പ്രളയകാലത്തെ കണ്ണീർ പറയുന്നത്

Tuesday 28 August 2018 2:53 am IST
ഔദ്യോഗിക സംവിധാനങ്ങള്‍ ഉറക്കമുണര്‍ന്ന് വരും മുമ്പെ മത്സ്യപ്രവര്‍ത്തക സഹോദരങ്ങള്‍ ദുരന്തമുഖത്ത് സജീവസാന്നിധ്യമായിരുന്നു എന്നത് എത്ര ആഹ്ലാദജനകമാണ്. എന്നും അവഗണിക്കപ്പെട്ട്, നിസ്സഹായരായ ഒരു വിഭാഗമാണ് ഈ മത്സ്യത്തൊഴിലാളികള്‍ എന്നറിയുമ്പോഴാണ് അവരുടെ സ്‌നേഹത്തിന്റെ കറപുരളാത്ത മുഖം അനുഭവവേദ്യമാവുന്നത്.

പ്രകൃതിയുടെ കണ്ണീരും (അത് രൗദ്രമായിരുന്നെന്നും പറയുന്നു) മനുഷ്യന്റെ കണ്ണീരും ഒന്നായൊഴുകിപ്പരന്ന് ദുരിതത്തിന്റെ നടുക്കടലില്‍ സംസ്ഥാനം െപട്ടുപോയതിന്റെസ്ഥിതിഗതികള്‍ ചര്‍ച്ചചെയ്യുകയാണല്ലോ നാടെങ്ങും. പ്രളയത്തെക്കാളുപരി ആരോപണ പ്രത്യാരോപണ പ്രളയമാണിപ്പോള്‍. ഓരോരുത്തരുടെയും ശരിയുടെ വഴികള്‍ വെട്ടിയൊരുക്കാനുള്ള തത്രപ്പാടാണ് എവിടെയും. 

അതില്‍ തന്നെ ഒരു കാര്യം ശ്രദ്ധിച്ചുനോക്കൂ. എല്ലാ കുഴപ്പങ്ങളും മറ്റെവിടെയോ നടന്നത്, മറ്റാരോചെയ്തത് എന്ന തരത്തിലേക്ക് വഴുതി മാറുകയാണ്. ഞാന്‍ ശരിയാണ്, ഞാനേ ശരിയുള്ളൂ നിലപാടാണ് എല്ലായിടവും. അതുകൊണ്ടു തന്നെ ഒരു ബലിയാടിനെ ഒരുക്കി നിര്‍ത്താനാണ് ഉത്സാഹം. ആ ഉത്സാഹത്തിന്റെ പിന്നാമ്പുറത്ത് രാഷ്ട്രീയമുണ്ട്. മറ്റു ചില താല്‍പ്പര്യങ്ങളുണ്ട്. ആ താല്‍പ്പര്യങ്ങളാണ് മുന്നിട്ട് നിന്നത്. അതുകൊണ്ടുതന്നെ മറ്റ് യാഥാര്‍ഥ്യങ്ങളെല്ലാം അതില്‍ മുങ്ങി മരിച്ചു.

ഇപ്പോള്‍ തന്നെ നോക്കുക, ഓരോവകുപ്പും അവരുടെ കാര്യം മാത്രം നോക്കുകയും മറ്റുള്ളതൊക്കെ മറ്റാരെങ്കിലും നോക്കട്ടെ എന്ന നിലപാടുമാണ് സ്വീകരിച്ചത്; സ്വീകരിക്കുന്നതും അതു തന്നെ. മഴക്കാലത്ത് മഴ ഇത്രയേ പെയ്യാവൂ, ഇങ്ങനെയേ പെയ്യാവൂ എന്നൊന്നും ശഠിക്കുക വയ്യ. അനു നിമിഷം മനുഷ്യന്റെ മനസ്സ് മാറുന്നുണ്ട്. പിന്നെയാണോ പ്രകൃതിയുടെ കാര്യം. 

