സല്യൂട്ട്, സൈന്യത്തിന്റെ വലിയ മനസ്സിന്

Tuesday 28 August 2018 2:50 am IST

പരിഹാസങ്ങളുടേയും ആരോപണങ്ങളുടേയും കൂരമ്പുകള്‍ക്കിടയില്‍ നിന്നുകൊണ്ടാണ് നമ്മുടെ സൈന്യം കേരളത്തില്‍ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ജനമനസ്സുകളില്‍ ഏറെ പ്രശംസ നേടിയ പ്രവര്‍ത്തനമായിരുന്നു അവരുടേത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം അവര്‍ പറഞ്ഞ വാക്കുകള്‍ ഏറെ ശ്രദ്ധേയമായി. തങ്ങള്‍ കടമ നിറവേറ്റുക മാത്രമാണു ചെയ്തത്, അതിന് ആദരിക്കലോ അഭിനന്ദനമോ നന്ദിവാക്കുകളോ ആവശ്യമില്ല എന്നാണ് വ്യോമസേനാ സതേണ്‍ എയര്‍ കമാന്‍ഡിന്റെ കമാന്‍ഡിങ് ഓഫീസര്‍ എയര്‍ ചീഫ് മാര്‍ഷല്‍ ബി.സുരേഷ് പറഞ്ഞത്. അവകാശവാദങ്ങളില്ലാത്ത ഈ വാക്കുകളില്‍ സേനയുടെ ആത്മാര്‍ഥതയും അര്‍പ്പണബുദ്ധിയും പ്രതിബദ്ധതയും നിറഞ്ഞു നില്‍ക്കുന്നു. അതാണ് ഇന്ത്യന്‍ സൈന്യം. അതിര്‍ത്തിയില്‍ രാജ്യത്തെ രക്ഷിക്കാനും ദുരന്തങ്ങളില്‍ മനുഷ്യന്റെ ജീവന്‍ രക്ഷിക്കാനും അവര്‍ സ്വന്തം ജീവന്‍വരെ വെടിയും. എന്നിട്ടും  എന്നും കുറ്റപ്പെടുത്തലുകളും ആരോപണങ്ങളും മാത്രം കേള്‍ക്കാന്‍ വിധിക്കപ്പെട്ട തങ്ങളും മനുഷ്യരാണെന്നും അതിനനുസരിച്ച വികാരങ്ങളും വിചാരങ്ങളും തങ്ങള്‍ക്കും ബാധകമാണെന്നും പ്രവര്‍ത്തിയിലൂടെ അവര്‍ തെളിയിച്ച ഒട്ടേറെ സന്ദര്‍ഭങ്ങള്‍ ഈ ദുരന്തദിനങ്ങളിലുണ്ടായിരുന്നു. 

അസുഖം ബാധിച്ച കുട്ടിയേയുമെടുത്ത്, ഇരച്ചെത്തുന്ന വെള്ളത്തെ തോല്‍പിച്ച് പാലത്തിലൂടെ ഓടിക്കടന്നതും അത്ഭുതകരമായ സൂക്ഷ്മതയോടെ ഹെലികോപ്റ്റര്‍ വീടിന്റെ ടെറസ്സില്‍ ഇറക്കിയതും ഗര്‍ഭിണിയെ സുരക്ഷിതമായി എയര്‍ ലിഫ്റ്റ് ചെയ്തു സുഖപ്രസവത്തിന് സൗകര്യമൊരുക്കിയതും എടുത്തു പറയാവുന്ന ചിലതു മാത്രം. പറയുക എന്ന ഔപചാരികത ഒഴിവാക്കിയാലും ഈ നാടിന്റെയും നാട്ടുകാരുടേയും മനസ്സില്‍ അവരോടുള്ള നന്ദി തുളുമ്പി നില്‍ക്കുന്നുണ്ടാവും. ദുരന്തത്തിന്റെ കാണാക്കയത്തില്‍ രക്ഷയുടെ കൈനീട്ടിയെത്തിയ മാലാഖമാരായിരുന്നു പലരുടേയും മനസ്സില്‍ ഈ ഭടന്‍മാര്‍. 

