ഇരട്ട ബോംബ് സ്‌ഫോടനം; വിധി സപ്തംബര്‍ നാലിന്

Tuesday 28 August 2018 2:40 am IST

ഹൈദരാബാദ്;  നാല്പ്പത്തി രണ്ട് ജീവനുകളെടുത്ത ഹൈദരാബാദ് ഇരട്ട ബോംബ് സ്‌ഫോടനക്കേസില്‍ സപ്തംബര്‍ നാലിന് വിധി പറയും. കേസിലെ  പ്രതികളായ  ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരര്‍ അനീഖ് ഷഫീഖ് സെയ്ദ്, അക്ബര്‍ ഇസ്മായേല്‍ ചൗധരി, ഫറൂഖ്, മൊഹമ്മദ് സാദിഖ് എന്നിവരെ ഇന്നലെ വീഡിയോകോണ്‍ഫറന്‍സിങ്ങ് വഴി സെഷന്‍സ് കോടതി ജഡ്ജി ടി ശ്രീനിവാസ റാവുവിന്റെ മുന്‍പാകെ ഹാജരാക്കിയിരുന്നു.

ശിക്ഷ സംബന്ധിച്ച വാദമാണ് ഇന്നലെ നടന്നത്. തുടര്‍ന്ന് വിധി അടുത്ത മാസം നാലിലേക്ക് മാറ്റി. 2007 ആഗസ്ത് 25നാണ്  ഹൈദരാബാദിലെ ഗോകുല്‍ ചാറ്റിലും ലുംബിനി പാര്‍ക്കിലും സ്‌ഫോടനങ്ങളുണ്ടായത്. 42 പേര്‍ മരിച്ചു. അന്‍പതിലേറെപ്പേര്‍ക്ക് പരിക്കേറ്റു. തെലങ്കാന പോലീസിലെ ഭീകരവിരുദ്ധ വിഭാഗമാണ് കേസ് അന്വേഷിച്ചത്. കേസില്‍ മൂന്നു കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചിരുന്നു. 

കേസില്‍ കൂടുതല്‍ പ്രതികളുണ്ടെങ്കിലും അവരെ പിടികിട്ടിയിട്ടില്ല. കൊലപാതകം, സ്‌ഫോടക വസ്തു നിയമം. രാജ്യദ്രോഹം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡാണ് ഇവരെ അറസ്റ്റു ചെയ്തത്.  കേസില്‍ 170 സാക്ഷികളെ വിസ്തരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.