അയ്യങ്കാളി-കാലാനുബദ്ധമായ വായന

Tuesday 28 August 2018 2:51 am IST
സഞ്ചാരസ്വാതന്ത്ര്യ പോരാട്ടങ്ങള്‍, വിദ്യാഭ്യാസ പ്രക്ഷോഭങ്ങള്‍, കാര്‍ഷിക സമരങ്ങള്‍ എന്നിവയുടെ അനുഭവ പാഠങ്ങള്‍ അയ്യന്‍കാളിയ്ക്ക് ഒരു സംഘടനയേക്കുറിച്ച് ചിന്തിക്കാന്‍ പ്രേരണയായി. ഈ സമയത്താണ് ഹിന്ദുമത സംരക്ഷണാര്‍ത്ഥം സദാനന്ദസ്വാമികള്‍ അനന്തപുരിയില്‍ എത്തിയത്. സദാനന്ദ സ്വാമികള്‍ ഹിന്ദുമതത്തിലെ അയിത്തം പോലുള്ള അനാചാരങ്ങള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ തൊടുത്തു. സ്വാമികളുടെ പ്രസംഗത്തില്‍ ആകൃഷ്ടനായ അയ്യന്‍കാളി അദ്ദേഹത്തെ വെങ്ങാനൂരിലേക്ക് ക്ഷണിച്ചു.

മഹാത്മാ അയ്യന്‍കാളിയുടെ 156-ാം ജന്മവാര്‍ഷികം ആഘോഷിക്കുമ്പോള്‍, അദ്ദേഹത്തിന്റെ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ ബാദ്ധ്യതപ്പെട്ട പട്ടികജാതി സംഘടനകള്‍ ഒരു പുനര്‍ വിചിന്തനത്തിന് തയ്യാറാകേണ്ട കാലമായിരിക്കുന്നു. സമകാലിക പ്രതിസന്ധികളെ അതിജീവിച്ചുകൊണ്ട് മാത്രമേ പട്ടികജാതി സമൂഹത്തിന് രാഷ്ട്രീയമുന്നേറ്റം സാദ്ധ്യമാകൂ. അതിന് അയ്യന്‍കാളിയുടെ ജീവിതത്തില്‍ നിന്ന് ഏറെ പഠിക്കാനുമുണ്ട്.        

ചരിത്രപരമായ കാരണങ്ങളാലാണ് അയ്യന്‍കാളി രൂപീകരിച്ച സാധുജനപരിപാലനസംഘം ശിഥിലീകരിക്കപ്പെട്ടത്. അധഃസ്ഥിതരുടെ ഉന്നമനത്തിനായി ഒരു സംഘടനയേക്കുറിച്ചു ചിന്തിച്ച അയ്യന്‍കാളിക്ക് അന്ന് ഉപദേശങ്ങള്‍ നല്‍കിയിരുന്ന അനുചര സംഘത്തില്‍പ്പെട്ട തോമസ് വാദ്ധ്യാര്‍, ഹാരിസ് വാദ്ധ്യാര്‍ തുടങ്ങിയവര്‍ മതപരിവര്‍ത്തന പശ്ചാത്തലമുള്ളവരായിരുന്നു. ഇവര്‍, സദാനന്ദ സ്വാമികളുടെ ബ്രഹ്മനിഷ്ഠാമഠത്തിന്റെ ഭാഗമായ ചില്‍ സഭയെ മുന്നോട്ടുകൊണ്ടുപോകുന്നതില്‍ നിന്ന് അയ്യന്‍കാളിയെ പിന്തിരിപ്പിച്ചു. 

ഇതോടെ, പട്ടികജാതി വിഭാഗങ്ങളില്‍ നിന്നു വന്‍തോതില്‍ മതപരിവര്‍ത്തനത്തിനുള്ള സാധ്യത വര്‍ദ്ധിച്ചു. യഥാര്‍ത്ഥത്തില്‍ മതപരിവര്‍ത്തന വാദികളായ ഈ ദളിത് ക്രൈസ്തവ നേതാക്കള്‍ അധഃസ്ഥിത ജനതയുടെ ആത്മീയവികാസത്തെ പിന്നില്‍ നിന്നു കുത്തുകയായിരുന്നു. സാധുജനപരിപാലന സംഘത്തിലെ പ്രമുഖരായ പല നേതാക്കളും ദളിത് ക്രൈസ്തവരായിരുന്നതിനാല്‍ അവരുടെ സമ്മര്‍ദ്ദ ഫലമായി ക്ഷേത്ര പ്രവേശനം പോലുള്ള നവോത്ഥാന മുന്നേറ്റങ്ങളില്‍ നിന്ന് അധഃസ്ഥിത ജനതയെ ബോധപൂര്‍വ്വം മാറ്റിനിര്‍ത്തി. തുടര്‍ന്ന് രൂപം കൊണ്ട രാഷ്ട്രീയ പ്രക്രിയകളില്‍ നിന്നും അധഃസ്ഥിതര്‍  ഒഴിവാക്കപ്പെട്ടു.

ഇന്നും ചില പട്ടികജാതി സംഘടനകള്‍ തോമസ് വാദ്ധ്യാരുടേയും ഹാരീസ് വാദ്ധ്യാരുടേയും പ്രേതബാധയാല്‍, മതപരിവര്‍ത്തിത പശ്ചാത്തലമുള്ള നേതൃത്വത്താല്‍ നയിക്കപ്പെടുന്നു. പട്ടികജാതിക്കാര്‍ക്കായി സംവരണം ചെയ്ത ഭൂരിഭാഗം ഉയര്‍ന്ന ഉദ്യോഗങ്ങളും പദവികളും പുനഃപരിവര്‍ത്തിതരാണ് കയ്യാളുന്നത്. അവരില്‍ ചിലരെങ്കിലും മതപരിവര്‍ത്തനത്തിന്റെ പ്രചാരകരുമാണ്. മതപരിവര്‍ത്തനവാദികളായ ദളിത് ബുദ്ധിജീവികളും ദളിത് ആക്റ്റിവിസ്റ്റുകളും ദളിത്-മുസ്ലിം രാഷ്ട്രീയ വാദം പട്ടികജാതി സംഘടനകളില്‍ ഒളിച്ച് കടത്താനും ശ്രമിക്കുന്നു. ഇവയൊക്കെ  ആസൂത്രിതമായ പദ്ധതിയുടെ ഭാഗമാണെന്ന് തിരിച്ചറിയണം. 

