പിഴച്ചത് അണക്കെട്ട് നിയന്ത്രണം

Wednesday 29 August 2018 1:20 am IST
പുനരധിവാസത്തിന് അടിസ്ഥാന പദ്ധതി തയ്യാറാക്കേണ്ടത് കേരളം തന്നെയാണ്. പുതിയ ചിന്തയോടുകൂടി, നൂറുവര്‍ഷം മുന്നില്‍ കണ്ടുള്ള പുനഃസൃഷ്ടിയാണ് കേരളത്തിനാവശ്യം. ഇക്കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ രാജ്യത്തെ വിദഗ്ധരെ സഹകരിപ്പിക്കണം. രണ്ടു ലക്ഷം വീടുകള്‍ പുനര്‍നിര്‍മ്മിക്കേണ്ടതുണ്ട്. അതിന്റെ എത്രയോ ഇരട്ടി വീടുകള്‍ തകര്‍ന്നു.

നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തമാണ് കേരളത്തില്‍ സംഭവിച്ചത്. ഇക്കാര്യം പ്രധാനമന്ത്രി അദ്ദേഹത്തിന്റെ മന്‍ കീ ബാത്ത് റേഡിയോ പ്രഭാഷണ പരിപാടിയിലും വ്യക്തമാക്കിയിരുന്നു. രാജ്യത്തെ മുഴുവന്‍ ജനങ്ങളും കേരളത്തിനൊപ്പമാണെന്നും എന്തു സഹായത്തിനും കേന്ദ്രസര്‍ക്കാര്‍ സജ്ജമാണെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. സാധാരണ ഗതിയില്‍ ഒരു സംസ്ഥാനത്ത് പ്രകൃതി ദുരന്തങ്ങളുണ്ടായാല്‍ കേന്ദ്രസംഘമെത്തുന്നത് മാസങ്ങള്‍ക്ക് ശേഷമാണ്. എന്നാല്‍ ജൂണില്‍ ആലപ്പുഴയെയും കോട്ടയത്തെയും പ്രളയം ബാധിച്ചപ്പോള്‍ ഉടനടി കേന്ദ്രആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുവും ഞാനും പ്രളയ മേഖലകള്‍ സന്ദര്‍ശിച്ചു. 

മന്ത്രിതല സംഘത്തിന്റെ സന്ദര്‍ശത്തിന് പിന്നാലെ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ കേന്ദ്രസംഘവും കേരളത്തിലെത്തി. കേന്ദ്രമന്ത്രി എന്ന നിലയില്‍ ഒരാഴ്ചയോളം തലസ്ഥാനത്ത് ക്യാമ്പ് ചെയ്ത് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെ കേന്ദ്ര-സംസ്ഥാന ഏകോപനം നിര്‍വഹിച്ചിരുന്നു. കേരളം ചോദിക്കുന്ന കാര്യങ്ങളെല്ലാം കേന്ദ്രത്തില്‍ നിന്ന് അതിവേഗത്തില്‍ എത്തിക്കാന്‍ ഇതുവഴി സാധിച്ചു. ആവശ്യമുള്ള കാര്യങ്ങള്‍ എത്രയും പെട്ടെന്നുതന്നെ എത്തിക്കാനായി. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലെ ഒട്ടേറെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കാനും ക്യാമ്പില്‍ത്തന്നെ താമസിക്കാനും സാധിച്ചു. ജനങ്ങളുടെ അവസ്ഥ നേരില്‍ അനുഭവിച്ചറിഞ്ഞു.

ഇതുവരെ ഉണ്ടായിട്ടില്ലാത്ത സഹകരണമാണ് പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും കേരളത്തിനു നല്‍കുന്നത്. ഇടക്കാല ആശ്വാസമായി നല്‍കിയ തുക ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. എണ്‍പതു കോടി രൂപ വീതം രണ്ടു തവണയായി പ്രഖ്യാപിച്ചതും ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് വന്നപ്പോള്‍ പ്രഖ്യാപിച്ച നൂറു കോടിയും പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയപ്പോള്‍ പ്രഖ്യാപിച്ച 500 കോടിയും അടക്കം 760 കോടി രൂപ കേരളത്തിന് ദിവസങ്ങള്‍ക്കുള്ളില്‍ കൈമാറി. സംസ്ഥാന ദുരിതാശ്വാസ ഫണ്ടിലുള്ള 562 കോടി രൂപയില്‍ 450 കോടിയിലേറെ രൂപയും കേന്ദ്രസര്‍ക്കാര്‍ നല്‍കിയതാണ്. നിലവില്‍ രക്ഷാ പ്രവര്‍ത്തനത്തിന് പണത്തിന്റെ യാതൊരു കുറവുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ എന്നോട് വ്യക്തമാക്കിയിട്ടുണ്ട്. 

