ഏഷ്യന്‍ ഗെയിംസ്: ചരിത്രമെഴുതി പി.വി. സിന്ധു

Tuesday 28 August 2018 1:54 pm IST
ലോക ഒന്നാം നമ്പര്‍ താരത്തിനെതിരേ ഒരിക്കല്‍ പോലും സിന്ധുവിന് പിടിച്ച് നില്‍ക്കാന്‍ സാധിച്ചില്ല. തുടക്കത്തിലെ തായ് ആധിപത്യം പുലര്‍ത്തി. അതിന്റെ ഫലമായിരുന്നു ആദ്യ ഗെയിമിലെ 21-13 എന്ന സ്‌കോര്‍. രണ്ടാം ഗെയിംസില്‍ ഇടവേളയ്ക്ക് പിരിയുമ്പോള്‍ സ്‌കോര്‍ 11-8 ആയിരുന്നു. എന്നാല്‍ തുടര്‍ച്ചയായി പോയിന്റുകള്‍ നേടി തായ് സ്വര്‍ണം ഉറിപ്പിച്ചു.

ജക്കാര്‍ത്ത: ഇന്ത്യന്‍ ബാഡ്മിന്റണ്‍ റാണി പി.വി. സിന്ധു വമ്പന്‍ ടൂര്‍ണമെന്റുകളുടെ ഫൈനലുകളില്‍ തകര്‍ന്ന് വീഴുന്നത് പതിവാകുന്നു. ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണിന്റെ ഫൈനലിലും സിന്ധു അടിയറവ് പറഞ്ഞു. ലോക ഒന്നാം നമ്പറായ ചൈനീസ് തായ്‌പേയിയുടെ തായ് സു യിങ്ങാണ് സിന്ധുവിന്റെയും ഇന്ത്യ ആരാധകരുടെയും സുവര്‍ണ സ്വപ്‌നം തകര്‍ത്തത്. 

ഫൈനലില്‍ തോറ്റെങ്കിലും സിന്ധു ഏഷ്യന്‍ ഗെയിംസില്‍ ചരിത്രമെഴുതി. ഇതാദ്യമായി ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണിന്റെ സിംഗിള്‍സില്‍  വെള്ളി മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡ് സിന്ധുവിന് സ്വന്തമായി.

ഒളിമ്പിക്‌സ് വെളളി മെഡല്‍ ജേത്രിയായ സിന്ധുവിന് ഫൈനലില്‍ മികവ് കാട്ടാനായില്ല. തുടരെ തുടരെ പിഴവുകള്‍ വരുത്തിയ സിന്ധു, തായ് സൂ യങ്ങിനോട് അനായാസം കീഴടങ്ങി. സ്‌കോര്‍ 13-21, 16-21. ഇത് പത്താം തവണയാണ് തായ് സൂ സിന്ധുവിനെ തോല്‍പ്പിക്കുന്നത്. പതിമൂന്ന് തവണ ഏറ്റുമുട്ടിയതില്‍ മൂന്ന് മത്സരങ്ങളില്‍ മാത്രമെ സിന്ധുവിന് തായ് സു യിങ്ങിനെ തോല്‍പ്പിക്കാനായിട്ടുള്ളൂ.

കഴിഞ്ഞ രണ്ടു വര്‍ഷത്തിനുളളില്‍ ഇത് അഞ്ചാം തവണയാണ് സിന്ധു മേജര്‍ ടൂര്‍ണമെന്റുകളുടെ ഫൈനലില്‍ തോല്‍ക്കുന്നത്. 2016 റിയോ ഒളിമ്പിക്‌സിലും 2018 ലോക ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലും സിന്ധു സ്പാനിഷ് താരമായ കരോളിന മാരിനോട് പരാജയപ്പെട്ടു. ഈ വര്‍ഷത്തെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ തന്നെ സൈന നെഹ്‌വാള്‍ സിന്ധുവിനെ കലാശക്കളിയില്‍ കീഴ്‌പ്പെടുത്തി. 2016 ലെ ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ജപ്പാന്റെ നവോമി ഒകുഹാരയോട് സിന്ധു തോറ്റു.

നേരത്തെ സൈന നെഹ്‌വാള്‍ ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണിന്റെ സിംഗിള്‍സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമായി. കഴിഞ്ഞ ദിവസം സെമിയില്‍ തായ് സു യിങ്ങിനോട് തോറ്റതിനെ തുടര്‍ന്ന് സൈനയ്ക്ക് വെങ്കലം ലഭിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.