പ്രളയബാധിതരുടെ കണ്ണീരൊപ്പാന്‍ ജഡ്ജിമാര്‍ക്കൊപ്പം ദല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകരും

Tuesday 28 August 2018 12:41 pm IST
. "നിങ്ങൾ ചെയ്യണം, പിന്നോട്ട് എന്ന വാക്കില്ല, നമ്മൾ മുന്നോട്ട്.ഇതു ചെയ്യാൻ നിങ്ങൾക്ക് കഴിഞ്ഞാൽ , നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും നല്ല കാര്യമായിരിക്കും".

ന്യൂദല്‍ഹി: കേരളത്തില്‍ പ്രളയക്കെടുതി അനുഭവിക്കുന്നവര്‍ക്ക് ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരുടെ സഹായഹസ്തം. ചീഫ് ജസ്റ്റിസ് അടക്കമുള്ളവരുടെ പിന്തുണയോടെ മാധ്യമപ്രവര്‍ത്തകര്‍ നടത്തിയ യജ്ഞത്തിലൂടെ വന്‍ തുകയാണ് കേരളത്തിലെ പ്രളയബാധിതര്‍ക്കായി സ്വരുക്കൂട്ടിയത്. ഈ പരിപാടിയുടെ വിജയത്തെ ആസ്പദമാക്കി മാതൃഭൂമി ന്യൂസിലെ മാധ്യമപ്രവര്‍ത്തക വിനയ ഫേസ്‌ബുക്കിലെഴുതിയ കുറിപ്പ് ഏതൊരു മാധ്യമപ്രവര്‍ത്തകനും അഭിമാനിക്കാവുന്നതാണ്.

ഫേസ് ബുക്ക് പോസ്റ്റ് വായിക്കാം

ഉറപ്പിച്ചു പറയാം. നമ്മൾ അതിജീവിക്കും. കാരണം നമുക്കൊപ്പം കൈകോർക്കാനും ഉറച്ച ചുവടുമായി നിൽക്കാനും ശബ്ദമേകാനും ഒന്നല്ല ഒരു പാട് പേരുണ്ട്. അതിൽ യാതൊരു ഭാവ ഭേദങ്ങളുമില്ല. ഭാഷയും മതവും ജാതിയും ഒന്നും വിഷയമല്ല, വിവേചന കാരണമല്ല. കേരളത്തിന് സഹായം തേടി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അടക്കമുള്ളവരുടെ പിന്തുണയോടെ ഇന്ന് ഡൽഹിയിൽ സംഘടിപ്പിച്ച പരിപാടിയാണ് ഇത് പറയാൻ ഞങ്ങൾക്ക് ആത്മവിശ്വാസം പകരുന്നത്. സുപ്രീം കോടതി കവർ ചെയ്യുന്ന ഞങ്ങൾ കുറേ മാധ്യമപ്രവർത്തകരായിരുന്നു പരിപാടിയുടെ സംഘാടകർ.

സഹപ്രവർത്തകരായ ബാലു ചേട്ടനും Balagopal. B. Nair ഉണ്ണിക്കുമൊപ്പം M Unni Krishnan ചീഫ് ജസ്റ്റിസ് കോടതിക്ക് മുന്നിൽ ഒരു ദിവസം തുടങ്ങിയ സംസാരമാണ് ഈ പരിപാടിയായത്. കേരളത്തിന് വേണ്ടി എന്തു ചെയ്യാൻ കഴിയുമെന്ന ഞങ്ങളുടെ ചെറിയ ആലോചനകൾക്ക് കൂട്ടായി സുപ്രീം കോടതി റിപ്പോർട്ട് ചെയ്യുന്ന പ്രിയപ്പെട്ട സഹപ്രവർത്തകർ എത്തി. ഇന്ത്യൻ എക്പ്രസിലെ അന്തേട്ടൻ , Ananthakrishnan Gopalakrishnan

ബാർ ആൻഡ് ബെഞ്ചിലെ മുരളീ, Murali Krishnan ഹിന്ദുസ്ഥാൻ ടൈംസിലെ ഭദ്ര സിൻഹ, Bhadra Sinha അശോക് ഭാഗ്റിയ , മെയിൽ ടുഡെയിലെ ഹരീഷ് വി നായർ, Harish V Nair ട്രിബ്യുണിലെ സത്യപ്രകാശ്, .ആ ചിന്ത വലുതായി. അതാണ് ഇന്ന് സുപ്രീം കോടതിക്ക് സമീപത്തെ ഇന്ത്യൻ സൊസൈറ്റി ഓഫ് ഇന്റർനാഷണൽ ലോയിൽ മുന്നനുഭവങ്ങൾ ഇല്ലാത്ത ഒരു പരിപാടിയായി മാറിയത്, ഞങ്ങൾക്ക് പുതിയ ചരിത്രവും.

