കാലവര്‍ഷം തകര്‍ത്തെറിഞ്ഞത് ഇടുക്കിയുടെ സ്വപ്‌നങ്ങളെ

Tuesday 28 August 2018 2:55 am IST

ഇടുക്കി: കാലവര്‍ഷം ഇടുക്കിയെ ഒന്നാകെ ദുരിതക്കയത്തിലേക്ക് തള്ളിയിട്ടതായി പുറത്തു വന്ന കണക്കുകള്‍ വ്യക്തമാക്കുന്നു. ഏവരും സ്‌നേഹത്തോടെ മിടുക്കിയെന്ന ഓമനപ്പേരില്‍ വിളിക്കുന്ന മലയോര ജില്ലയുടെ കണ്ണീര്‍ പുറംലോകം അറിഞ്ഞത് വളരെ വൈകിയാണ്. ചെറിയൊരളവ് നാശത്തിന്റെ തോത് പുറത്തുവരുമ്പോഴും ഇനിയും എത്രയോ ഇരട്ടി വെളിയില്‍ വരാനുണ്ട്.

കലിതുള്ളിയെത്തിയ കാലവര്‍ഷത്തില്‍ 11339.64 ഹെക്ടര്‍ സ്ഥലത്തെ കൃഷിയാണ് നശിച്ചത്. 56 പേരുടെ മരണം സ്ഥിരീകരിച്ചപ്പോള്‍ ഉരുള്‍പൊട്ടലില്‍ മാത്രം രണ്ടാഴ്ചക്കിടെ മരിച്ചത് 46 പേരാണ്. 1200 വീടുകള്‍ പൂര്‍ണ്ണമായും 2266 എണ്ണം ഭാഗികമായും നശിച്ചു. രണ്ട് സ്‌കൂളുകള്‍ പൂര്‍ണമായും തകര്‍ന്നു. 2159 കിലോ മീറ്റര്‍ റോഡിനും നാശം.

കാലവര്‍ഷത്തില്‍ ജില്ലയില്‍ 278 സ്ഥലത്ത് ഉരുള്‍പൊട്ടലും 1800ലേറെ സ്ഥലങ്ങളില്‍ മണ്ണിടിച്ചിലും ഉണ്ടായെന്ന് ജില്ലാ കളക്ടര്‍ കെ. ജീവന്‍ ബാബു പറഞ്ഞു. കാലവര്‍ഷക്കെടുതി സംബന്ധിച്ച അവലോകനയോഗത്തില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 19 ഉരുള്‍പൊട്ടലിലായി 46 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ കാലവര്‍ഷക്കെടുതിയില്‍ 56 പേരാണ് മരിച്ചത്. ഏഴുപേരെ കാണാതായിട്ടുണ്ട്. 56 പേര്‍ക്ക് പരിക്കേറ്റു. വീടുകള്‍ നശിച്ച സംഭവത്തില്‍ മാത്രം 46.40 കോടിയുടെ നാശനഷ്ടമാണ് പ്രാരംഭമായി കണക്കാക്കിയിരിക്കുന്നത്. ഇടുക്കി താലൂക്കില്‍ 564, ദേവികുളത്ത് 131, ഉടുമ്പന്‍ചോലയില്‍ 210 , പീരുമേട് 248, തൊടുപുഴയില്‍ 47 എന്നിങ്ങനെ വീടുകള്‍ പൂര്‍ണമായും തകര്‍ന്നു.  

മെയ് മാസത്തില്‍ അതിശക്തമായ മഴയിലും കാറ്റിലും കോടിക്കണക്കിന് രൂപയുടെ കൃഷിനാശം ഉണ്ടായിരുന്നു. ഇതിന് പിന്നാലെ കാലവര്‍ഷത്തില്‍ 61.64 കോടിയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്. ഇതുകൂടാതെ നിരവധി കര്‍ഷകരുടെ ഭൂമി വീണ്ടും കൃഷിചെയ്യാനാകാത്ത വിധത്തില്‍ ഇല്ലാതായി. ഭൂമി വിണ്ട് കീറലും, ഇടിഞ്ഞ് താഴുന്നതും തുടര്‍ന്ന് വരികയാണ്. അധികം സ്ഥലങ്ങളും മണ്ണിടിഞ്ഞ് വീഴലും ഉരുള്‍പൊട്ടലും മൂലമാണ് തകര്‍ന്നത്.

11 സ്‌കൂളുകള്‍ക്കും 11 അങ്കണവാടികള്‍ക്കും നാശനഷ്ടം ഉണ്ടായി. ആനവിരട്ടി എല്‍പി സ്‌കൂള്‍, വിജ്ഞാനം എല്‍പി സ്‌കൂള്‍ മുക്കുടം എന്നിവ പൂര്‍ണമായും തകര്‍ന്നു. 

ദേശീയ പാതയില്‍ 148 കിലോമീറ്റര്‍ റോഡിനും പൊതുമരാമത്ത് വകുപ്പിന്റെ 1145.78 റോഡുകള്‍ക്കും പഞ്ചായത്തിന്റെ 865.93 കിലോമീറ്റര്‍ റോഡിനും നാശനഷ്ടമുണ്ടായി. 13 ട്രാന്‍സ്ഫോര്‍മറുകള്‍ക്കാണ് നാശനഷ്ടമുണ്ടായത്. 1500 വീടുകള്‍ക്കുള്ള വൈദ്യുതി ബന്ധം ഇനിയും പുനഃസ്ഥാപിക്കാനായിട്ടില്ല. 

കുത്തുങ്കല്‍, സേനാപതി സബ്സ്റ്റേഷനുകളുടെ നന്നാക്കല്‍ പുരോഗമിക്കുകയാണ്. ചെറുതോണി ഗാന്ധിനഗര്‍ കോളനിയിലെ 2200 താമസക്കാര്‍ വൈദ്യുതിയും വെള്ളവും ഇല്ലാതെ വലയുകയാണ്. ചെറുതോണി ടൗണ്‍ വിളിപ്പുറത്തുണ്ടായിട്ടും പാലം ഇല്ലാതായതോടെ ഒറ്റപ്പെട്ട അവസ്ഥയിലാണ് ഈ ജനത. മൂന്നാറിലെയും ദുരിതത്തിന് അയവ് വന്നിട്ടില്ല. ജില്ലയില്‍ പന്നിയാര്‍കുട്ടി ഉള്‍പ്പെടെയുള്ള ചില ഗ്രാമങ്ങളില്‍ ജനജീവിതം തന്നെ ഇല്ലാതായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.