പ്രളയത്തില്‍ തകര്‍ന്ന് നെല്‍കൃഷി മേഖല

Wednesday 29 August 2018 1:24 am IST
കൃഷി സീസണായ സാഹചര്യത്തില്‍ അതാത് പ്രദേശങ്ങള്‍ക്കിണങ്ങിയ അത്യുത്പാദന ശേഷിയുള്ള വിത്തിനങ്ങള്‍ തിരഞ്ഞെടുത്ത് കൃഷിയിറക്കാന്‍ കര്‍ഷകര്‍ തയ്യാറാവണമെന്നാണ് ഡോ.എം.എസ്.സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷനിലെ ശാസ്ത്രജ്ഞര്‍ നല്‍കുന്ന നിര്‍ദ്ദേശം. പ്രളയം കണക്കിലെടുത്ത് മണ്ണുത്തിയിലെ കേരള കാര്‍ഷിക സര്‍വ്വകലാശാലയില്‍ വികസിപ്പിച്ചെടുത്ത വിത്തുകള്‍ ഉപയോഗിക്കുന്നതാവും കൃഷിക്ക് ഗുണകരമാവുന്നത്.

കൊച്ചി: പ്രളയക്കെടുതിയില്‍ തകര്‍ന്നടിഞ്ഞിരിക്കുകയാണ് കേരളത്തിലെ നെല്‍കൃഷി മേഖല. സമുദ്രനിരപ്പിനും താഴെ സ്ഥിതിചെയ്യുന്ന കുട്ടനാട് മുതല്‍ സമുദ്രനിരപ്പില്‍ നിന്നും 1000 -1500 മീറ്റര്‍ ഉയരമുള്ള ഇടുക്കിയിലെ വട്ടവടയിലെ നെല്‍ക്കൃഷി വരെ പ്രളയത്തില്‍ നശിക്കുകയും ഭൂമി കൃഷി യോഗ്യമല്ലാതായി മാറുകയും ചെയ്തിട്ടുണ്ട്. 20,000 ഹെക്ടര്‍ നെല്‍കൃഷിയാണ് പ്രളയത്തില്‍ നശിച്ചിരിക്കുന്നതെന്നാണ് കൃഷി വകുപ്പ് സെക്രട്ടറി ശോഭന കെ. പട്‌നായക് വ്യക്തമാക്കുന്നത്. 

കൃഷി സീസണായ സാഹചര്യത്തില്‍ അതാത് പ്രദേശങ്ങള്‍ക്കിണങ്ങിയ അത്യുത്പാദന ശേഷിയുള്ള വിത്തിനങ്ങള്‍ തിരഞ്ഞെടുത്ത് കൃഷിയിറക്കാന്‍ കര്‍ഷകര്‍ തയ്യാറാവണമെന്നാണ് ഡോ.എം.എസ്.സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷനിലെ ശാസ്ത്രജ്ഞര്‍ നല്‍കുന്ന നിര്‍ദ്ദേശം. പ്രളയം കണക്കിലെടുത്ത് മണ്ണുത്തിയിലെ കേരള കാര്‍ഷിക സര്‍വ്വകലാശാലയില്‍ വികസിപ്പിച്ചെടുത്ത വിത്തുകള്‍ ഉപയോഗിക്കുന്നതാവും കൃഷിക്ക് ഗുണകരമാവുന്നത്. 

പാലക്കാട്, വയനാട്, ഇടുക്കി ജില്ലകളില്‍ ഉരുള്‍പ്പൊട്ടല്‍ ഉണ്ടായതിനെത്തുടര്‍ന്ന് പാടങ്ങളില്‍ ചെളി നിറഞ്ഞിരിക്കുകയാണ്. ഇവ നീക്കം ചെയ്ത് ഈ സീസണില്‍ കൃഷിയിറക്കാന്‍ സാധിക്കില്ലെന്നാണ് കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. 

പുഞ്ചകൃഷിയ്ക്കായി കുട്ടനാട്ടിലെ പാടശേഖരങ്ങള്‍ ഒരുക്കുന്നതിനിടെയാണ് വെള്ളപ്പൊക്കം ഉണ്ടായത്. തുടര്‍ച്ചയായി മൂന്ന് വെള്ളപ്പൊക്കങ്ങള്‍ നേരിട്ട പാടശേഖരങ്ങളുടെ ബണ്ടുകള്‍ക്കെല്ലാം ബലക്ഷയം സംഭവിച്ചു. പാടങ്ങള്‍ കരകവിഞ്ഞ് ഒഴുകിയതിനാല്‍ കല്ലുകെട്ടുകളും തകര്‍ന്നിരിക്കുകയാണ്. പ്രളയത്തില്‍ കുട്ടനാട്ടിലെ നെല്‍ക്കൃഷിയില്‍ 150 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. 

23,000 നെല്‍ക്കര്‍ഷകരുടെ ജീവിതം കൂടിയാണ് പ്രളയം തകര്‍ത്തിരിക്കുന്നത്. പാടശേഖരങ്ങളുടെ ബണ്ടുകള്‍ ബലപ്പെടുത്തി കൃഷി പുനരാരംഭിക്കണമെങ്കില്‍ മാസങ്ങള്‍ വേണ്ടിവരുമെന്നാണ് കര്‍ഷകരും പറയുന്നത്. കുട്ടനാട്ടിലും അപ്പര്‍ കുട്ടനാട്ടിലുമായി 10,495 ഹെക്ടറിലെ നെല്‍ക്കൃഷി പൂര്‍ണ്ണമായും നശിച്ചു. 

കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ പുറംബണ്ടുകള്‍ തകര്‍ന്ന് 7046 ഹെക്ടറിലെ നെല്‍ക്കൃഷി നശിച്ചിരുന്നു. ഇപ്പോഴത്തെ പ്രളയത്തില്‍ അവശേഷിച്ച 3,449 ഹെക്ടര്‍ നെല്‍ക്കൃഷി കൂടി നഷ്ടമായി. പാടശേഖരങ്ങളിലെ വെള്ളം വറ്റിക്കാന്‍ ഉപയോഗിച്ചിരുന്ന പെട്ടിയും പറയും അടക്കമുള്ള 300 മോട്ടറുകള്‍ ഇപ്പോഴും വെള്ളത്തിലാണ്. 

ഇന്‍ഷുര്‍ ചെയ്തിരുന്നില്ല

പ്രളയത്തില്‍ നശിച്ച നെല്‍പ്പാടങ്ങള്‍ കൃഷിക്ക് യോഗ്യമാക്കാന്‍ ലക്ഷങ്ങള്‍ വേണ്ടിവരും. 70 ശതമാനം കര്‍ഷകര്‍ ഇക്കുറി വിള ഇന്‍ഷുര്‍ ചെയ്തിരുന്നില്ല. ഇന്‍ഷുറന്‍സ് ഉണ്ടായിരുന്നെങ്കില്‍ ഹെക്ടറിന് 15,000 മുതല്‍ 35,000 രൂപ വരെ ലഭിക്കുമായിരുന്നു. സ്വന്തം കൈയില്‍ നിന്നും പാടങ്ങള്‍ കൃഷിയോഗ്യമാക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ് കര്‍ഷകര്‍. സര്‍ക്കാര്‍ സഹായം ഉണ്ടായില്ലെങ്കില്‍ ഇക്കുറി കൃഷി വേണ്ടേന്ന നിലപാടിലാണ് സംസ്ഥാനത്തെ ഒരുവിഭാഗം നെല്‍ക്കര്‍ഷകര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.