പ്രതിപക്ഷ നേതാവിന്റെ ഓരോരോ തമാശ

Wednesday 29 August 2018 1:21 am IST
പ്രളയം തരണംചെയ്ത് പുതിയ കേരളം പുനര്‍നിര്‍മിക്കാന്‍ ഒരുമാസത്തെ ശമ്പളം ലോകത്താകമാനമുള്ള മലയാളികള്‍ നല്‍കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം പ്രതിപക്ഷവും ജീവനക്കാരുമെല്ലാം സ്വാഗതംചെയ്തു. പിന്നീടാണ് കാര്യങ്ങളുടെ നിജസ്ഥിതി പ്രതിപക്ഷത്തിന് ബോധ്യമാകുന്നത്. ഇപ്പോള്‍ പറയുന്നു പ്രളയത്തെ നേരിടാന്‍ കിട്ടുന്ന പണം പ്രത്യേക അക്കൗണ്ട് തുറന്ന് അതിലൂടെ ഇടപാട് നടത്തണമെന്ന്. അനുഭവമാണല്ലോ ഗുരു.

രമേശ് ചെന്നിത്തല ശുദ്ധനാണ്. ശുദ്ധന്‍ ദുഷ്ടന്റെ ഫലം ചെയ്യും എന്നൊരു ചൊല്ലുണ്ട്. അതുപോലെയാണ് ഇപ്പോള്‍ സംഭവിക്കുന്നത്. ശരിയാണ്, പുര കത്തുമ്പോള്‍ വാഴ വെട്ടരുത്. പ്രളയം കൊടുമ്പിരിക്കൊണ്ടപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അമ്പരന്നില്ലെങ്കിലും പ്രതിപക്ഷനേതാവ് അമ്പരന്നുപോയി. എങ്ങോട്ടുപോകണം, എങ്ങനെ പോകണമെന്നറിയാതെ നില്‍ക്കുമ്പോഴാണ് പ്രളയത്തിന്റെ ആകാശ നിരീക്ഷണത്തിനും അവലോകനത്തിനുമായി കേന്ദ്ര ആഭ്യമന്തര മന്ത്രി രാജ്‌നാഥ്‌സിംഗ് വരുന്നെന്നറിഞ്ഞത്. തലേന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു ഹെലികോപ്റ്റര്‍ സംഘടിപ്പിച്ച് കേരളത്തിന്റെ അവസ്ഥ കാണാനിറങ്ങുമ്പോള്‍ ഒന്ന് കൈകാണിച്ചതേയുള്ളു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഹെലികോപ്റ്ററില്‍ കയറ്റിയ രമേശ് ചെന്നിത്തല തൊട്ടടുത്തിരുന്ന് കാഴ്ചകാണുന്നത് കണ്ടപ്പോള്‍ സര്‍വരും അങ്കലാപ്പുകള്‍ക്കിടയിലും ആശ്വാസപ്പെട്ടു. ഇരുവരും ചേര്‍ന്ന് കേരളം കെട്ടിപ്പടുക്കുമെന്ന്. അങ്ങനെ ഒരുറപ്പ് പ്രതിപക്ഷ നേതാവ് നല്‍കുകയും ചെയ്തു. പിന്നീടന്വേഷിച്ചപ്പോഴല്ലെ മഴ കൊണ്ടുമാത്രമല്ല ദുരന്തമുണ്ടായതെന്ന് ബോധ്യമായത്. ആദ്യം സര്‍ക്കാരിനൊപ്പം നിന്ന പ്രതിപക്ഷം മെല്ലെമെല്ലെ തലയൂരാനുള്ള വിദ്യ പ്രയോഗിക്കുന്നതാണ് കാണുന്നത്. ആലോചനയോ അറിയിപ്പോ നല്‍കാതെ ഡാമുകള്‍ ഒറ്റയടിക്ക് തുറന്ന് സര്‍ക്കാരാണ് ദുരന്തമുണ്ടാക്കിയതെന്ന് രമേശ് തുറന്നടിക്കുകയും ചെയ്തു.

