ചരിത്രമെഴുതി സിന്ധു; വെള്ളി മെഡല്‍ ഉറപ്പായി

Tuesday 28 August 2018 3:05 am IST

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണിന്റെ വനിതാ സിംഗിള്‍സ് ഫൈനലിലെത്തി പി.വി. സിന്ധു ചരിത്രം കുറിച്ചു. സെമിഫൈനലില്‍ ജപ്പാന്റെ ലോക രണ്ടാം നമ്പറായ അകയെ യാമാഗൂച്ചിയെ പരാജയപ്പെടുത്തി. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ താരം ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണിന്റെ വനിതാ സിംഗിള്‍സ് ഫൈനലിലെത്തുന്നത്.

അറുപത്തിയാറു മിനിറ്റ് ദീര്‍ഘിച്ച പോരാട്ടത്തില്‍ ഒന്നിനെതിരെ മൂന്ന് ഗെയിമുകള്‍ക്കാണ് സിന്ധു വിജയം നേടിയത്. സ്‌കോര്‍: 21-17, 15-21, 21-10. സ്വര്‍ണത്തിനായുള്ള കലാശപ്പോരാട്ടത്തില്‍ സിന്ധു ലോക ഒന്നാം നമ്പറായ തായ് സൂ സിങ്ങിനെ നേരിടും. ജയിച്ചാല്‍ സിന്ധുവിന് സ്വര്‍ണം. തോറ്റാല്‍ വെള്ളി.

ഇന്ത്യയുടെ തന്നെ സൈന നെഹ്‌വാളിനെ അനായാസം മറികടന്നാണ് തായ് സു യിങ് ഫൈനലിലെത്തിയത്. നേരിട്ടുളള സെറ്റുകള്‍ക്കാണ് സൈന കീഴടങ്ങിയത്. സ്‌കോര്‍ 17-21, 14-21. സെമിയില്‍ തോറ്റ സൈനയ്ക്ക് വെങ്കലം ലഭിച്ചു.

അകനെ യാമഗൂച്ചിക്കെതിരായ സെമിയില്‍ സിന്ധുവിന്റെ തുടക്കം മോശമായി. പക്ഷെ പിന്നീട് പിഴവില്ലാത്ത കളി കാഴ്ചവച്ചതോടെ 11-8 ന് മുന്നിലെത്തി. ലീഡ് നിലനിര്‍ത്തിയ സിന്ധു 20-17 ന് ഗെയിം നേടി. എന്നാല്‍ രണ്ടാം ഗെയിമില്‍ യാമാഗൂച്ചി ശക്തമായി തിരിച്ചുവന്നു. സിന്ധു പിഴവുകള്‍ ആവര്‍ത്തിച്ചതോടെ 20-15 ന് യാമാഗൂച്ചി ഗെയിം നേടി. മൂന്നാം സെറ്റില്‍ സിന്ധു സമ്പൂര്‍ണ ആധിപത്യം സ്ഥാപിച്ചു. പത്ത് പോയിന്റ് മാത്രം വിട്ടു നല്‍കി ഗെയിമും വിജയവും സ്വന്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.