കേരളത്തിന് വന്നു ചേര്‍ന്നിരിക്കുന്ന നഷ്ടം ശതകോടികളുടേതാണ്. കേരളത്തിന്റെ പുനര്‍സൃഷ്ടിക്ക് വലിയ തോതിലുള്ള കേന്ദ്രസഹായം ആവശ്യവുമാണ്. 

പൊതുസ്വത്തിനും സ്വകാര്യ വ്യക്തികളുടെ സ്വത്തുവകകള്‍ക്കും ഉണ്ടായ നഷ്ടങ്ങള്‍ വിലയിരുത്തി കേരളം കണക്ക് സമര്‍പ്പിച്ചാല്‍ കേന്ദ്രആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സമിതി ഇക്കാര്യങ്ങള്‍ പരിശോധിച്ച് ആഭ്യന്തരമന്ത്രി അധ്യക്ഷനായ സമിതിക്ക് ശുപാര്‍ശ നല്‍കും. ഈ ശുപാര്‍ശ ലഭിച്ചാലുടന്‍ കേരളത്തിന് അധിക ധനസഹായം പ്രഖ്യാപിക്കും. കേരളം നാശനഷ്ടങ്ങളുടെ കണക്കുകള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കാതെ കേന്ദ്രത്തിന് പണം അനുവദിക്കാനാവില്ലല്ലോ. കേരളത്തിന് കേന്ദ്രം പണം നല്‍കുന്നില്ല എന്ന ആരോപണത്തില്‍ കഴമ്പില്ല. 

കൂടുതല്‍ പണം കിട്ടിയില്ല എന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക് പറയുന്നത് തെറ്റിദ്ധാരണ ഉണ്ടാക്കാനാണ്. ദുരന്ത ബാധിതര്‍ക്ക് അടിയന്തിരമായി പതിനായിരം രൂപ വീതം നല്‍കേണ്ട ചുമതല സംസ്ഥാന സര്‍ക്കാര്‍ എത്രയും വേഗം പൂര്‍ത്തിയാക്കണം. കുട്ടനാട്, ചെങ്ങന്നൂര്‍ മേഖലകളിലെ എല്ലാവരും തന്നെ ദുരന്തബാധിതരാണ്. അവര്‍ക്ക് പണം കൈമാറാന്‍ യാതൊരു പരിശോധനയും ആവശ്യമില്ല. 

ഡാമുകളിലെല്ലാം വെള്ളം നിറച്ച് പണമുണ്ടാക്കാന്‍ വൈദ്യുത ബോര്‍ഡ് ശ്രമിച്ചതാണ് ഇത്ര വലിയ ദുരന്തത്തിന് വഴിവെച്ചത്. ഇടുക്കി ഒഴികെയുള്ള പത്തുനാല്‍പ്പതു ഡാമുകളെപ്പറ്റി സംസ്ഥാന സര്‍ക്കാരിന് യാതൊരു ധാരണയുമില്ലായിരുന്നു. അണക്കെട്ട് നിയന്ത്രണ സംവിധാനത്തില്‍ വലിയ പരാജയം സംഭവിച്ചു. ജനങ്ങളെ മുന്‍കൂട്ടി അറിയിക്കാന്‍ മിക്ക സ്ഥലങ്ങളിലും സാധിച്ചില്ല. ഡാം മുഴുവനും തുറന്നുവിട്ടാലുണ്ടാകാവുന്ന അപകടം സര്‍ക്കാരിന് തിരിച്ചറിയാനുമായില്ല. ഡാം തുറക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ രാഷ്ട്രീയക്കാര്‍ തീരുമാനമെടുക്കുന്നത് അവസാനിപ്പിക്കണം. അണക്കെട്ട് നിയന്ത്രണ കമ്മറ്റികളാണ് തീരുമാനമെടുക്കേണ്ടത്. മന്ത്രിയല്ല. അര്‍ധരാത്രിയില്‍ ആരാണ് ഫേസ്ബുക്ക് നോക്കിയിരിക്കുന്നത്. ഡാം തുറക്കുമെന്നു രാത്രി ഒന്നരയ്ക്ക് ഫേസ്ബുക്കില്‍ അറിയിപ്പ് നല്‍കിയാല്‍ ആരും കാണില്ലെന്ന് ഓര്‍ക്കണം. 

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവുമായി ഏകോപനം നിര്‍വഹിച്ചു വേണം ഡാമുകളിലെ വെള്ളത്തിന്റെ അളവ് നിശ്ചയിക്കാന്‍. പെരിങ്ങല്‍ക്കുത്ത് ഡാം കവിഞ്ഞൊഴുകിയ അപകടകരമായ സാഹചര്യം വരെ ഉണ്ടായി. 

