ഫുട്‌ബോള്‍ പരിശീലന കേന്ദ്രത്തിന്റെ മറവില്‍ പീഡനം : യുവാവ് അറസ്റ്റില്‍

Tuesday 28 August 2018 2:41 am IST

കണ്ണൂര്‍: ഫുട്‌ബോള്‍ പരിശീലനത്തിനെത്തുന്ന കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ വ്യാജ ഫുട്‌ബോള്‍ കോച്ചിനെ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ഒളവണ്ണ സ്വദേശി  ഫസല്‍ റഹ്മാന്‍(36) നെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. തെക്കീബസാറിലെ ലോഡ്ജ് മുറിയില്‍ താമസിച്ചുവരികയായിരുന്ന ഇയാള്‍ കോച്ചെന്ന വ്യാജേന കുട്ടികളെ പരിശീലനത്തിന്റെ മറവില്‍ റൂമിലെത്തിച്ച് പീഡനത്തിനിരയാക്കിയതായാണ് പരാതി.  പത്ത് വയസ്സ് മുതല്‍ 14 വയസ്സുവരെളുള്ള പതിനഞ്ചോളം കുട്ടികളെ പീഡിപ്പിച്ചതായി പോലീസ് പറഞ്ഞു. പോക്‌സോ നിയമപ്രകാരമാണ് അറസ്റ്റ്.

പീഡനത്തിന് ശേഷം ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നതായി കുട്ടികള്‍ പോലീസിനോട് പറഞ്ഞിരുന്നു. മൊബൈലില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ പെന്‍ഡ്രൈവില്‍ സൂക്ഷിക്കുന്നതായി പോലീസ് കണ്ടെത്തി. ഇത് മറ്റുളളവര്‍ക്ക് കൈമാറിയിട്ടുണ്ടോയെന്ന് പരിശോധിച്ചു വരുന്നതായി പോലീസ് പറഞ്ഞു. പീഡനത്തിനിരയായ കുട്ടികളുടെ മാതാപിതാക്കളില്‍ ഒരാള്‍ ചൈല്‍ഡ് ലൈനിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ടൗണ്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണത്രെ പതിനഞ്ചോളം കുട്ടികളെ ഇയാള്‍ പ്രകൃതിവിരുദ്ധ പീഡനം നടത്തിയതായി സമ്മതിച്ചതെന്ന് പോലീസ് പറഞ്ഞു. 

തലശ്ശേരി ധര്‍മ്മടത്ത് വെച്ച് സമാന സ്വഭാവമുള്ള കേസില്‍ എട്ട് മാസം ജയില്‍ശിക്ഷയനുഭവിച്ച് അടുത്തകാലത്താണ് ഫസല്‍ റഹ്മാന്‍ പുറത്തിറങ്ങിയത്. തെക്കി ബസാറില്‍ അല്‍ജസീറ ഫുട്‌ബോള്‍ ക്ലബ്ബ് എന്ന പേരില്‍ സ്ഥാപനം നടത്തുന്നതായി ചൂണ്ടിക്കാട്ടി ഫെയ്‌സ് ബുക്ക് വഴി ഫുട്‌ബോള്‍ കോച്ചിംഗിന്റെ കാര്യം ഷെയര്‍ചെയ്താണ് ഇയാള്‍ കുട്ടികളെ വലയിലാക്കിയിരുന്നത്. ക്ലബ്ബില്‍ ചേരാന്‍ 200 രൂപ ഫീസീടാക്കിയ ഇയാള്‍ തന്റെ ഇംഗിതത്തിന് വഴങ്ങുന്ന കുട്ടികളെ ഫീസില്‍ നിന്ന് ഒഴിവാക്കിയിരുന്നതായും പോലീസ് പറഞ്ഞു. ഭാര്യയും രണ്ട് മക്കളുമുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.