ജസ്റ്റിസ് കുര്യൻ ജോസഫിന്റെ ഒരു വാക്കില്ലായിരുന്നെങ്കിൽ കേരളത്തെ സഹായിക്കാനുള്ള ഈ പരിപാടി യാഥാർഥ്യമാകാതെ ആലോചനകളിൽ തന്നെ അവസാനിക്കുമായിരുന്നു. "നിങ്ങൾ ചെയ്യണം, പിന്നോട്ട് എന്ന വാക്കില്ല, നമ്മൾ മുന്നോട്ട്.ഇതു ചെയ്യാൻ നിങ്ങൾക്ക് കഴിഞ്ഞാൽ , നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും നല്ല കാര്യമായിരിക്കും". കഴിഞ്ഞ ബുധനാഴ്ച രാത്രി മോത്തിലാൽ നെഹ്റു മാർഗിലെ കൂടിക്കാഴ്ചയിൽ അദ്ദേഹം പറഞ്ഞ ഈ വാക്കുകളാണ് അസാധ്യമെന്നു കരുതിയ ഈ പരിപാടിക്ക് ആണിക്കല്ലായത്. രക്ഷാധികാരിയായി ജസ്റ്റിസ് കുര്യൻ ജോസഫ് സാറിനെ കിട്ടിയതാണ് ഞങ്ങളുടെ ഏറ്റവും വലിയ ഭാഗ്യം. അത്ര അധികം പിന്തുണയാണ് അദ്ദേഹം നൽകിയത്.

■ വികാര നൗകയുമായി വന്ന ജസ്റ്റിസ് കെ.എം ജോസഫ്. മത്സ്യത്തൊഴിലാളികൾക്ക് ആദരവും അഭിവാദ്യവും.. പാട്ടു പാടുന്നതിനു മുൻപ് ജസ്റ്റിസ് കെ എം ജോസഫിന്റെ വാക്കുകൾ.

"ദുരന്തത്തിൽ നമുക്ക് ഭാഷയും ദേശവും മറ്റു വിവേചനങ്ങളുമില്ല, നമ്മൾ ഒറ്റ കെട്ടാണ്. കേരളത്തിന് വേണ്ടിയാണ് എന്റെ പാട്ട്. ഒരു ജഡ്ജിയായ ഞാൻ ഈ പാട്ടുപാടുന്നതിന് കാരണമുണ്ട്. മത്സ്യതൊഴിലാളികൾ ആണ് കേരളത്തിൽ പ്രളയമുണ്ടായപ്പോൾ ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ ഉടൻ തന്നെ രംഗത്തെത്തിയത്. അവർക്കുള്ള ആദരമാണ് ഈ പാട്ട്." ശേഷം പാടി തുടങ്ങി

"വികാരനൗകയുമായി

തിരമാലകളാടിയുലഞ്ഞു

കണ്ണീരുപ്പു കലർന്നൊരു മണലിൽ

വേളിപ്പുടവ വിരിഞ്ഞു

പാട്ടു തുടങ്ങിയപ്പോഴേക്കും സദസിലിരുന്ന ജഡ്ജിമാർ അടക്കമുള്ളവരുടെ നിലയ്ക്കാത്ത കയ്യടി. ചിലർ എഴുന്നേറ്റു നിന്ന് ആദരവ് അർപ്പിച്ചു. കാരണം അതിന് മുമ്പ് സംസാരിച്ച ജസ്റ്റിസ് കെ.എം ജോസഫ് ആയിരുന്നില്ല, വികാര നൗകയുമായി മത്സ്യത്തൊഴിലാളികൾക്ക് വേണ്ടിയുള്ള ആ പാട്ട് തുടർന്നു. പാട്ട് പൂർത്തിയാക്കുമ്പോൾ ഉയർന്നു കേട്ട് കയ്യടികൾ ദുരന്ത മുഖത്ത് സ്വന്തം ജീവൻ പോലും നോക്കാതെ വള്ളവുമായി ആഞ്ഞു തുഴഞ്ഞ കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടിയുള്ളത് കൂടിയാണ്. പരിപാടിയുടെ അവതരണ ചുമതല കൂടി ഉണ്ടായിരുന്ന എനിക്കും ഉണ്ണിക്കും വേദിയിൽ നിന്നുകൊണ്ട് കൃത്യമായി കാണാമായിരുന്നു ,സദസ്സിലെ ഓരോ മുഖങ്ങളിലും മിന്നിമറയുന്ന ഭാവങ്ങൾ..