പ്രളയം തരണംചെയ്ത് പുതിയ കേരളം പുനര്‍നിര്‍മിക്കാന്‍ ഒരുമാസത്തെ ശമ്പളം ലോകത്താകമാനമുള്ള മലയാളികള്‍ നല്‍കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം പ്രതിപക്ഷവും ജീവനക്കാരുമെല്ലാം സ്വാഗതംചെയ്തു. പിന്നീടാണ് കാര്യങ്ങളുടെ നിജസ്ഥിതി പ്രതിപക്ഷത്തിന് ബോധ്യമാകുന്നത്. ഇപ്പോള്‍ പറയുന്നു പ്രളയത്തെ നേരിടാന്‍ കിട്ടുന്ന പണം പ്രത്യേക അക്കൗണ്ട് തുറന്ന് അതിലൂടെ ഇടപാട് നടത്തണമെന്ന്. അനുഭവമാണല്ലോ ഗുരു. സഹാനുഭൂതി ഉണ്ടാക്കി ലഭിക്കുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കൊഴുകിയാല്‍ അത് ഏതുവഴിക്കൊക്കെ പോകുമെന്നതിന് മുന്‍കാലാനുഭവമുണ്ട്. 

സുനാമി വന്നപ്പോള്‍ അതിനെ അതിജീവിക്കാന്‍ കുത്തൊഴുക്കെന്നപോലെ പണം വന്നു. കുറെ പണം ചെലവഴിക്കാതെവച്ചു. പിന്നീടത് കുറേശ്ശെയായി ചെലവാക്കാന്‍ തുടങ്ങി. പക്ഷെ അത് കടലുപോലും കണ്ടിട്ടില്ലാത്ത കരഭൂമിയിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കാണ് ചെലവാക്കിയത്. ഉദാഹരണം കോട്ടയം ജില്ലയില്‍ കടലുമില്ല, സുനാമിയുമില്ല. സുനാമിഫണ്ടുകൊണ്ട് പാലായില്‍ ഒരു സ്റ്റേഡിയം നിര്‍മ്മിച്ചു. 

അങ്ങനെ ഒരുപാട് നിര്‍മ്മിതികള്‍. യുഡിഎഫ് ഭരിക്കുമ്പോഴാണ് ഇങ്ങനെ ചെലവഴിച്ചത്. അതിനെ ശക്തമായി വിമര്‍ശിച്ചവരായിരുന്നു സിപിഎം നയിക്കുന്ന ഇടതുമുന്നണി. അവര്‍ക്കിനിയും മൂന്ന് വര്‍ഷമുണ്ട്. ഈ കാലയളവില്‍ എങ്ങനെ ചെലവാക്കണം എന്നവര്‍ കണ്ടുവച്ചുകാണും. യുഡിഎഫിന്റെ ഭീതിയും അതാണ്.

ഈ സര്‍ക്കാരിന്റെ കാലത്താണല്ലൊ 'ഓഖി'. ഓഖി ദുരന്തത്തെത്തുടര്‍ന്ന് ലഭിച്ച ഫണ്ടിന്റെ കാല്‍ഭാഗംപോലും ഇപ്പോഴും ചെലവാക്കിയിട്ടില്ല. മുഖ്യമന്ത്രി പറഞ്ഞതാണ് ശരി. വകമാറി ചെലവാക്കിയില്ലെന്ന് മാത്രമല്ല, ചെലവാക്കിയതേ ഇല്ല എന്ന് സാരം. അതിപ്രളയത്തിന് ലോകത്തുനിന്നാകമാനം പണം ഒഴുകുന്നുണ്ട്. സിപിഎമ്മിനെ അറിയുന്നവര്‍ക്ക് ആ ഫണ്ട്  പക്ഷപാതപരമായേ ചെലവാക്കൂ എന്നുറപ്പാണ്. പ്രതിപക്ഷനേതാവിന്റെ ആധിയും അതുതന്നെയാണ്. ദുരിതംമുതലാക്കാന്‍ സിപിഎം ശ്രമിക്കുന്നു എന്നാണ് രമേശ് ചെന്നിത്തല ഇപ്പോള്‍ പ്രസ്താവിച്ചിരിക്കുന്നത്. ഇത് നേരത്തെ മനസ്സിലാക്കാന്‍ കഴിഞ്ഞില്ലല്ലൊ എന്നദ്ദേഹം ചിന്തിക്കുന്നുണ്ടാവാം.

