ഡിഎംകെയ്ക്ക് പുതുയുഗപ്പിറവി; സ്റ്റാലിന്‍ പ്രസിഡന്റായി

Tuesday 28 August 2018 10:06 am IST

ചെന്നൈ: കലൈഞ്ജര്‍ എം. കരുണാനിധി അലങ്കരിച്ചിരുന്ന ഡിഎംകെ അധ്യക്ഷ പദവി ഇനി മകന്. എം.കെ. സ്റ്റാലിനെ പാര്‍ട്ടി അധ്യക്ഷനായി ഏകകണ്ഠമായി തെരഞ്ഞെടുത്തു. തുടര്‍ന്ന് വൈകിട്ട് നടന്ന ചടങ്ങില്‍ അദ്ദേഹം സ്ഥാനമേറ്റെടുത്തു. മുതിര്‍ന്ന നേതാവ് എസ്. ദുരൈ മുരുകനാണ് ട്രഷറര്‍.

1969 മുതല്‍ 49 കൊല്ലം പാര്‍ട്ടി അധ്യക്ഷ പദവി വഹിച്ചിരുന്ന കരുണാനിധി ഈ മാസം ഏഴിനാണ് മരണമടഞ്ഞത്.

ഇന്നലെ രാവിലെ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന കൗണ്‍സില്‍ യോഗത്തില്‍ ജനറല്‍ സെക്രട്ടറി കെ. അന്‍പഴകനാണ് സ്റ്റാലിന്റെയും ദുരൈമുരുകന്റെയും പേരുകള്‍ പ്രഖ്യാപിച്ചത്. സ്റ്റാലിനു വേണ്ടി 1307 നാമനിര്‍ദ്ദേശങ്ങളാണ് ലഭിച്ചതെന്ന് അന്‍പഴകന്‍ പറഞ്ഞു. ആരും സ്റ്റാലിനെതിരെ മത്സരിച്ചില്ല. അതിനാല്‍ സ്റ്റാലിനെ പാര്‍ട്ടി അധ്യക്ഷനായി പ്രഖ്യാപിക്കുകയാണ്. നിലയ്ക്കാത്ത കൈയടികള്‍ക്കിടയില്‍ അദ്ദേഹം പറഞ്ഞു. ഈ സമയം പുറത്ത് ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ച് മുദ്രാവാക്യം മുഴക്കി. 

ഇന്നലെ രാവിലെ ഗോപാലപുരത്തെ കരുണാനിധിയുടെ വസതിയില്‍ എത്തി അമ്മ ദയാലു അമ്മാളെ കണ്ട് അനുഗ്രഹം വാങ്ങിയാണ് സ്റ്റാലിന്‍ പാര്‍ട്ടി ആസ്ഥാനത്തേക്ക് പുറപ്പെട്ടത്. പാര്‍ട്ടി യുവജനവിഭാഗം സെക്രട്ടറി, പാര്‍ട്ടി ജനറല്‍ സെക്രട്ടറി, ട്രഷറര്‍, വര്‍ക്കിങ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 96 മുതല്‍ 2001വരെ ചെന്നൈ മേയറായിരുന്നു. 2006ല്‍ കരുണാനിധി സര്‍ക്കാരില്‍ തദ്ദേശ മന്ത്രിയായിരുന്നു. 2009ല്‍ ഉപമുഖ്യമന്ത്രി. ആറു തവണ എംഎല്‍എയായ സ്റ്റാലിന്‍ അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റിലായിരുന്നു.

അധികാരമേറ്റ സ്റ്റാലിന്‍ തുടക്കത്തില്‍ തന്നെ കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. കരുണാനിധി തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ മകനും സ്റ്റാലിന്റെ മൂത്ത സഹോദരനുമായ എംകെ അഴഗിരി അഴിച്ചുവിട്ട കലാപം ശമിപ്പിക്കുകയാണ് ആദ്യ ദൗത്യം. തന്നെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവും അഴഗിരി ഉന്നയിച്ചിട്ടുണ്ട്. കരുണാനിധിയോട് കൂറുള്ളവരെല്ലാം തനിക്കൊപ്പമുണ്ടെന്നാണ് അഴഗിരിയുടെ അവകാശവാദം.

തിരുപ്രംകുണ്ട്രം, തിരുവാരൂര്‍ ഉപതെരഞ്ഞെടുപ്പുകളാണ് അടുത്ത വെല്ലുവിളി. ഇവിടങ്ങളില്‍ ജയിച്ചാല്‍ സ്റ്റാലിന്റെ പ്രതിച്ഛായ മെച്ചപ്പെടും. 18 വിമത എഐഎഡിഎംകെ എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടി മദ്രാസ് ഹൈക്കോടതി അംഗീകരിച്ചാല്‍ ഉപതെരഞ്ഞെടുപ്പ് 20 സീറ്റുകളിലാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.