ഈ തിരുവോണ ദിവസം ഞങ്ങൾക്ക് ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയില്ല. അന്ന് ജസ്റ്റിസ് കെ എം ജോസഫ് സാറിനൊപ്പം ഞങ്ങൾ (ഞാൻ, ഉണ്ണി, ബാലു ചേട്ടൻ, അനന്തേട്ടൻ, ഭദ്ര, അശോക്), ISIL ഓഡിറ്റോറിയത്തിൽ റിഹേഴ്സൽ ആയിരുന്നു. 2 പാട്ടു പാടി റിഹേഴ്സൽ നടത്താൻ വന്ന ജോസഫ് സർ 12 പാട്ടുകൾ പാടിയാണ് മടങ്ങിയത്.കെ ജെ യേശുദാസിന്റെ വലിയ ആരാധകൻ. ഞങ്ങൾക്കെല്ലാം ഇഷ്ടപ്പെട്ട പാട്ടുകൾ അന്വേഷിച്ചു സാർ പാടി. അത്ര അധികം മനോഹരമായ ഓണ ദിവസം.നിയമന വിഷയവുമായി ബന്ധപ്പെട്ടാണ് സാറിന്റെ വാർത്ത ഏറ്റവും കൂടുതൽ കൊടുത്തിട്ടുള്ളത്. അന്ന് ഒരിക്കലും കരുത്തിയിരുന്നില്ല ഇത്ര മനോഹരമായ വ്യക്തിത്വം ഉള്ള ആളാണ് അദ്ദേഹമെന്നു.

"മധുബൻ ഖുശ്ബു ദേത്താഹേ, സാഗർ സാവൻ ദേത്താ ഹേ, ജീനാ ഉസ്‌ക ജീനാ ഹേ, ജോ ഓറോൻങ്കോ ജീവൻ ദേത്താ ഹേ.." എന്ന യേശുദാസ് ആലപിച്ച ഗാനം ജസ്റ്റിസ് ജോസഫ് രണ്ടാമതായി പാടി. മറ്റുള്ളവർക്ക് ജീവൻ പകരുന്നവർക്കേ ജീവിതം ഉള്ളൂ എന്ന ആശയമുള്ള ആ പാട്ടും കേരളത്തിലെ രക്ഷകർക്ക് വേണ്ടിയുള്ളതാണ്. ആറോ ഏഴോ പാട്ടുകളിൽ നിന്ന് അദ്ദേഹം തിരഞ്ഞെടുത്ത ഈ പാട്ടുകൾ തന്നെ പറയുന്നുണ്ട്, കേരളത്തോടുള്ള ആത്മബന്ധം.

■ നമ്മൾ അതിജീവിക്കും.. നമ്മൾ അതിജീവിക്കും...

ബോളിവുഡ് ഗായകൻ മോഹിത് ചൗഹാനൊപ്പം ജസ്റ്റിസ് കെഎം ജോസഫ് ഒരു ഗാനം ആലപിക്കുമെന്നത് അവതാരകർ ആയ ഞാനും ഉണ്ണിയും പ്രഖ്യാപിക്കുന്നതു വരെ സംഘാടകർക്ക് മാത്രം അറിയാവുന്ന രഹസ്യമായിരുന്നു. സർപ്രൈസ് പ്രഖ്യാപനം കേട്ടപ്പോൾ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ജസ്റ്റിസ് കുര്യൻ ജോസഫിന് കൈകൊടുത്തു. അത്ഭുതത്തോടെ മുഖത്തേക്ക് നോക്കി. മറ്റു ജഡ്ജിമാരും അഭിഭാഷകരും മാധ്യമപ്രവർത്തകരും കയ്യടിച്ചു. കേരളത്തിന് സമർപ്പിച്ച ആ പാട്ട് അതിജീവനത്തിന്റെ ദേശീയ ഗാനമാണ്. വി ഷാൾ ഓവർ കം, വി ഷാൾ ഓവർ കം , വി ഷാൾ കം സം ഡേ.. മോഹിത് ചൗഹാന്റെ ഗിത്താർ താളത്തിനൊപ്പം ആ പാട്ട് എല്ലാവരുടെയും ചുണ്ടുകളിലേക്ക് പടർന്നു. മോഹിത്തിന്റെ മൂന്ന് പാട്ടുകൾക്ക് ശേഷമായിരു ഈ സർപ്രൈസ് നമ്പർ! സദസ്സ് ഒന്നടങ്കം ഏറ്റു പാടി വി ഷാൾ ഓവർ കം.. ഹം ഹോങ്കെ കാമയാബ്.. ആഗസ്റ്റ് 31 ന് ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് പോകുന്ന പ്രത്യേക ചരക്ക് തീവണ്ടി നിറയെ സാധങ്ങൾ ശേഖരിക്കാൻ എല്ലാവരുടെയും പിന്തുണ ജസ്റ്റിസ് കുര്യൻ ജോസഫ് അഭ്യർഥിച്ചു.