ജലബോംബ് എന്ന ആശങ്കാപ്രയോഗത്തിന്റെ ഉള്ളില്‍ തന്നെ ഒരു ഭീഷണിയുണ്ടെന്ന് നമുക്കറിയാം. അങ്ങനെയെങ്കില്‍ എന്തുകൊണ്ട് ആ ഭീഷണിയെ നേരിടാന്‍ പോന്ന അടിസ്ഥാനകാര്യങ്ങള്‍ (ഇന്‍ഫ്രാസ്ട്രക്ച്ചര്‍) നാം സ്വീകരിച്ചില്ല എന്ന ചോദ്യമുണ്ട്. അത് ഇപ്പോള്‍ ഭരണത്തിലിരിക്കുന്നവരോട് മാത്രമല്ല, നേരത്തെ അവിടെയിരുന്നവരോടും കൂടിയാണ്. കുറ്റപ്പെടുത്താനല്ല, കുറവു നികത്താന്‍.

ഡാമുകളുടെ കാര്യത്തിലേക്ക് വരും മുമ്പ് നമുക്ക് പ്രധാനപ്പെട്ട മറ്റൊരു സംഗതിയെക്കുറിച്ച് ചെറുതായൊന്ന് നോക്കാം. വിവരസാങ്കേതികത അതിന്റെ അത്യുച്ചാവസ്ഥയില്‍ നില്‍ക്കുകയാണല്ലോ. അങ്ങനെ വരുമ്പോള്‍ നൂതന മാര്‍ഗ്ഗത്തിലൂടെ കിട്ടുന്ന വിവരങ്ങള്‍ മനസ്സിലാക്കി മുന്നോട്ടു പോകേണ്ടതല്ലേ. കാലാവസ്ഥ പ്രവചന കേന്ദ്രം അതാത് സമയത്ത് നല്‍കിയ മുന്നറിയിപ്പുകള്‍ ബന്ധപ്പെട്ടവര്‍ സ്വീകരിച്ചിരുന്നോ? വിശകലനം ചെയ്തിരുന്നോ? ഒരുതമാശ പ്രഖ്യാപനം പോലെ അതെടുക്കുകയാണോ ഉണ്ടായത്? അതിന്റെ പരിണിതഫലമാണോ പ്രളയം? ചുരുക്കത്തില്‍ സര്‍ക്കാറിന്റെ ഒരു ഏജന്‍സി തന്നെ നല്‍കിയ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അവഗണിച്ചു എന്നുവേണം കരുതാന്‍. 

ഒരു തരത്തിലുള്ള നിസ്സാരവല്‍ക്കരിക്കലിന്റെ ആത്യന്തിക ഫലമാണ് ഭീകരപ്രളയം എന്നു പറയേണ്ടിവരും. ഇതിലെ കുറ്റക്കാര്‍ ആര് എന്ന് നോക്കി നടപടിയെടുക്കുന്നതിനേക്കാള്‍ നന്ന് ഇനി അത്തരം സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാനുള്ള മുന്‍ കരുതല്‍ സ്വീകരിക്കണം. ഇതുവരെ ദുരന്തമുണ്ടായില്ലല്ലോ, ഇനിയും അങ്ങനെതന്നെ എന്ന ലാഘവബുദ്ധി പ്രവര്‍ത്തിച്ചു എന്ന് മനസ്സിലാക്കണം.

ഇനി ഡാമുകളുടെ കാര്യമെടുത്താലോ? ഓരോ ഡാമും ഓരോ ആവശ്യത്തിനാണ് പണിതുയര്‍ത്തിയിരിക്കുന്നത്. ആ ആവശ്യത്തില്‍ മാത്രം ഊന്നി നിന്നുകൊണ്ട് പ്രവര്‍ത്തിക്കുമ്പോള്‍ അതിന്റെ മറ്റു കാര്യങ്ങള്‍ ശ്രദ്ധിക്കില്ല. ഉദാഹരണത്തിന് കാര്‍ഷികാവശ്യത്തിന് ഡാം നിര്‍മ്മിച്ചു എന്നു കരുതുക. അതിന്റെ രീതികളില്‍ മാത്രം കണ്ണും നട്ടിരിക്കുക. അത് മറ്റേതെങ്കിലും മേഖലയെ ബാധിക്കുമോ, മനുഷ്യര്‍ക്ക് പ്രശ്‌നം വരുമോ, വരുന്നെങ്കില്‍ എങ്ങനെ നേരിടും, എന്തുചെയ്യും എന്നതിനെക്കുറിച്ച് ചിന്തയില്ല. 