ദുരിതാശ്വാസ ക്യാമ്പുകളില്‍പ്പോലും രാഷ്ട്രീയ പക്ഷപാതം ഭരണകക്ഷി നടത്തിയെന്നത് അനുഭവമാണല്ലൊ. ദുരിതാശ്വാസത്തില്‍ കൈമെയ് മറന്ന് സേവാഭാരതി അടക്കമുള്ള സംഘടനകള്‍ സജീവമായപ്പോള്‍ മന്ത്രിമാരായ തോമസ് ഐസക്കും ജി.സുധാകരനും പത്രസമ്മേളനം നടത്തി ചിലകാര്യങ്ങള്‍ പറഞ്ഞു. ക്യാമ്പുകളില്‍ പാര്‍ട്ടിക്കാരും സേവനസംഘടനകളും വേണ്ട. അതിന്റെ നടത്തിപ്പ് ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കുകയാണ് എന്ന്. 

എല്ലാ ക്യാമ്പുകളിലും സഖാക്കളുടെ സാന്നിധ്യമില്ലെങ്കിലും സേവാഭാരതിക്കാരുണ്ടായിരുന്നു, അതൊഴിവാക്കാനായിരുന്നു ഇത്. ഉദ്യോഗസ്ഥരെന്നാല്‍ തെരഞ്ഞുപിടിച്ചു സഖാക്കളെ ഏല്‍പ്പിക്കാമല്ലൊ. അങ്ങനെ ഏല്‍പ്പിച്ച ഒരു ക്യാമ്പിലെ സാധനങ്ങള്‍ കൊള്ളയടിച്ച രണ്ട് ഉദ്യോഗസ്ഥര്‍ അറസ്റ്റിലുമായി. ചില ക്യാമ്പുകളില്‍ ഒരു സാധനവും നല്‍കാതെ സഖാക്കളുടെ ക്യാമ്പിലേക്ക് മറിച്ചുനല്‍കി എന്നും പരാതിയുണ്ട്. പ്രതിപക്ഷനേതാവും ഇതെല്ലാം അറിയുന്നുണ്ടല്ലൊ. അതുകൊണ്ടുതന്നെയാണ് കാശിന്റെ കാര്യത്തില്‍ കടുംപിടിത്തത്തിന് തയ്യാറെടുക്കുന്നത്. പക്ഷെ വൈകിപ്പോയി. ശുദ്ധന്മാരല്ല ഭരണത്തിലെന്ന് നേരത്തെ തിരിച്ചറിയണമായിരുന്നു.

കേന്ദ്രത്തെ കുറ്റപ്പെടുത്താന്‍ ഇരുകൂട്ടരും ഒരുമിക്കും. അങ്ങനെ ഒരുമിച്ചപ്പോഴാണ് ഓര്‍ക്കാപ്പുറത്ത് ഡാം തുറന്ന വിഷയം മുങ്ങിപ്പോയത്. യുഎഇ 700 കോടി വാഗ്ദാനം ചെയ്‌തെന്ന കാര്യം സൃഷ്ടിച്ചതും മുഖ്യമന്ത്രിയുടെ തന്ത്രമായിരുന്നു എന്നകാര്യം രമേശ് തിരിച്ചറിഞ്ഞില്ല. അപ്പോഴേക്കും കുറെ വെള്ളം ഇറങ്ങി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.