വോട്ടെടുപ്പ് യന്ത്രത്തെ പേടിക്കുന്നവര്‍

Wednesday 29 August 2018 1:23 am IST
കോണ്‍ഗ്രസ്സിനുപുറമെ തൃണമൂല്‍ കോണ്‍ഗ്രസ്, എഎപി, ബിഎസ്പി, ജനതാദള്‍ (എസ്), സമാജ്‌വാദി പാര്‍ട്ടി, തെലുങ്ക് ദേശം, എന്‍സിപി തുടങ്ങിയവയാണ് യന്ത്രത്തിനെതിരെ പ്രതികരിച്ച പ്രധാന പാര്‍ട്ടികള്‍. ഭരണകക്ഷികളില്‍പ്പെട്ട ശിവസേനയും യന്ത്രത്തെ വിമര്‍ശിച്ചു.

ഇലക്‌ട്രോണിക് വോട്ടെടുപ്പ് യന്ത്രം പിന്നെയും ചിലരെ പേടിപ്പിച്ച് തുടങ്ങിയിരിക്കുന്നു. അടുത്ത വര്‍ഷത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യന്ത്രം ഒഴിവാക്കി പഴയ മട്ടില്‍ ബാലറ്റ് കടലാസിലേക്ക് മടങ്ങണമെന്നാണ് കോണ്‍ഗ്രസ് അടക്കം 16 പാര്‍ട്ടികളുടെ നിലപാട്. അതേസമയം യന്ത്രത്തില്‍ പൂര്‍ണ വിശ്വാസമര്‍പ്പിച്ച മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ നിലപാട് ശ്രദ്ധേയമായി. മുന്‍പ് ശക്തമായി എതിര്‍ത്തിരുന്ന അവരുടെ ഇപ്പോഴത്തെ നിലപാട് ഏറ്റവും സുരക്ഷിതമായ രീതി ഇലക്‌ട്രോണിക് യന്ത്രം തന്നെയാണ് എന്നാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തെരഞ്ഞെടുപ്പു കമ്മീഷന്‍ വിളിച്ചുകൂട്ടിയ യോഗത്തിലായിരുന്നു പാര്‍ട്ടികളുടെ നിലപാട്. അഭിപ്രായത്തില്‍ ഐകരൂപ്യം ഇല്ലാതെ സര്‍വകക്ഷിയോഗം പിരിയുകയും ചെയ്തു. 

കോണ്‍ഗ്രസ്സിനുപുറമെ തൃണമൂല്‍ കോണ്‍ഗ്രസ്, എഎപി, ബിഎസ്പി, ജനതാദള്‍ (എസ്), സമാജ്‌വാദി പാര്‍ട്ടി, തെലുങ്ക് ദേശം, എന്‍സിപി തുടങ്ങിയവയാണ് യന്ത്രത്തിനെതിരെ പ്രതികരിച്ച പ്രധാന പാര്‍ട്ടികള്‍. ഭരണകക്ഷികളില്‍പ്പെട്ട ശിവസേനയും യന്ത്രത്തെ വിമര്‍ശിച്ചു.

ലോകം മുന്നോട്ടുപോകുമ്പോള്‍ പിന്നോട്ടുനടക്കുന്ന രീതിയാണ്, രാഷ്ട്രീയ വൈരത്തിന്റെ പേരില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തുടരുന്നത്. എന്തിലും രാഷ്ട്രീയം കാണുന്ന ശൈലി. ലോകരാജ്യങ്ങള്‍ പ്രശംസിച്ച കുറ്റമറ്റ തെരഞ്ഞെടുപ്പു രീതിയാണ് നമ്മുടേത്. വിസ്തൃതികൊണ്ടും ജനസംഖ്യകൊണ്ടും ഏറെ വലുതായ രാജ്യത്ത് അതിവേഗം പൂര്‍ത്തിയാക്കുന്ന തെരഞ്ഞെടുപ്പു പ്രക്രിയ ഇലക്ട്രോണിക് യന്ത്രത്തിന്റെ വിജയമാണ്. ഒറ്റ ദിവസം കൊണ്ട്  ഫലം പ്രഖ്യാപിച്ചുതീരുന്ന ശൈലി. ബാലറ്റ് വഴിയുള്ള തെരഞ്ഞെടുപ്പില്‍ ദിവസങ്ങളോളം എടുത്തിരുന്ന പ്രക്രിയയാണിത്. ഏറെ മനുഷ്യപ്രയത്‌നവും സമയവും വേണ്ട പ്രക്രിയയുമാണ് ബാലറ്റ് സമ്പ്രദായം. 

ബിജെപി ജയിക്കുമ്പോള്‍ വോട്ടെടുപ്പ് യന്ത്രത്തെ പഴിപറയുന്ന ശൈലിയിലാണ് പരാതി ആരംഭിച്ചത്. ഏത് ചിഹ്നത്തില്‍ കുത്തിയാലും ബിജെപിക്ക് വോട്ടുവീഴുന്ന രീതിയിലാണ് യന്ത്രം ക്രമീകരിച്ചിരിക്കുന്നത് എന്നായിരുന്നു പ്രധാന ആരോപണം. പിന്നീട് മറ്റുപാര്‍ട്ടികളും ചിലയിടങ്ങളില്‍ ജയിക്കാന്‍ തുടങ്ങിയതോടെ പരാതി പതിയെ കെട്ടടങ്ങി. തോല്‍വിക്കുള്ള കാരണം എന്നനിലയിലാണ് ഇത് വീണ്ടും തലപൊക്കിയത്. യന്ത്രത്തിന്റെ കൃത്യത ബോധ്യപ്പെടുത്താന്‍ തെരഞ്ഞെടുപ്പു കമ്മിഷന്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളേയും വിളിച്ചിരുന്നു. അപാകതയുണ്ടെങ്കില്‍ തെളിയിക്കാന്‍ പരാതിക്കാരായ പാര്‍ട്ടിക്കാരെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു. അന്നുപക്ഷേ, മിക്കപാര്‍ട്ടിയുടേയും പ്രതിനിധികള്‍ എത്തിയില്ല. പരാതികളുടേയും ആരോപണങ്ങളുടേയും പിന്നിലെ ആത്മാര്‍ഥത അന്നുതന്നെ സംശയത്തിന്റെ നിഴലിലായിരുന്നു. 

ക്രമക്കേടുകളും ബൂത്തുപിടുത്തം അടക്കമുള്ള അതിക്രമങ്ങളും നടമാടിയിരുന്ന തെരഞ്ഞെടുപ്പു പ്രക്രിയയുടെ ശുദ്ധീകരണം കൂടി ലക്ഷ്യമിട്ടാണ് ഈ പുതിയ സംവിധാനം തെരഞ്ഞെടുപ്പു കമ്മീഷന്‍ അവതരിപ്പിച്ചത്. രാഷ്ട്രീയപാര്‍ട്ടികളടക്കം ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്തിയാണ് നടപ്പാക്കിയതും. അന്നൊന്നും ഇല്ലാതിരുന്ന ആരോപണങ്ങളും പരാതികളുമാണ് ചിലര്‍ തോറ്റപ്പോള്‍ പൊന്തി വന്നത്. പഴയ കാലത്തേക്കുള്ള മടക്കം അക്കാലത്തെ മറ്റുചില പ്രവണതകളിലേക്കുമുള്ള തിരിച്ചുപോക്ക് ആയേക്കുമെന്ന് കമ്മീഷന്‍ ഓര്‍മ്മിപ്പിക്കുന്നു. ക്രമക്കേടുകളും ബൂത്ത് പിടുത്തവും അടക്കമുള്ള അതിക്രമങ്ങള്‍ വീണ്ടും വന്നേക്കാം. 

അത്തരം പ്രവണതകളുടെ സിരാകേന്ദ്രങ്ങളായ ഭാഗങ്ങളില്‍ നിന്നുള്ള പാര്‍ട്ടികള്‍ ആരോപണത്തിന്റെ മുന്‍പന്തിയിലുള്ളത് സംശയത്തിന് ബലമേകുന്നുമുണ്ട്. അതേസമയം, ഇത് ഒരുമുഴം മുന്‍പേയുള്ള ഏറായും കാണക്കാക്കാം. മുന്‍കൂര്‍ പരാജയ സമ്മതം. തോറ്റാല്‍ തോല്‍വിക്ക് കാരണം വോട്ടെടുപ്പ് യന്ത്രമാണെന്ന് ഇപ്പോഴേ പറഞ്ഞു വയ്ക്കുന്ന ബുദ്ധി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.