അതിന് കാരണമെന്താവാം? എന്തുമാവാം. ഇനി അങ്ങനെ പോര എന്നാണ് കാലം പറഞ്ഞു തന്നിരിക്കുന്നത്. എന്നിട്ടും മനസ്സിലാക്കാതെ തമ്മില്‍ തല്ലിയും കലഹിച്ചും കടിച്ചുകീറിയും ജയിക്കാന്‍ നോക്കുന്ന ആ തന്ത്രമുണ്ടല്ലോ. അതനുഭവിക്കേ ആരും മനസ്സുരുകി പറഞ്ഞു പോകും: 'ഹൊ, ആ പ്രളയത്തില്‍ ഒടുങ്ങിപ്പോയിരുന്നെങ്കില്‍'. അതിന് ഇടവെക്കാതിരിക്കാന്‍ ബന്ധപ്പെട്ടവരേ ശ്രദ്ധിക്കുമോ നിങ്ങള്‍?

************************************************

ഏതായാലും പ്രളയം അതിന്റെ രാക്ഷസീയതയത്രയും കുടഞ്ഞെറിഞ്ഞ് പത്തി താഴ്ത്തിക്കഴിഞ്ഞു. സമാനതകളില്ലാത്ത ദുരന്തവേളയില്‍ സമാനതകളില്ലാത്ത ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് നടന്നത്. പുരാണത്തില്‍ രക്ഷയ്ക്കായെത്തിയ അവതാരങ്ങളെപ്പറ്റി പറയുന്നുണ്ട്. അതില്‍ ഒന്ന് മത്സ്യാവതരമാണ്. ഈ മഹാപ്രളയത്തിലും ഒരു മത്സ്യാവതാരത്തിന്റെ ദീപ്തസാന്നിധ്യമുണ്ട്. അത് മത്സ്യപ്രവര്‍ത്തകസഹോദരങ്ങളുടേതാണ്. 

ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എന്‍.പി. രാധാകൃഷ്ണന്റെ നേതൃത്വത്തിലും മറ്റും നടന്ന രക്ഷപ്പെടുത്തലുകളും സാന്ത്വനപ്രവര്‍ത്തനങ്ങളും അഭിമാനാര്‍ഹമായി നില്‍ക്കുന്നു. പേരിനും പ്രശസ്തിക്കും വേണ്ടിയായിരുന്നില്ല കടലാഴമുള്ള സ്‌നേഹത്തിന്റെ കരുത്തുറ്റകൈകള്‍ നിസ്സഹായരെ കോരിയെടുത്തത്. രക്തബന്ധത്തേക്കാള്‍ ഉപരി സ്‌നേഹബന്ധത്തിന്റെ ദൃഢതയുള്ള വൈകാരികത അതില്‍ അലിഞ്ഞുചേര്‍ന്നിരുന്നു. 

ഔദ്യോഗിക സംവിധാനങ്ങള്‍ ഉറക്കമുണര്‍ന്ന് വരും മുമ്പെ മത്സ്യപ്രവര്‍ത്തക സഹോദരങ്ങള്‍ ദുരന്തമുഖത്ത് സജീവസാന്നിധ്യമായിരുന്നു എന്നത് എത്ര ആഹ്ലാദജനകമാണ്. എന്നും അവഗണിക്കപ്പെട്ട്, നിസ്സഹായരായ ഒരു വിഭാഗമാണ് ഈ മത്സ്യത്തൊഴിലാളികള്‍ എന്നറിയുമ്പോഴാണ് അവരുടെ സ്‌നേഹത്തിന്റെ കറപുരളാത്ത മുഖം അനുഭവവേദ്യമാവുന്നത്.