പരിസ്ഥിതിയെ സംരക്ഷിച്ചില്ലെങ്കില്‍ കേരളത്തിന് വലിയ തിരിച്ചടികളുണ്ടാകുമെന്നാണ് പുതിയ സാഹചര്യങ്ങള്‍ സൂചിപ്പിക്കുന്നത്. ഉത്തരവാദിത്ത ടൂറിസം എന്ന ആശയത്തിന്റെ പ്രസക്തി കൂടുതലായിരിക്കുന്നു. ടൂറിസമെന്നാല്‍ കെട്ടിടങ്ങള്‍ മാത്രമല്ല. മരങ്ങളും തടാകങ്ങളും പക്ഷിമൃഗാദികളുമുണ്ടാവണം. കെട്ടിടങ്ങളും റിസോര്‍ട്ടുകളും നിര്‍മ്മിക്കുമ്പോള്‍ പ്രകൃതിയെ മറക്കരുതെന്ന ഓര്‍മ്മപ്പെടുത്തലാണ് ഈ പ്രളയം. പ്രകൃതി രക്ഷയ്ക്കു ജനം തന്നെ മുന്നോട്ടുവരണം. പശ്ചിമഘട്ടത്തിന്റെ സംരക്ഷണവും ഉറപ്പാക്കണം. 

പ്രളയക്കെടുതികള്‍ക്കിടെ രാഷ്ട്രീയം പറയാതെ മാറിനിന്നത് ബിജെപി മാത്രമാണ്. ആദ്യ ദിവസം തന്നെ കോണ്‍ഗ്രസ് രാഷ്ട്രീയ പ്രസ്താവനകളുമായി രംഗത്തെത്തിയിരുന്നു. ഒരു ദുരിതാശ്വാസ ക്യാമ്പിലും കോണ്‍ഗ്രസുകാരെ കാണാനായില്ല. ഒന്നോ രണ്ടോ എംഎല്‍എമാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. പാര്‍ട്ടി എന്ന നിലയില്‍ അവര്‍ പൂര്‍ണ്ണമായും വിട്ടുനിന്നപ്പോള്‍ ബിജെപി പൂര്‍ണ്ണമായും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളോട് സഹകരിച്ചു. ആര്‍എസ്എസും സേവാഭാരതിയും വളരെ ആത്മാര്‍ത്ഥമായാണ് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തത്. 

മത്സ്യത്തൊഴിലാളികളുടെ രക്ഷാ പ്രവര്‍ത്തനം കേരളത്തെ വന്‍ ആപത്തില്‍ നിന്നാണ് കരകയറ്റിയത്. കേരളത്തിന്റെ പൊതുമനസ്സില്‍ അവരെ ആരും കൂട്ടിയിരുന്നില്ല. എക്കാലവും അവഗണനയിലാണവര്‍ കഴിഞ്ഞത്. ഓഖി ദുരന്തമുണ്ടായപ്പോള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ വന്ന പണത്തിന്റെ നാലിലൊന്ന് മാത്രമേ മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കിയുള്ളൂ. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി പണം ചോദിക്കാന്‍ കേരളത്തിന് വലിയ മിടുക്കാണ്. എന്നാല്‍ അതു ചിലവഴിക്കുന്ന കാര്യത്തില്‍ യാതൊരു കഴിവും സംസ്ഥാനം കാണിക്കുന്നില്ല. 

പുനരധിവാസത്തിന് അടിസ്ഥാന പദ്ധതി തയ്യാറാക്കേണ്ടത് കേരളം തന്നെയാണ്. പുതിയ ചിന്തയോടുകൂടി, നൂറുവര്‍ഷം മുന്നില്‍ കണ്ടുള്ള പുനര്‍സൃഷ്ടിയാണ് കേരളത്തിനാവശ്യം. ഇക്കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ രാജ്യത്തെ വിദഗ്ധരെ സഹകരിപ്പിക്കണം. അല്ലാതെ പിഡബ്ല്യുഡി എഞ്ചിനീയര്‍മാരാവരുത് വീണ്ടും നിര്‍മ്മാണ മേല്‍നോട്ടം വഹിക്കുന്നത്. രണ്ടു ലക്ഷം വീടുകള്‍ പുനര്‍നിര്‍മ്മിക്കേണ്ടതുണ്ട്. അതിന്റെ എത്രയോ ഇരട്ടി വീടുകള്‍ തകര്‍ന്നു. ഇതെല്ലാം പുനര്‍നിര്‍മ്മിക്കാന്‍ ഏറെ പണം വേണ്ടിവരും.  

യുഎഇ 700 കോടി രൂപ നല്‍കുമെന്ന തരത്തിലുള്ള പ്രഖ്യാപനം ഒരിക്കലും മുഖ്യമന്ത്രി നടത്താന്‍ പാടില്ലായിരുന്നു. യുഎഇ ഇന്ത്യയ്ക്ക് നല്‍കുന്ന വാഗ്ദാനമാണ്. അത് സംബന്ധിച്ച പ്രഖ്യാപനങ്ങളോ തീരുമാനങ്ങളോ ഔദ്യോഗികമായി അറിയിക്കേണ്ടത് ഇന്ത്യന്‍ പ്രധാനമന്ത്രിയോ വിദേശകാര്യമന്ത്രാലയമോ ആണ്. പ്രഖ്യാപനം വിവാദമായപ്പോള്‍ മുഖ്യമന്ത്രി പറയുന്നത് ആരോ ഒരാള്‍ പറഞ്ഞറിഞ്ഞതാണെന്നാണ്. നയതന്ത്ര ബന്ധങ്ങളുടേയും അന്താരാഷ്ട്ര നടപടികളുടേയും ഭാഗമായ കാര്യങ്ങളിലാണ് ഇത്തരമൊരു നടപടി സംസ്ഥാനത്തിന്റെ ഭാഗത്തുനിന്നുണ്ടായത്. ഇത്തരം കാര്യങ്ങളേപ്പറ്റി മുഖ്യമന്ത്രിക്ക് അറിവില്ലാത്തതാണോ മന:പ്പൂര്‍വ്വം ചെയ്തതാണോ എന്ന് അറിയില്ല. 

യുഎഇ ധനസഹായ വിഷയത്തില്‍ ആരാണ് രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചതെന്ന് വ്യക്തമല്ല. യുഎഇ 700 കോടി രൂപ നല്‍കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഞാനും വിശ്വസിച്ചിരുന്നു. എല്ലാ മാധ്യമങ്ങളും അക്കാര്യം റിപ്പോര്‍ട്ട് ചെയ്തതും ഇതിന് കാരണമായി. ആരൊക്കെയാണ് നമ്മളെ തെറ്റിദ്ധിപ്പിച്ചതെന്ന് കണ്ടുപിടിക്കണം. നയതന്ത്ര പ്രശ്‌നമായി ഒരിക്കലും യുഎഇ ധനസഹായ വിവാദം വളരില്ലെന്നുറപ്പാണ്. ഒന്നുമല്ലാതിരുന്ന നമ്മുടെ രാജ്യം ഇന്ന് കേന്ദ്രസ്ഥാനത്താണ്. ഗള്‍ഫിലെ ഭരണാധികാരികളുമായി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അടുത്ത ബന്ധമാണുള്ളത്. ഇത്തരം കാര്യങ്ങള്‍ കൊണ്ട് ആ ബന്ധത്തിനൊന്നും യാതൊരു പ്രശ്‌നവുമുണ്ടാകില്ല. 

കേരളം വലിയൊരു മാതൃകയാണ് ലോകത്തിന് മുന്നില്‍ കാണിച്ചിരിക്കുന്നത്. യുവജനതയുടെ പ്രതിബദ്ധത നമുക്ക് തിരിച്ചറിയാനായി. ദുരിതാശ്വാസ ക്യാമ്പുകളുടെ നിയന്ത്രണവും രക്ഷാപ്രവര്‍ത്തനവും പുനരധിവാസ പ്രവര്‍ത്തനങ്ങളുമെല്ലാം കേരളത്തിലെ യുവത്വത്തിന്റെ ശക്തി വിളിച്ചോതുന്നതാണ്. 

ശോഭനമായ ഭാവിയിലേയ്ക്കാണതു വിരല്‍ ചൂണ്ടുന്നത്. രാത്രിയും പകലും മറന്ന് വളരെയേറെ ആത്മാര്‍ത്ഥതയോടെ സേവാഭാരതി അടക്കമുള്ള സന്നദ്ധ സംഘടനകള്‍ കേരളത്തിലെ ദുരന്ത മേഖലകളില്‍ പണിയെടുക്കുകയാണ്. എന്നാല്‍ ഈ ദുരന്ത മുഖത്തും യാതൊന്നും ചെയ്യാത്ത ട്രോളര്‍മാരും ഉണ്ട്. ഈ ട്രോളുകളൊക്കെ മാറ്റിവെച്ച് ഒരു തൂമ്പയെടുത്ത് ഒരു വീടെങ്കിലും ശുചിയാക്കാന്‍ ഇത്തരക്കാര്‍ ശ്രമിക്കട്ടെ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.