയുള്ള യാത്ര അനുവദിച്ചിരിക്കുന്നത്. ഇടവിട്ടെത്തുന്ന മഴയില്‍ കൂടുതല്‍ മണ്ണിടിയുമോ എന്ന ഭീതിയും വര്‍ധിപ്പിക്കുന്നു. തൊടുപുഴയില്‍നിന്നും കുളമാവ്, ചെറുതോണി വഴിയുള്ള ബസ്‌സര്‍വീസ് പുനരാരംഭിക്കാന്‍ ഏറെ വൈകുമെന്നാണ് കണക്ക് കൂട്ടല്‍.

പുതിയ വഴിതന്നെ വേണ്ടിവരും

തകര്‍ന്ന റോഡ് സംരക്ഷണഭിത്തി നിര്‍മിച്ച് പുനഃസ്ഥാപിക്കുക എന്നത് പലയിടത്തും അസാധ്യമാണ്. തകര്‍ന്ന കരിങ്കല്‍കെട്ടുകള്‍ വീണ്ടും കെട്ടി ഉയര്‍ത്തുന്നതും അപ്രായോഗികമാണ്. മൂന്ന് മാസം മുമ്പ് സ്വകാര്യകമ്പനി തങ്ങളുടെ ഫൈബര്‍ ഒപ്റ്റിക്കല്‍ കേബിളുകള്‍ റോഡിന്റെ വശംചേര്‍ന്ന് ഇട്ടിരുന്നു. ഇതിനായി എടുത്ത കുഴികള്‍ കൃത്യമായി മൂടാത്തതാണ് ഇത്രയധികം മണ്ണിടിച്ചിലിന് കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. 

നിലവില്‍ പോലീസിന്റെ നേതൃത്വത്തില്‍ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചാണ് ഭാഗികമായി മണ്ണ് നീക്കിയത്. മണ്‍കൂനകള്‍ വകഞ്ഞ് മാറ്റിയതിനാല്‍ എപ്പോള്‍ വേണമെങ്കിലും ഇടിഞ്ഞ് താഴാവുന്ന മണ്‍തിട്ടകള്‍ക്ക് നടുവിലൂടെയാണ് ഇപ്പോള്‍ വാഹനങ്ങള്‍ കടന്ന് പോകുന്നത്. റോഡുകള്‍ നന്നാക്കാന്‍ കോടികള്‍ വേണ്ടിവരും എന്നതിലുപരി ഉയരത്തിലുളള സംരക്ഷണഭിത്തി നിര്‍മാണം വീണ്ടും മലയിടിച്ചിലിന് കാരണമാകുമെന്നതാണ് പ്രധാന പ്രശ്‌നം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.