മുല്ലപ്പെരിയാര്‍: സാധ്യത പ്രയോജനപ്പെടുത്തണമെന്ന ആവശ്യം ശക്തം

Wednesday 29 August 2018 1:19 am IST
സുപ്രീംകോടതി മുന്‍പ് തമിഴ്‌നാടിന് അനുമതി നല്‍കിയിട്ടുള്ള 142 അടിക്കും മുകളിലേക്ക് അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നതായി വ്യക്തമായതോടെ കോടതിയലക്ഷ്യമാണ് തമിഴ്നാടിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. ജലനിരപ്പ് അളക്കുന്ന ഡിജിറ്റല്‍ മീറ്ററില്‍ 143ന് മുകളില്‍ രേഖപ്പെടുത്തിയതായി രേഖകള്‍ പുറത്തുവന്നിരുന്നു.

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സംഭരണശേഷി കുറയ്ക്കുന്നതിനുള്ള അനുകൂലവിധി നേടിയെടുക്കാനുള്ള അവസരമാണ് ഇപ്പോള്‍ കേരളത്തിന് സംജാതമായിരിക്കുന്നതെന്ന് വിലയിരുത്തല്‍. അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംസ്ഥാന ജലസേചനവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും ഇക്കാര്യത്തില്‍ സമാന അഭിപ്രായമാണ്. 

സുപ്രീംകോടതി മുന്‍പ് തമിഴ്‌നാടിന് അനുമതി നല്‍കിയിട്ടുള്ള 142 അടിക്കും മുകളിലേക്ക് അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നതായി വ്യക്തമായതോടെ കോടതിയലക്ഷ്യമാണ് തമിഴ്നാടിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. ജലനിരപ്പ് അളക്കുന്ന ഡിജിറ്റല്‍ മീറ്ററില്‍ 143ന് മുകളില്‍ രേഖപ്പെടുത്തിയതായി രേഖകള്‍ പുറത്തുവന്നിരുന്നു. ഇങ്ങനെ അതിവേഗം ജലനിരപ്പ്  ഉയര്‍ന്നതോടെയാണ് ചരിത്രത്തില്‍ ആദ്യമായി അണക്കെട്ടിന്റെ 13 ഷട്ടറുകളും ഉയര്‍ത്തേണ്ടിവന്നത്. ഇടുക്കി അണക്കെട്ടില്‍ നിന്നുള്ള തുറന്നു വിടല്‍  വൈദ്യുതി വകുപ്പിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട് വര്‍ധിപ്പിക്കേണ്ടി വന്നിരുന്നു. ഇങ്ങനെ സംഭവിച്ചതാണ് പെരിയാറിന്റെ തീരപ്രദേശങ്ങളില്‍ ഇത്ര വലിയ പ്രളയക്കെടുതി സൃഷ്ടിച്ചതെന്ന്  തെളിവുകള്‍ ചൂണ്ടിക്കാട്ടി പരമോന്നത കോടതിയെ ബോധ്യപ്പെടുത്തണമെന്നാണ് നിയമവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. 

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തെ ഓരോസമയത്തെ മഴയുടെയും തന്മൂലമുണ്ടാകുന്ന നീരൊഴുക്കിന്റെ ശക്തിയും തമിഴ്‌നാട് പരിശോധിക്കാറുണ്ട്. നീരൊഴുക്കിന്റെ കണക്കുകള്‍ വച്ച് തന്നെ വരും മണിക്കൂറുകളില്‍ ജലനിരപ്പ് എത്ര അടിവരെ ഉയരും എന്ന് മുന്‍കൂട്ടി വിലയിരുത്താന്‍ സാധിക്കും. കേരളത്തിന്റെ ശക്തമായ സമ്മര്‍ദമുണ്ടായിരുന്നിട്ടുകൂടി അത് വക വയ്ക്കാതെ ജലനിരപ്പ് 142 അടി എത്തുന്നത് വരെ അവര്‍ കാത്തിരുന്നു. കേരളത്തിന്റെ ജലസേചന വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ ആ സമയത്ത് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നില്ല എന്ന വിമര്‍ശനവും ഉയരുന്നുണ്ട്. ഇരു സംസ്ഥാനങ്ങളും സംയുക്തമായാണ് അണക്കെട്ടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിയന്ത്രിക്കുന്നതെന്ന് അധികൃതര്‍ അവകാശപ്പെടുമ്പോഴും കേരളം കേവലം കാഴ്ചക്കാര്‍ മാത്രമാണെന്നതാണ് വസ്തുത. 

ഷട്ടറുകളുടെ പ്രവര്‍ത്തനരീതി മുന്‍കൂട്ടി കേരളത്തിന് നല്‍കണമെന്ന് നിരന്തരമായി ആവശ്യപ്പെട്ടിരുന്നെങ്കിലും തമിഴ്‌നാട് ഇതുവരെ കൈമാറിയിട്ടില്ല. അവര്‍ തോന്നുംപടി ഷട്ടറുകള്‍ പ്രവര്‍ത്തിപ്പിച്ചതാണ് പെരിയാറിന്റെ തീരം കിലോമീറ്റര്‍ കണക്കിന് ഒലിച്ചുപോകാന്‍ കാരണമായത്. ജലനിരപ്പ് അടക്കമുള്ളവയുടെ കൃത്യമായ കണക്കുകള്‍ കേരളത്തിന് നല്‍കുന്നതിലും തമിഴ്‌നാട് വിമുഖത തുടരുകയാണ്. ഈ വസ്തുക്കളെല്ലാം നിരത്തി കേരളത്തിന് അനുകൂലമായ വിധി നേടിയെടുക്കണമെന്നാണ് തീരത്തുള്ളവരുടെ ആവശ്യം.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.