ജിദ്ദ: ഇന്ത്യയിലെ മുസ്ലിങ്ങളാണ് ഏറ്റവും സുരക്ഷിതരെന്ന് സൗദി യുവതി അയിഷ ഫഹദ. ഇസ്ലാമിക രാജ്യങ്ങളിലേക്കാള്‍ സുരക്ഷിതരാണ് ഇന്ത്യയിലെ മുസ്ലിങ്ങള്‍. ക്വാറയെന്ന ഓണ്‍ലൈന്‍ മാധ്യമം സംഘടിപ്പിച്ച ചോദ്യോത്തര വേദിയില്‍ അവര്‍ തുറന്ന് ഇന്ത്യയെ പ്രശംസിച്ചു. സ്വീഡനില്‍ താമസിക്കുന്ന സൗദി അറേബ്യന്‍ വനിതയാണ് അയിഷ.
പാക്കിസ്ഥാനും തുര്‍ക്കിയും സൗദിയും ഒത്തുചേര്‍ന്ന് ഇന്ത്യയെ ആക്രമിച്ച് മുസ്ലീങ്ങളെ രക്ഷപ്പെടുത്തിക്കൂടേയെന്നായിരുന്നു ഒരു ചോദ്യം. ഇതിന് നൂറിലേറെ ഉത്തരങ്ങളുണ്ട്. അവയില്‍ തികച്ചും വ്യത്യസ്തമായ ഒന്നായിരുന്നു അയിഷയുടേത്.
അതിങ്ങനെ;
ഞാന്‍ ഇന്ത്യക്കാരിയല്ല, പക്ഷെ ഒരു കാര്യം ഉറപ്പ്, ഇസ്ലാമിക രാജ്യങ്ങളില്‍ ജീവിക്കുന്ന മുസ്ലിങ്ങളേക്കാള്‍ സുരക്ഷിതരാണ് ഇന്ത്യയിലെ മുസ്ലിങ്ങള്‍. ഇസ്ലാമിക രാജ്യങ്ങളില്‍ ശരിയത്ത് നിയമമാണ്. അവ മനുഷ്യാവകാശങ്ങള്‍ക്ക് എതിരാണ്, അങ്ങേയറ്റം ഏകാധിപത്യപരമാണ്.
ഞാന്‍ സൗദി യുവതിയാണ്. കുട്ടിക്കാലം മുഴുവന്‍ സൗദിയിലാണ് കഴിഞ്ഞത്. ആറു വയസുള്ളപ്പോള്‍ മുതല്‍ ധാരാളം വധശിക്ഷകള്‍ കാണുന്നുണ്ട്. ഇസ്ലാം മതം ഉപേക്ഷിച്ചതിന് ഒരാളുടെ തലയറുക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. മോഷ്ടിച്ചതിന് ഒരു കള്ളന്റെ ഇടതു കൈ മുറിച്ചുകളയുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഇസ്ലാമില്‍ പാപമായ സ്വവര്‍ഗരതി നടത്തിയതിന് മൂന്നു പേരെ കെട്ടിടത്തിനു മുകളില്‍ നിന്ന് താഴേക്കെറിഞ്ഞുകൊല്ലുന്നത് കണ്ടിട്ടുണ്ട്. ശരിയത്ത് നിയമം നിലനില്‍ക്കുന്നതിനാലാണ് ഇത്തരം അതിക്രൂരമായ സംഗതികള്‍ ഇസ്ലാമിക രാജ്യങ്ങളില്‍ നടക്കുന്നത്.
എന്നാല്‍ ഇന്ത്യയില്‍ ഇന്ത്യക്കാരെ ഭരിക്കുന്നത് ഭരണഘടനയാണ്. അതില്‍ ലിംഗ സമത്വമുണ്ട്, അതില്‍ നിറയെ മനുഷ്യാവകാശങ്ങളാണ്. ലോകത്തെ ഏറ്റവും നല്ല ജനാധിപത്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. 22 വയസു മുതല്‍ ഞാന്‍ സ്വീഡനിലാണ് താമസിക്കുന്നത്. എന്റെ ആണ്കൂട്ടുകാരന് ഇന്ത്യക്കാരനാണ്. ഞങ്ങള്‍ ഒരുമിച്ച് കഴിഞ്ഞ വര്‍ഷം ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. ഞാന്‍ ഇത് പറയുമ്പോള്‍ എന്നെ വിശ്വസിക്കുക, ഇന്ത്യക്കാര്‍ക്ക് സ്വര്‍ണം കൊണ്ടുള്ള ഹൃദയമാണ്. അവര്‍ മതേതരരാണ്, എന്നും അങ്ങനെ ആയിരിക്കും. ഞാന്‍ സൗദിയില്‍ ജീവിച്ചിരുന്നെങ്കില്‍ പാര്‍ട്ടികളില്‍ പങ്കെടുത്തതിന്, വിസ്കി കുടിച്ചതിന്, ഷെറി വീഞ്ഞ് കഴിച്ചതിന് എന്റെ തലവെട്ടിയേനെ. വിവാഹത്തിനു മുന്‍പ് പതിനഞ്ചാം വയസില്‍ തന്നെ ലൈംഗിക ബന്ധം നടത്തിയതിന് എന്റെ ആണ് സുഹൃത്തിന്റെയും തല വെട്ടിയേനെ.
പാക്കിസ്ഥാനും തുര്‍ക്കിയും സൗദി അറേബ്യയും ഇന്ത്യന്‍ മുസ്ലിങ്ങളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനു പകരം സ്വന്തം ജനങ്ങളുടെ ക്ഷേമത്തിലാണ് അവര്‍ ശ്രദ്ധിക്കേണ്ടത്. ഇന്ത്യയിലെ മുസ്ലിങ്ങള്‍ വളരെ നല്ല നിലയ്ക്കാണ് ജീവിക്കുന്നത്, അത്ഭുതകരമായ ജീവിതമാണ് അവര്‍ക്കുള്ളതും, അയിഷ എഴുതി. അയിഷയുടെ കുറിപ്പിന് 16000 ലേറെ വോട്ടാണ് ലഭിച്ചത്. 200ലേറെ പേരാണ് ഷെയര്‍ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: