സര്‍ക്കാര്‍ രാഷ്ട്രീയ ഇച്ഛാശക്തി കാട്ടണം

Wednesday 29 August 2018 1:22 am IST

ര്‍ഷകാലം ആകുമ്പോഴേ മലയാളികളുടെ മനസ്സില്‍ ഭീതിയുടെ കരിനിഴല്‍ വീഴ്ത്തുന്ന ജലബോംബാണ് മുല്ലപ്പെരിയാര്‍ ഡാം. അതിന്റെ ഭീകരത കേരളത്തിലെ ജനങ്ങള്‍ അപ്രതീക്ഷിതമായി അനുഭവിക്കുകകൂടി ചെയ്ത പശ്ചാത്തലത്തില്‍ ഇനിയും ഒരു പരീക്ഷണം മലയാളികളുടെ ജീവന്‍ വച്ച് നടത്തരുത്. 142 അടിയെന്ന ഞാണിന്മേല്‍ കളി നടത്തുവാന്‍ തമിഴ് നാടിനെ അനുവദിക്കരുത്. കേരളം രൂപീകൃതമാകുന്നതിന് മുന്‍പ് ഉണ്ടായ കരാറിന്റെ പേരില്‍ ഇന്നും നമ്മെ ചൂഷണം ചെയ്യുന്നത് അനുവദിക്കിക്കാന്‍ ആകില്ല.

കേരളം സുപ്രിംകോടതിയിലും അന്തര്‍സംസ്ഥാന നദിജലതര്‍ക്ക െ്രെടബ്യുണലിലും കേരളത്തിന്റെ വാദം പലപ്പോഴും ദുര്‍ബലമായി പോകാറുണ്ട്. കാലപ്പഴക്കം പരിഗണിച്ച് അതിന്റെ ബലക്കുറവ് കണ്ടെത്തി സംഭരണശേഷി കുറപ്പിക്കുവാനും കേരളത്തില്‍ മഴ ശക്തമാകുമ്പോള്‍ ഡാം സുരക്ഷാ കമ്മീഷനെകൊണ്ട് പരിശോധിപ്പിക്കുവാനും ഡാം തുറപ്പിക്കാനും കേരളത്തിന് കഴിയാറില്ല. 

അതുകൊണ്ട് മുല്ലപ്പെരിയാര്‍ നദിജല കരാര്‍ റദ്ദുചെയ്യിക്കുന്നതിനും അതിന്റെ സുരക്ഷാചുമതല കേന്ദ്രം ഏറ്റെടുക്കുകയും ചെയ്യുന്നതിനാവശ്യമായ നിയമനിര്‍മ്മാണം നടത്തുവാന്‍ കേരളം തയ്യാറാകണം. ഡാമിന്റെ സുരക്ഷാചുമതല കേന്ദ്രസേനയെ ഏല്‍പ്പിക്കണം. ഇക്കാര്യങ്ങള്‍ സംയുക്തമായി നടപ്പിലാക്കുന്നതിന് ആവശ്യമായ നിയമനിര്‍മാണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം.

ജയകുമാര്‍ വേലിക്കകത്ത്, ഇടുക്കി

മാലിന്യങ്ങളില്‍ നിന്നും നദികളെ സംരക്ഷിക്കാം

നാടിനെ നടുക്കി മഹാപ്രളയം കഴിഞ്ഞപ്പോള്‍ മാലിന്യക്കൂമ്പാരങ്ങള്‍ വീണ്ടും ജലാശയങ്ങളിലും മറ്റും തള്ളുവാനാണ് ചിലര്‍ ഇപ്പോഴും ശ്രമിക്കുന്നത്. മാലിന്യം അലക്ഷ്യമായി എറിയുന്നത് മൂലം ഒരുകാലത്ത് നാടിന്റെ സമ്പത്തായിരുന്ന നദികള്‍ അപകടഭീഷണിയിലാണ് ഇപ്പോള്‍. അതിന്റെ പരിണിത ഫലങ്ങള്‍ നാം അനുഭവിച്ചു കഴിഞ്ഞു. നദികള്‍ മാലിന്യക്കൂമ്പാരമായതോടെ മനുഷ്യ ജീവനും അപായമണി മുഴങ്ങിത്തുടങ്ങി. മനുഷ്യരുടെ അലക്ഷ്യമായ പ്രവര്‍ത്തികള്‍ മൂലം ദുരിതത്തിലേക്ക് നീങ്ങുന്നത് ഭാവി തലമുറയാണ്. ജലജന്യ രോഗങ്ങള്‍ ഉള്‍പ്പെടെയുള്ളവ പിടിപെടാന്‍ ഇക്കാരണത്താല്‍ സാധ്യത ഏറെയാണ്. 

നദികള്‍ മലിനപ്പെട്ടതോടെ ഭക്ഷണം പാകം ചെയ്യുന്നതിനും മറ്റും നദീ ജലത്തെ ആശ്രയിച്ചു ജീവിച്ച ഒരു വിഭാഗം ജനങ്ങളും പ്രതിസന്ധിയിലായി. ഇവരില്‍ രോഗങ്ങളും പിടിപെട്ടു തുടങ്ങിയെന്നാണ് കണ്ടെത്തല്‍. ഇത്തരത്തില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കുവാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണം. പുഴകളെയും മറ്റും ഇത്തരം മാലിന്യക്കൂമ്പാരങ്ങളാല്‍ നശിപ്പിക്കുന്ന പ്രവണത ഇനിയുമുണ്ടാകരുത്.

തദ്ദേശസ്ഥാപനങ്ങള്‍ക്കും മലിനീകരണ നിയന്ത്രണ ബോര്‍ഡിനും ഈ വിപത്തിനെതിരെ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാന്‍ കഴിയണം. അവര്‍ ഇത് ജനകീയ പങ്കാളിത്തത്തോടെയാണ് നടപ്പാക്കേണ്ടത്. ഇതിനാവശ്യമായ പ്രചാരണ പരിപാടികള്‍ സര്‍ക്കാര്‍ തലത്തില്‍ സംഘടിപ്പിക്കേണ്ടതുണ്ട്.

അനൂപ്, തിരുവല്ല

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.