800 മീറ്ററില്‍ മന്‍ജിത്തിന് സ്വര്‍ണവും ജിന്‍സണ് വെള്ളിയും

Tuesday 28 August 2018 7:49 pm IST
മിക്‌സഡ് 400 മീറ്റര്‍ റിലെയില്‍ ഇന്ത്യ വെള്ളി സ്വന്തമാക്കി. മുഹമ്മദ് അനസ്, ആരോക്യ രാജീവ്, ഹിമ ദാസ്, എം.ആര്‍ പൂവമ്മ എന്നിവരുടെ ടീമാണ് വെള്ളി സ്വന്തമാക്കിയത്. ടേബിള്‍ ടെന്നിസ് ടീം ഇനത്തില്‍ സെമിയില്‍ തോറ്റെങ്കിലും വെങ്കലം സ്വന്തമാക്കി ഇന്ത്യന്‍ പുരുഷ ടീമും ചരിത്രമെഴുതി.
"മന്‍ജിത് സിംഗ്"

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്‌സില്‍ ഇന്ത്യക്ക് വീണ്ടും സുവര്‍ണ്ണനേട്ടം. മന്‍ജിത്ത് സിങ്ങ് പുരുഷന്മാരുടെ 800 മീറ്ററില്‍ സ്വര്‍ണം ഓടിയെടുത്തു. മലയാളിയായ ജിന്‍സണ്‍ ജോണ്‍സണാണ് വെള്ളി. 4-400 മീറ്റര്‍ മിക്‌സഡ് റിലേയില്‍ ഇന്ത്യ വെള്ളി മെഡല്‍ നേടി.

ഒരു മിനിറ്റ് 46.15 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് മന്‍ജിത് സിങ് ഒന്നാം സ്ഥാനം നേടിയത.് ജോണ്‍സണ്‍ ഒരു മിനിറ്റ് 46.35 സെക്കന്‍ഡില്‍ രണ്ടാമതായി ഫിനിഷ് ചെയ്തു. ഖത്തറിന്റെ അബുബക്കര്‍ അബ്ദുള്ളയ്ക്കാണ് വെങ്കലം.

മുഹമ്മദ് അനസ്, എം.ആര്‍. പൂവമ്മ, ഹിമ ദാസ്, ആരോഗ്യ രാജീവ് എന്നിവരടങ്ങുന്ന ഇന്ത്യന്‍ ടീം മൂന്ന് മിനിറ്റ് 15.71 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് മിക്‌സഡ് റിലേയില്‍ വെള്ളി സ്വന്തമാക്കിയത്്. ഗെയിംസില്‍ അനസിന്റെ രണ്ടാം വെള്ളിയാണിത്.

വനിതകളുടെ അയ്യായിരം മീറ്ററില്‍ ഇന്ത്യയുടെ സുര്യയും സഞ്ജീവനിയും നിരാശപ്പെടുത്തി. സൂര്യ അഞ്ചാമതായും സഞ്ജീവനി ഏഴാമതായും ഫിനിഷ് ചെയ്തു. വനിതകളുടെ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ അനു റാണിക്ക് ആറാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. 

വനിതകളുടെ 200 മീറ്ററില്‍ ഇന്ത്യയുടെ ഹിമ ദാസിനെ അയോഗ്യയാക്കി. സെമിഫൈനലിന്റെ തുടക്കത്തില്‍ പിഴവ് വരുത്തിയതിനെ തുടര്‍ന്നാണ് ഹിമയെ അയോഗ്യയാക്കിയത്. അതേസമയം ദ്യുതി ചന്ദ് ഫൈനലിലെത്തിയിട്ടുണ്ട്.

അത്‌ലറ്റിക്‌സില്‍ ഇന്ത്യക്ക് ഇപ്പോള്‍ മൂന്ന് സ്വര്‍ണമായി. ഷോട്ട് പുട്ടില്‍ തേജീന്ദര്‍ പാല്‍ സിങ്ങും ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയും സ്വര്‍ണം നേടിയിരുന്നു.

മെഡല്‍ നിലയില്‍ ഇന്ത്യ ഒമ്പതാം സ്ഥാനത്ത് നിന്ന് എട്ടാം സ്ഥാനത്തേക്ക് കയറി. ഒമ്പത് സ്വര്‍ണവും 19 വെള്ളിയും 22 വെങ്കലവും ലഭിച്ചിട്ടുണ്ട്. ചൈന ഇരുനൂറ് മെഡലുകളുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഇതില്‍ 92 മെഡലുകളും സ്വര്‍ണമാണ്. 63 വെള്ളിയും 45 വെങ്കലവും അവര്‍ക്ക് കിട്ടിയിട്ടുണ്ട്.43 സ്വര്‍ണവും 38 വെള്ളിയും 60 വെങ്കലവുമായി ജപ്പാന്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. കൊറിയന്‍ റിപ്പബ്‌ളിക്കാണ് മൂന്നാം സ്ഥാനത്ത്. 32 സ്വര്‍ണവും 38 വെളളിയും 44 വെങ്കലവും അവര്‍ നേടിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.