അതിരുവിടുന്ന സാമൂഹിക മാധ്യമങ്ങള്‍

Tuesday 28 August 2018 2:54 am IST

ആധുനിക യുഗത്തില്‍ ആശയ വിനിമയം നടക്കുന്നത് ഓണലൈന്‍ മാധ്യമങ്ങളിലൂടെയും സാമൂഹ്യ മാധ്യമങ്ങളായ ഫേസ് ബുക്കും വാട്ട്സാപ്പും ട്വിട്ടറിലൂടെയുമൊക്കെയാണ്. എന്നാല്‍ എതിരാളികളെ തിരഞ്ഞു പിടിച്ചു വ്യക്തിഹത്യ നടത്താനും സ്വന്തം പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാനുമൊക്കെ ഇന്ന് ഇത്തരം മാധ്യമങ്ങള്‍ കാര്യമായി ഉപയോഗിക്കപ്പെടുന്നു. ആടിനെ പട്ടിയാക്കാനും പട്ടിയെ ആടാക്കുാനുമുള്ള സൂത്രപ്പണികളൊക്കെ കൃത്യമായി അറിയാവുന്ന തന്ത്രശാലികളായ ഒരു സംഘം തന്നെ പലപ്പോഴും ഇത്തരം ജോലികള്‍ക്കായി നിയമിക്കപ്പെടാറുമുണ്ട്. ഒട്ടുമിക്ക കുറ്റകൃത്യങ്ങളിലും ഇന്റര്‍നെറ്റ് ഇലക്ട്രോണിക് മാധ്യമങ്ങളുടെ പങ്ക് ഏറി വരുന്ന സാഹചര്യമാണുള്ളത്. ഇന്റര്‍നെറ്റും സാമൂഹികമാധ്യമങ്ങളും നല്‍കുന്ന നല്ല സൗകര്യത്തിന് ഒരു ഇരുണ്ട മറുവശമുണ്ടെന്നാണ് സമീപകാലത്തുണ്ടായ ഒട്ടേറെ സംഭവങ്ങള്‍ തെളിയിക്കുന്നത്. 

കള്ളപ്രചാരണം, വ്യക്തിഹത്യ, മതദ്വേഷമുണ്ടാക്കല്‍, അപവാദപ്രചാരണം തുടങ്ങിയവയ്‌ക്കെല്ലാം സാമൂഹിക മാധ്യമങ്ങളെ കരുവാക്കുന്ന അപകടകരമായ ദുശ്ശീലം പെരുകിവരുകയാണു നമ്മുടെ സമൂഹത്തില്‍. വാട്‌സാപ്പ് വഴി ഹര്‍ത്താലാഹ്വാനം നല്‍കിയതും ഉന്നത ശ്രണികളില്‍ ഇരിക്കുന്നവര്‍ക്ക് നേരെ വധഭീഷണികള്‍ മുഴക്കുന്നതും, ജീവിച്ചിരിക്കുന്നവരെ മരിച്ചെന്നു പ്രചരിപ്പിച്ചതുമായ സംഭവങ്ങള്‍ ഉദാഹരണം മാത്രം.  

കേരളത്തെ അപ്പാടെ ബാധിച്ച പ്രളയത്തില്‍ സാമൂഹിക മാധ്യമങ്ങള്‍ വഹിച്ച പങ്ക് സ്തുത്യര്‍ഹമാണ്. എന്നാല്‍ ഇതിനിടയിലും ചില സൈബര്‍ കുറ്റവാളികള്‍ വ്യാജ പ്രചരണമുള്‍പ്പെടെ നടത്തി ജനങ്ങളെ ഭയചകിതരാക്കാനും ശ്രമിച്ചു. ഇത്തരം സൈബര്‍ കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ വ്യക്തമായ നടപടികളെടുക്കുവാനും ഇവയ്‌ക്കെതിരെ വ്യാപകമായ ബോധവത്ക്കരണമുള്‍പ്പെടെയുള്ളവ നടത്താനും അധികൃതര്‍ തയ്യാറാകണം.

പ്രിയ, പുനലൂര്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.