പ്രളയ ദുരിതാശ്വാസം: ഇസാഫ് അഞ്ച് കോടി രൂപയുടെ അവശ്യസാധനങ്ങള്‍ സംഭരിച്ച് വിതരണം ചെയ്തു

Wednesday 29 August 2018 1:27 am IST

തൃശ്ശൂര്‍: പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 14 ജില്ലകളില്‍ ഇസാഫ് അഞ്ച് കോടി രൂപയുടെ അവശ്യസാധനങ്ങള്‍ സംഭരിച്ച് വിതരണം ചെയ്തതായി  ഇസാഫ് സ്ഥാപകന്‍ കെ. പോള്‍ തോമസ് അറിയിച്ചു. 

212 ദുരിതബാധിത മേഖലകളിലായി ഏകദേശം 1.75 ലക്ഷത്തോളം ജനങ്ങളെ സഹായിക്കുകയും 5328 വീടുകളില്‍ ഇസാഫിന്റെ സന്നദ്ധപ്രവര്‍ത്തകര്‍ നേരിട്ട് സന്ദശിച്ച് അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി അവശ്യസാധങ്ങള്‍ അടങ്ങിയ രണ്ടായിരത്തോളം കിറ്റുകള്‍ ദിവസേന വിതരണം നടത്തുകയും ചെയ്യുന്നു. ആട്ട, ബിസ്‌കറ്റ്, മിനറല്‍ വാട്ടര്‍, ബെഡ് ഷീറ്റുകള്‍, ടവലുകള്‍, സാനിട്ടറി നാപ്കിനുകള്‍, സോപ്പ്, ക്ലീനിംഗ് ലോഷനുകള്‍, കുട്ടികള്‍ക്കുള്ള ഭക്ഷണ സാധനങ്ങള്‍, അരി, പരിപ്പ് പഞ്ചസാര, ഉപ്പ് എന്നിവയാണ്  കിറ്റിലുണ്ടാവുക. ഇസാഫിന്റെ 10 മിനി ട്രക്കുകള്‍ ദുരിതബാധിത മേഖലകളില്‍ പ്രവര്‍ത്തിക്കുന്നു. 

മണ്ണുത്തി ഡോണ്‍ ബോസ്‌കോ കോളേജ് ഓഡിറ്റോറിയമാണ് ഇസാഫിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ വെയര്‍ ഹൗസായി പ്രവര്‍ത്തിക്കുന്നത്. ഇടുക്കി ജില്ലയില്‍ കട്ടപ്പനയിലും അടിമാലിയിലും വയനാട് ജില്ലയിലെ മാനന്തവാടിയിലും ഇസാഫിന്റെ ദുരിതാശ്വാസ വെയര്‍ഹൗസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.  പ്രളയത്തിലകപ്പെട്ട വീടുകളുടെ ശുചീകരണ പ്രവര്‍ത്തനങ്ങളും ഇസാഫ് വോളണ്ടിയേഴ്‌സിന്റെ നേതൃത്വത്തില്‍ സൗജന്യമായി നടത്തുന്നു. 

ഓഗസ്റ്റ് 16 മുതല്‍ ഇസാഫിന്റെ മൂവായിരത്തോളം ജീവനക്കാര്‍ 14 ജില്ലകളിലും സന്നദ്ധ സേവനം നടത്തിവരുന്നു. ജീവനക്കാര്‍ ഒരു ദിവസത്തെ ശമ്പളവും, ഓണത്തിന് ലഭിച്ച ബോണസിന്റെ പത്ത് ശതമാനവും ദുരിതബാധിതര്‍ക്കായി നല്‍കി. തിരുവോണ ദിവസമുള്‍പ്പെടെയുള്ള അവധി ദിനങ്ങളില്‍ ഇസാഫിന്റെ പ്രവര്‍ത്തകര്‍ ദുരിതാശ്വാസ മേഖലകളില്‍ സജീവമായിരുന്നു. വരും ദിവസങ്ങളിലും ഇസാഫിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന്  കെ. പോള്‍ തോമസ് അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.