ജേക്കബ് തോമസിന്റെ സസ്‌പെന്‍ഷന്‍ നീട്ടി

Tuesday 28 August 2018 2:58 am IST

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനേയും അഴിമതിയേയും ചേര്‍ത്ത് സര്‍ക്കാരിനെതിരെ  പ്രസംഗിച്ച ഡി.ജി.പി ജേക്കബ് തോമസിന്റെ സസ്‌പെന്‍ഷന്‍ കാലാവധി നാല് മാസത്തേക്ക് കൂടി നീട്ടി. ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയുടെ ശുപാര്‍ശ അനുസരിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി.

സര്‍ക്കാരിനെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് ജേക്കബ് തോമസിനെ സസ്‌പെന്‍ഡ് ചെയ്തത് ഡിസംബറില്‍ കേന്ദ്രം തടഞ്ഞിരുന്നു. തുടര്‍ന്ന്, അനുവാദമില്ലാതെ പുസ്തകമെഴുതിയെന്ന കാരണം ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തു. അദ്ദേഹത്തിനെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടു. ഇത് പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് സസ്‌പെന്‍ഷന്‍ നീട്ടിയത്.

എട്ട് മാസമായി സസ്‌പെന്‍ഷനിലാണ് ജേക്കബ് തോമസ്. ഒരു വര്‍ഷം വരെ ഐ.പി.എസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഷനില്‍ നിറുത്താനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനുണ്ട്. എന്നാല്‍, അതിന് ശേഷം സസ്‌പെന്‍ഷന്‍ നീട്ടണമെങ്കില്‍ കേന്ദ്രത്തിന്റെ അനുമതി വാങ്ങണം. നാല് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനാണ് സര്‍ക്കാരിന്റെ നീക്കം.

'കേരളത്തിലെ ഭരണസംവിധാനത്തിലെ വിവിധ താത്പര്യങ്ങള്‍' എന്ന വിഷയത്തില്‍ ഗാന്ധി സ്മാരക സമിതി സംഘടിപ്പിച്ച സംവാദം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു ജേക്കബ് തോമസ് വിവാദ പരാമര്‍ശം നടത്തിയത്. സംസ്ഥാനത്ത് നിയമവാഴ്ച പൂര്‍ണമായി തകര്‍ന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.