കേരളനവോത്ഥാനത്തിന്റെ സൃഷ്ടിയാണ് അയ്യന്‍കാളി. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും നിലനിന്ന കേരളത്തില്‍ തീഷ്ണമായ അനുഭവങ്ങളിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ജീവിതയാത്ര. കുട്ടിക്കാലം മുതല്‍ ജാതിവ്യവസ്ഥയുടെ എല്ലാവിധ പീഡനങ്ങളും ഏറ്റുവാങ്ങി. അടിമസമ്പ്രദായം നിലനിന്ന അക്കാലത്ത് ജന്മിയായ പരമേശ്വരന്‍പിള്ള, അയ്യന്‍കാളിയുടെ പിതാവായ അയ്യന് നല്‍കിയ ആറേക്കര്‍ ഭൂമിയാണ് വഴിത്തിരിവായത്. കാര്‍ഷിക വൃത്തിയിലേയ്ക്കുള്ള ആ മാറ്റം അയ്യന്‍കാളിയില്‍ സ്വാതന്ത്ര്യത്തിന്റെ വെളിച്ചം പകര്‍ന്നു. 1912ല്‍ ശ്രീമൂലം പ്രജാസഭയില്‍ അംഗമായ അദ്ദേഹത്തിന്, അധഃസ്ഥിത വിഭാഗങ്ങള്‍ക്ക് കൃഷിഭൂമി എന്ന ആവശ്യമുന്നയിക്കാന്‍ പ്രേരണയായതും ഈ തിരിച്ചറിവു തന്നെ. പ്രജാസഭയില്‍ അംഗമായ ആദ്യത്തെ പട്ടികജാതി-പട്ടികവര്‍ഗ അംഗമാണ് അയ്യന്‍കാളി. 

പട്ടിക്കും പൂച്ചക്കും പോലും സഞ്ചരിക്കാന്‍ അനുവാദമുണ്ടായിരുന്ന വഴിയിലൂടെയുള്ള അധഃസ്ഥിതന്റെ സഞ്ചാരസ്വാതന്ത്ര്യ നിഷേധത്തിനെതിരെ 1903ല്‍ വില്ലുവണ്ടി വാങ്ങി പൊതുവഴിയിലൂടെ അദ്ദേഹം യാത്ര ചെയ്തു. അതോടെ രാജപാതകള്‍ ജനകീയ പാതകളായി. തുടര്‍ന്ന് അദ്ദേഹം വിദ്യാഭ്യാസ അവകാശ പ്രക്ഷോഭങ്ങള്‍ ആരംഭിച്ചു. സ്വന്തമായി സ്‌കൂള്‍ സ്ഥാപിച്ചു. സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ അധഃസ്ഥിത വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തിനായി സംഘടിത ശ്രമങ്ങളിലേര്‍പ്പെട്ടു. 1907ല്‍ കാര്‍ഷിക പ്രക്ഷോഭം സംഘടിപ്പിച്ചു. ആറ്മാസം നീണ്ടുനിന്ന ഈ പ്രക്ഷോഭം ചരിത്രത്തില്‍ സമാനതകളില്ലാത്തതാണ്. 

സഞ്ചാരസ്വാതന്ത്ര്യ പോരാട്ടങ്ങള്‍, വിദ്യാഭ്യാസ പ്രക്ഷോഭങ്ങള്‍, കാര്‍ഷിക സമരങ്ങള്‍ എന്നിവയുടെ അനുഭവ പാഠങ്ങള്‍ അയ്യന്‍കാളിയ്ക്ക് ഒരു സംഘടനയേക്കുറിച്ച് ചിന്തിക്കാന്‍ പ്രേരണയായി. ഈ സമയത്താണ് ഹിന്ദുമത സംരക്ഷണാര്‍ത്ഥം സദാനന്ദസ്വാമികള്‍ അനന്തപുരിയില്‍ എത്തിയത്. സദാനന്ദ സ്വാമികള്‍ ഹിന്ദുമതത്തിലെ അയിത്തം പോലുള്ള അനാചാരങ്ങള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ തൊടുത്തു. സ്വാമികളുടെ പ്രസംഗത്തില്‍ ആകൃഷ്ടനായ അയ്യന്‍കാളി അദ്ദേഹത്തെ വെങ്ങാനൂരിലേക്ക് ക്ഷണിച്ചു. സ്വാമികള്‍ അവിടെ താമസിച്ചാണ് ബ്രഹ്മനിഷ്ഠാ മഠത്തിന്റെ ഒരു ചില്‍ സഭ രൂപീകരിച്ച് അധഃസ്ഥിതരില്‍ ആത്മീയ ഉണര്‍വ് പകര്‍ന്നത്. ഇതിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്നാണ് ഉപദേശകര്‍ അയ്യന്‍കാളിയെ പിന്തിരിപ്പിച്ചത്. അല്ലാത്ത പക്ഷം അന്നു തന്നെ അധഃസ്ഥിതരുടെ മുന്നേറ്റം സാധ്യമായേനെ. 

കെ. ഗുപ്തന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.