■ ഭദ്ര, ഗൗരി, കീർത്തന.. മാധ്യമ ബന്ധമുള്ള നർത്തക ത്രയം..

ഭദ്ര സിൻഹ ഹിന്ദുസ്ഥാൻ ടൈംസ് ലീഗൽ കറസ്പോണ്ടണ്ട്, ഗൗരിപ്രിയ സോമനാഥ്‌ Gowripriya Somanath ഗ്വാളിയോറിൽ രാജ മാൻസിംഗ് യൂണിവേഴ്സിറ്റിയിൽ അസിസ്റ്റന്റ് പ്രൊഫസർ,. എന്റെ അനിയത്തി.. കീർത്തന ഹരീഷ്, മെയിൽ ടുഡേയിലെ ഹരീഷ് വി നായരുടെ മകൾ. ഈ മൂന്ന് പേരുടെയും നൃത്തങ്ങളാണ് നിയമ സെമിനാറുകൾ മാത്രം കേട്ടു ശീലിച്ച ഇന്ത്യൻ സൊസൈറ്റി ഓഫ് ഇന്റർ നാഷണൽ ലോയിലെ ഓഡിറ്റോറിയത്തിന് തന്നെ പുതിയ അനുഭമാണ്. ഇവരുടെ മികച്ച പ്രകടനത്തെ തേടിയെത്തിയത് അഭിനന്ദ പ്രവാഹങ്ങളാണ്.

ഈ കലാപരിപാടികളുടെ സായാഹ്നം ആഘോഷത്തിന്റെതല്ലേയെന്നു ചിലർക്കെങ്കിലും സംശയം തോന്നാം. അവർക്ക് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ചടങ്ങിന്റെ തുടക്കത്തിൽ നൽകിയ മറുപടിയും ഇവിടെ ചേർത്തുവയ്ക്കുന്നു. " ചിലർക്ക് തോന്നും ഇത് നൃത്തവും പാട്ടുമല്ലേ എന്ന്, ആഘോഷമല്ലേയെന്ന്.. എന്നാൽ അങ്ങനെയല്ല ഒരു ന്യായമായ ആവശ്യത്തിന് വേണ്ടി പുതിയ മാതൃകയുടെ ഒരുകൂട്ടം ആൾക്കാർ ഒന്നിക്കുകയാണ്.." കേരളത്തിലെ ജനങ്ങൾക്ക് പിന്തുണ അറിയിച്ചുള്ള ഹ്രസ്വ പ്രസംഗത്തിലെ അദ്ദേഹത്തിന്റെ വാക്കുകൾ ഇതായിരുന്നു.

ആ ലക്ഷ്യം ഫലം കണ്ടുവോ, കണ്ടെന്നു തന്നെ പറയാം. പ്രതീക്ഷിച്ചതിലും മികച്ച സാമ്പത്തിക സഹായമാണ് ജഡ്ജിമാരിൽ നിന്നും അഭിഭാഷകരിൽ നിന്നും മാധ്യമപ്രവർത്തകരിൽ നിന്നും ലഭിച്ചത്. കുറച്ചു കൂടി സംഭാവനകൾ പണമായും ചെക്കായും ചിലർ നൽകാമെന്ന് അറിയിച്ചിട്ടുണ്ട്. അത് ഉടൻ തന്നെ ലഭിക്കും. അതിന് ശേഷം ലഭിച്ച ആകെ സഹായത്തിന്റെ കണക്കുകൾ പരസ്യപ്പെടുത്തും. തുക മുഴുവനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിക്ഷേപിക്കും.

കൂട്ടായ്മയുടെ വലിയ വിജയമാണിത്. തുടക്കത്തത്തിൽ പറഞ്ഞത് പോലെ നമുടെ ഓരോരുത്തരുടെയും ചുറ്റിലുമുളള ചെറുതും വലുതുമായ ലോകങ്ങൾ നമുക്കൊപ്പം, നമ്മുടെ നാടിനൊപ്പം ഉണ്ടെന്ന ആത്മവിശ്വാസം നൽകുന്ന ഓർമപ്പെടുത്തൽ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.