ഒരിടത്ത് ഇത്തരം സുന്ദര മുഹൂര്‍ത്തങ്ങളെങ്കില്‍ ഇപ്പുറത്ത് തനി കാടന്‍ സമീപനങ്ങളുമായി ചിലര്‍ ഒളിഞ്ഞിരിക്കുന്നുണ്ട്. വിവരവും,വിദ്യാഭ്യാസവും ഉണ്ടെന്ന് കരുതുന്ന ചിലരാണ് മ്ലേച്ഛസമീപനവുമായി ഉറഞ്ഞാടിയത്. വിദ്യാഭ്യാസം കൊണ്ട് വിവരം ഉണ്ടാവുമെങ്കിലും വിവേകമുണ്ടാവില്ലെന്ന് തെളിഞ്ഞു. പ്രളയം അതിന്റെ ക്രൂരമുഖം കാട്ടി ഭീതിപ്പെടുത്തുന്ന വേളയില്‍ ഒരു മുന്‍വൈസ് ചാന്‍സിലര്‍ സാമൂഹിക മാധ്യമത്തില്‍ ഇട്ട ഒരു പോസ്റ്റ് നോക്കുക: 'ആലുവ ശിവക്ഷേത്രം പ്രളയത്തില്‍ മുങ്ങി. മേല്‍ക്കൂരമാത്രം ഇത്തിരി വെളിയില്‍ കാണാം. ശിവന്‍ രക്ഷപ്പെട്ടിരിക്കുമെന്ന് ആശ്വസിക്കാം!!! ഏതായാലും പ്രത്യേക രക്ഷാസേന അവിടെ ശ്രദ്ധിക്കണം' (ആഗസ്റ്റ് 18 വൈകീട്ട് 5.30). വാക്കുകൊണ്ടും നോക്കുകൊണ്ടും സാന്ത്വനം നല്‍കേണ്ട വേളയിലായിരുന്നു ജനലക്ഷങ്ങളുടെ വികാരത്തെ മുറിപ്പെടുത്തുന്ന പോസ്റ്റ്. 

ബോധപൂര്‍വ്വം ഒരു വിഭാഗത്തെ അപമാനിക്കാനാണ് മാര്‍ക്‌സിയന്‍ തത്വശാസ്ത്രം കലക്കിക്കുടിച്ച ഒരാള്‍ ഇമ്മാതിരിപ്പണിയ്ക്ക് ഇറങ്ങിത്തിരിച്ചത് എന്നറിയുക. ഇദ്ദേഹത്തിന്റെ വിദ്യാഭ്യാസത്തിന് അടുത്തെങ്ങുമെത്താന്‍ കഴിയാതെ പോയ താനൂര്‍ ചാപ്പപ്പടിയിലെ ജൈസല്‍ സ്വന്തം ശരീരം ചവിട്ടുപടിയാക്കി ആളുകളെ ബോട്ടില്‍ കയറാന്‍ സഹായിച്ചു. വിദ്യാഭ്യാസമുള്ള മനുഷ്യന് കിട്ടാതെപോയ വിവേകം അത്രയധികമില്ലാത്ത ഒരാള്‍ക്ക് കിട്ടിയപ്പോള്‍ മനുഷ്യത്വത്തിന് കൈവന്ന വജ്രശോഭ നോക്കുക. ഒരു കാര്യം ഓര്‍മ്മവെച്ചേ മതിയാകൂ. 

പ്രളയം മനുഷ്യരിലെ അസുരന്മാരെയും ദേവാന്മാരെയും സമൂഹത്തിന് മുമ്പില്‍ കാണിച്ചു തന്നു. പ്രളയം പ്രകൃതിയിലെ അഴുക്ക് കഴുകിക്കളഞ്ഞെങ്കിലും മനുഷ്യ മനസ്സുകളില്‍ അതിപ്പോഴും കെട്ടിക്കിടക്കുന്നുണ്ട്. അതിനിനി ഏതു പ്രളയം വരേണ്ടിവരും തമ്പുരാനെ...

************************************************

അര്‍നാബ് ഗോസ്വാമി ഇംഗ്ലീഷില്‍ പറഞ്ഞത് മനസ്സിലാകാത്തവര്‍ വെബ്‌സ്റ്റേഴ്‌സ് ഡിഷന്‍ട്രി എടുത്തു അര്‍ഥം നോക്കുക. പിന്നീട് എകെജി സെന്ററില്‍ പോയി കാര്യങ്ങള്‍ ഒന്നു വിശദീകരിച്ചുകൊടുക്കുക. 'ഹോട്ട് ഡോഗി'നെ 'ചൂട് പട്ടി'യാക്കി 2009 ജൂലായ് 6 ന് നേര് നേരത്തെപറയുന്ന പത്രത്തില്‍ കൊടുത്തതല്ലേ? ആയതിനാല്‍ അര്‍നാബിനിട്ടും ഒരു മുട്ടനടി ആവാം. പിള്ളേരേ.

 കെ മോഹൻദാസ്

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.