ലൈംഗികാരോപണം: കര്‍ദ്ദിനാളിനെ സംരക്ഷിച്ച മാര്‍പ്പാപ്പ രാജിവെക്കണമെന്ന് ആവശ്യം

Tuesday 28 August 2018 3:01 am IST

വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥാനം ഒഴിയണമെന്ന ആവശ്യവുമായി വത്തിക്കാനിലെ പ്രതിനിധി സംഭാംഗമായിരുന്ന ആര്‍ച്ച് ബിഷപ്പ് കാര്‍ലോ മരിയ വിഗാനോ. ലൈംഗികാരോപണം നേരിട്ട വാഷിംഗ്ടണ്‍ മുന്‍ കര്‍ദിനാള്‍ തിയഡോര്‍ മക് കാരിക്കിനെ മാര്‍പാപ്പ സംരക്ഷിച്ചെന്നാണ് ആര്‍ച്ച് ബിഷപ്പ് വിഗാനോ ആരോപിക്കുന്നത്. 

11 പേജ് കത്തിലൂടെയാണ് മാര്‍പാപ്പയ്‌ക്കെതിരെ കാര്‍ലോ മരിയോ വിഗാനോ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. കര്‍ദിനാള്‍ തിയഡോര്‍ പുരോഹിതരോടും സെമിനാരിയിലുള്ള വിദ്യാര്‍ത്ഥികളോടും വളരെ മോശമായാണ് പെരുമാറിയിരുന്നത്. ഇക്കാര്യം ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കും വ്യക്തമായി അറിയാമായിരുന്നു. എന്നാല്‍ നടപടിയെടുക്കാന്‍ അദ്ദേഹം തയാറായില്ല, പല തവണ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും കണ്ടില്ലെന്ന് നടിക്കുകയായിരുന്നുവെന്നും കത്തില്‍ ആരോപിക്കുന്നു.

കര്‍ദിനാളിനെതിരെ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ എടുത്ത നടപടി റദ്ദാക്കിയെന്ന ഗുരുതര ആരോപണവും ആര്‍ച്ച് ബിഷപ്പ് കാര്‍ലോ മരിയോ വിഗാനോ ഫ്രാന്‍സിസ് മാര്‍പാപ്പയ്‌ക്കെതിരെ ഉന്നയിക്കുന്നു. ലൈംഗീകാതിക്രമങ്ങള്‍ക്കെതിരെ മാര്‍പാപ്പ നിലപാട് വ്യക്തമാക്കിയ സാഹചര്യത്തില്‍ സഭയുടെ അഭിമാനം സംരക്ഷിക്കാന്‍ അദ്ദേഹം സ്വയം രാജിവെച്ച് പുറത്ത് പോകണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ പുരോഹിതരുടെ പീഡനങ്ങളില്‍ ശക്തമായ നിലപാടെടുക്കുകയും വിമര്‍ശിക്കുകയും ചെയ്തതിന് പിന്നാലെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പയ്‌ക്കെതിരെ ആരോപണവുമായി കാര്‍ലോ മരിയ വിഗാനോ രംഗത്ത് എത്തിയിരിക്കുന്നത്. പുരോഹിതര്‍ക്കെതിരെ ഒട്ടേറെ പീഡന പരാതികള്‍ ഉയര്‍ന്നു വരുന്ന വേളയില്‍ കുറ്റാരോപിതര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാത്തത് വേദനാജനകവും സഭയ്ക്ക് നാണക്കേടുമാണെന്ന് മാര്‍പാപ്പ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിനെതിരെതന്നെ ആരോപണം ഉയര്‍ന്നിരിക്കുന്നത്. ആരോപണങ്ങളോട് മാര്‍പാപ്പയോ വത്തിക്കാന്‍ വൃത്തങ്ങളോ ഇതുവരെ പ്രതികരിക്കാന്‍ തയാറായിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.