കര,നാവിക,വ്യോമ സേനയും ദുരന്ത നിവാരണ സേനയും കോസ്റ്റ്ഗാര്‍ഡും അടക്കം വലിയൊരു സംഘമാണ് ദുരന്തമുഖത്ത് പ്രവര്‍ത്തന നിരതമായത്. കേരളത്തിനായി കഴിയുന്നതെല്ലാം ചെയ്യാനാണു പ്രധാനമന്ത്രി തങ്ങളോടു പറഞ്ഞതെന്ന് അവര്‍ പറയുന്നു. അതു രാജ്യത്തിന്റെ നിര്‍ദ്ദേശമായി കരുതി അവര്‍ പ്രാവര്‍ത്തികമാക്കി. കേരളത്തിന്റെ ഭൂപ്രകൃതിയും പ്രളയത്തിന്റെ പൊടുന്നനെയുള്ള വരവും കുത്തൊഴുക്കും കാലാവസ്ഥയും കടുത്ത വെല്ലുവിളിയായി. അതിനെയെല്ലാം മറികടന്നുള്ള പ്രവര്‍ത്തനത്തില്‍ വിമര്‍ശനങ്ങളുടെ കൂര്‍ത്ത വാക്കുകള്‍ അവരെ മാനസികമായി തളര്‍ത്താതിരുന്നത് നമ്മുടെയൊക്കെ ഭാഗ്യം. ദുരന്തത്തിന്റെ ഭീകരത അനുഭവിച്ചവരും സേവനത്തെ ശരിയായ രീതിയില്‍ കണ്ടവരും ഒരേ വികാരം പങ്കുവയ്ക്കുമ്പോഴും സൈന്യത്തെ പരിഹസിക്കുകയും അധിക്ഷേപിക്കുകയും ചെയ്ത ചില രാഷ്ട്രീയ നേതൃത്വങ്ങളെ നമുക്ക് വേദനയോടെ അവഗണിക്കാം. സൈന്യത്തിനു തോക്കുപിടിക്കാനല്ലാതെ എന്ത് അറിയാം എന്നു ചോദിച്ചവരുണ്ട്. സൈന്യമിറങ്ങിയാല്‍ എന്തോ വിപത്തു സംഭവിക്കുമെന്നു സൂചിപ്പിച്ച് പരിഹാസച്ചിരിയോടെ അര്‍ധോക്തിയില്‍ പറഞ്ഞു നിര്‍ത്തിയവരുണ്ട്. അവര്‍ക്കൊക്കെ കണ്ണു തുറക്കാനുള്ള അവസരം കൂടിയാണ് സൈന്യം ഈ സേവനത്തിലൂടെ ഒരുക്കിയത്.

വെടിയുണ്ടകള്‍ക്ക് ഇടയില്‍ കഴിയേണ്ടിവരുന്ന കശ്മീരിലെ ഭടന്‍മാരുടെ പ്രവര്‍ത്തികളെ വികലമായി ചിത്രീകരിച്ചു ചിലര്‍ സൈനികരെ അവഹേളിച്ചതിന്റെ ചുവടുപിടിച്ചായിരുന്നു ഇവിടത്തേയും വിമര്‍ശനം. ദേശ വിരുദ്ധ ശക്തികള്‍ക്കും ശത്രുരാജ്യത്തിനും എതിരെ പൊരുതുമ്പോള്‍ അഹിംസയുടെ പാതയിലൂടെ സഞ്ചരിക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന സത്യം ചിന്താശക്തിയുള്ള ആര്‍ക്കും മനസ്സിലാകുന്നതേയുള്ളു. അതേവികാരത്തോടെ ദുരന്തമുഖത്തും അവര്‍ നിറതോക്കുമായി വെടിയുതിര്‍ക്കും എന്നു ചിന്തിക്കുന്നത് എത്രബാലിശമാണെന്ന് ഓര്‍ക്കണം. ഏറ്റുമുട്ടലില്‍ ഒരു ഭാഗം ജയിച്ചാല്‍ മറുഭാഗം തോല്‍ക്കും. അവര്‍ പരാതികളും ആരോപണങ്ങളും ഉന്നയിക്കും അതും സ്വാഭാവികം. അവിടെ യാഥാര്‍ഥ്യം തിരിച്ചറിയണമെങ്കില്‍ വിവേചന ബുദ്ധിവേണം. അതു പലര്‍ക്കുമില്ലാതെ പോയതാണ് സൈന്യത്തിന്റെ കാടന്‍ സ്വഭാവമെന്ന് അവര്‍ വിശേഷിപ്പിക്കുന്ന തോന്നലിന് ആധാരം. 

 സേനയുടെ രണ്ടു മുഖങ്ങളില്‍ ഒന്നാണു കേരളത്തില്‍ കണ്ടത്. യുദ്ധമുഖത്തും അതിര്‍ത്തിയിലും ശത്രുവിനെ ചെറുക്കുന്ന വീര ജവാന്മാര്‍ ദുരന്തമുഖത്ത് ജീവന്‍ കാക്കുന്ന സേവകരായി. നമുക്ക് അവരെ വിശ്വസിക്കാം. അവരുടെ തണലില്‍ രാജ്യവും ജനതയും സുരക്ഷിതരായിരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.