ഗോൾഡൻ ചോപ്ര

Tuesday 28 August 2018 3:04 am IST

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്‌സില്‍ ഇന്ത്യ കുതിപ്പ് തുടരുന്നു. യുവ താരം നീരജ് ചോപ്ര ജാവലില്‍ ത്രോയില്‍ സുവര്‍ണ വിജയം കൊയ്ത് പുത്തന്‍ ചരിത്രമെഴുതി. മലയാളിയായ നീനയും തമിഴ്‌നാട്ടുകാരന്‍ ധരുണ്‍ അയ്യസ്വാമിയും ഉത്തര്‍പ്രദേശിന്റെ സുധാ സിങ്ങും ഇന്നലെ വെള്ളി മെഡലും കരസ്ഥമാക്കി. ഇതാദ്യമായാണ് ഇന്ത്യ ഏഷ്യന്‍ ഗെയിംസ് ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടുന്നത്. ഷോട്ട്പുട്ടിലും ജാവലിന്‍ ത്രോയിലും ഇതാദ്യമായാണ് ഇന്ത്യ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടുന്നത്. ആദ്യ ദിനത്തില്‍ തേജീന്ദര്‍പാല്‍ സിങ് ഷോട്ട്പുട്ടില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു.

ഇന്ത്യന്‍ ജനതയുടെ പ്രതീക്ഷ കാത്ത നീരജ് ചോപ്ര 88.06 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ പായിച്ച് പുത്തന്‍ ദേശീയ റെക്കോഡോടെയാണ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ദോഹയില്‍ നടന്ന ഡയമണ്ട് ലീഗില്‍ നീരജ് തന്നെ സ്ഥാപിച്ച 87.43 മീറ്ററിന്റെ റെക്കോഡാണ് തകര്‍ന്നത്. ചൈനയുടെ ല്യു കിസെന്‍ (82.22 മീറ്റര്‍) വെളളിയും പാകിസ്ഥാന്റെ നീദം അര്‍ഷാദ് (80.75 മീറ്റര്‍) വെങ്കലവും നേടി.  ഇന്ത്യയുടെ മറ്റൊരു താരമായ ശിവപാല്‍ സിങ്ങിന് എട്ടാം സ്ഥാത്തെത്താനേ കഴിഞ്ഞൂള്ളു. സ്വര്‍ണമെഡല്‍ അന്തരിച്ച മുന്‍ പ്രധാനമന്ത്രി വാജ്‌പേയിക്ക് സമര്‍പ്പിക്കുകയാണെന്ന് മത്സരശേഷം ധീരജ് പറഞ്ഞു.

വനിതകളുടെ ലോങ് ജമ്പിലാണ് മലയാളിതാരം നീന വെള്ളി മെഡല്‍ നേടിയത്. 6.51 മീറ്റര്‍ ദൂരം ചാടിക്കടന്നാണ് രണ്ടാം സ്ഥാനത്തെത്തിയത്. വിയറ്റ്‌നാമിന്റെ തിയുവിനാന് സ്വര്‍ണം. അവസാന ലാപ്പില്‍ കുതിച്ചോടിയാണ് ധരുണ്‍ അയ്യസാമി 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ വെളളി മെഡല്‍ നേടിയത്. നാലാം സ്ഥാനത്ത് നിന്ന് രണ്ടാം സ്ഥാനത്തേക്ക് ഓടിക്കയറുകയായിരുന്നു. 48.96 സെക്കന്‍ഡിലാണ് തമിഴ്‌നാട്ടുകാരനായ ധരുണ്‍ രണ്ടാമനായത്. ഇത് പുതിയ ദേശീയ റെക്കോഡാണ്. 

ഖത്തറിന്റെ സാംബ അബ്ദുറഹ്മാന്‍ 47.66 സെക്കന്‍ഡില്‍ സ്വര്‍ണം ഓടിയെടുത്തു. ജപ്പാന്റെ അബേ തകതോഷിക്കാണ് വെങ്കലം. സമയം: 49.12 സെക്കന്‍ഡ്. മറ്റൊരു ഇന്ത്യന്‍ താരമായ സന്തോഷ് കുമാറിന് അഞ്ചാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളൂ.

വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ മലയാളിയായ അനു രാഘവന്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മറ്റൊരു ഇന്ത്യന്‍ താരമായ  ജോന മുര്‍മു അഞ്ചാമതായി ഫിനിഷ് ചെയ്തു. വനിതകളുടെ മൂവായിരം മീറ്റര്‍ സ്റ്റീപ്പിള്‍ ചെയ്‌സില്‍ 9.40.03 മിനിറ്റിലാണ് സുധാസിങ്ങ് രണ്ടാം സ്ഥാനം നേടിയത്. ബഹ്‌റിന്റെ വിന്‍ഫ്രെഡ് യാവി സ്വര്‍ണം  (9:36.52 മിനിറ്റ്) നേടി. 

അതേസമയം പുരുഷന്മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചെയ്‌സില്‍ ഇന്ത്യയുടെ ശങ്കര്‍ ലാല്‍ സ്വാമിക്ക് എട്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. മലയാളിയായ ജിന്‍സണ്‍ ജോണ്‍സണ്‍ പരുഷന്മാരുടെ 800 മീറ്ററിന്റെ ഫൈനലില്‍ കടന്നു. ഹീറ്റ്‌സില്‍ ഒരു മിനിറ്റ് 47.39 സെക്കന്‍ഡില്‍ ഒന്നാം സ്ഥാനം നേടിയാണ് ഫൈനലില്‍ കടന്നത്.

മെഡല്‍ നിലയില്‍ ഇന്ത്യ ഒമ്പതാം സ്ഥാനത്താണ്. എട്ട് സ്വര്‍ണവും പതിമൂന്ന് വെള്ളിയും ഇരുപത് വെങ്കലവും ലഭിച്ചിട്ടുണ്ട്. 85 സ്വര്‍ണമുള്‍പ്പെടെ 190 മെഡലുകളുമായി ചൈനയാണ് ഒന്നാം സ്ഥാനത്ത്. 62 വെളളിയും 43 വെങ്കലവും അവര്‍ക്ക് ലഭിച്ചിട്ടുണ്ട്. രണ്ടാം സ്ഥാനത്തുളള  ജപ്പാന് 43 സ്വര്‍ണവും 36 വെള്ളിയും  57 വെങ്കലവുമുണ്ട്. കൊറിയന്‍ റിപ്പബ്‌ളിക് 28 സ്വര്‍ണവും 36 വെള്ളിയും 41 വെങ്കലവുമായി മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.