രണ്ട് കിലോയില്‍ അധികം ഭാരമുള്ള ഡ്രോണുകള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കും

Tuesday 28 August 2018 1:14 pm IST

ന്യൂദല്‍ഹി: ഡ്രോണുകള്‍ ഉപയോഗിക്കുന്നതിന് കര്‍ശന നിയന്ത്രണവുമായി കേന്ദ്ര സര്‍ക്കാര്‍. രണ്ട് കിലോയില്‍ അധികം ഭാരമുള്ള ഡ്രോണുകള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കാനാണ് കേന്ദ്രം ആലോചിക്കുന്നത്. ഡിസംബര്‍ മുതല്‍ ഇതു നടപ്പാക്കും. സുരക്ഷാ വിഭാഗങ്ങള്‍ ഉപയോഗിക്കുന്ന ഡ്രോണുകള്‍ക്ക് അനുമതി ആവശ്യമില്ല.

250 ഗ്രാം ഭാരമുള്ള നാനോഡ്രോണുകള്‍ മുതല്‍ 150 കിലോ വരുന്ന ഹെവി ഡ്രോണുകള്‍ വരെ ഭാരമനുസരിച്ച് അഞ്ച് വിഭാഗങ്ങളിലായി തിരിച്ചാണു ചട്ടങ്ങള്‍ രൂപീകരിച്ചിരിക്കുന്നത്. നാനോ ഡ്രോണുകള്‍ക്കും രണ്ടു കിലോവരെയുള്ള മൈക്രോ ഡ്രോണുകള്‍ക്കും റജിസ്ട്രേഷന്‍ ആവശ്യമില്ല. എന്നാല്‍ അതിനു മുകളില്‍ ഭാരമുള്ള എല്ലാ ഡ്രോണുകളും രജിസ്റ്റര്‍ ചെയ്തു യുണിക് ഐഡന്റിഫിക്കേഷന്‍ നമ്ബര്‍(യുഐഎന്‍) കരസ്ഥമാക്കണം. അനുമതിയുണ്ടെങ്കിലും 400 അടി ഉയരത്തില്‍ മാത്രമെ ഇവ പറത്താന്‍ പാടുള്ളൂ. രാത്രിയില്‍ ഉപയോഗിക്കരുത്.

വിമാനത്താവളങ്ങളുടെ പരിസരം, രാജ്യാന്തര അതിര്‍ത്തി, ന്യൂഡല്‍ഹി വിജയ് ചൗക്ക്, സംസ്ഥാന സെക്രട്ടേറിയറ്റ് മന്ദിരങ്ങള്‍, സേനാ കേന്ദ്രങ്ങള്‍, മറ്റു സുരക്ഷാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ഡ്രോണ്‍ പറത്താന്‍ അനുമതിയില്ലാത്ത സ്ഥലങ്ങളാണ്.18 വയസ് പൂര്‍ത്തിയായവര്‍ക്ക് മാത്രമെ ലൈസന്‍സിന് അപേക്ഷിക്കാന്‍ കഴിയുകയുള്ളു. ഇംഗ്ലീഷ് പരിജ്ഞാനം ആവശ്യമാണ് കുറഞ്ഞതു പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരിക്കണം.

ഡ്രോണുകളുടെ അനിയന്ത്രിത ഉപയോഗം രാജ്യത്ത് നിരോധിച്ചിട്ടുണ്ടെങ്കിലും വിവാഹ ഷൂട്ടിങ്ങിനുപോലും നിയന്ത്രണങ്ങളൊന്നുമില്ലാതെ ഡ്രോണ്‍ ഉപയോഗിച്ചു വരുന്നതിനാലാണ് കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രം തയ്യാറായത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.