വെള്ളക്കടലാസില്‍ മുത്തലാഖ്: വനിതാ കമ്മീഷന്‍ കേസെടുക്കും

Wednesday 29 August 2018 1:30 am IST

കണ്ണൂര്‍:  പയ്യന്നൂരില്‍ 23 വയസ്സുള്ള യുവതിയെ പെരുമ്പ സ്വദേശിയായ യുവാവ് വെള്ളക്കടലാസില്‍ നല്‍കിയ കുറിപ്പിലൂടെ മുത്തലാഖ് ചൊല്ലിയ വിഷയത്തില്‍ സ്വമേധയാ കേസെടുക്കുമെന്ന് സംസ്ഥാന വനിതാകമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍. 

 വിവാദ വിഷയമാണ് മുത്തലാഖ്. സ്ത്രീവിരുദ്ധമായ  മത നിയമമാണിത്. രാജ്യത്ത് വിവാഹമോചനം നല്‍കേണ്ടത് കോടതിയാണെന്നും മതസംവിധാനമോ മത മേലധ്യക്ഷന്‍മാരോ മതനേതാക്കന്‍മാരോ അല്ലെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു. കുറിപ്പിലൂടെ മതനേതാക്കന്‍മാരുടെ സാന്നിധ്യം പോലുമില്ലാതെ സ്ത്രീയെ മൊഴിചൊല്ലുന്ന അതിക്രൂരമായ രീതിയാണ് ഇവിടെ നിലനില്‍ക്കുന്നത്. ഇത് മാറണം. സംഭവത്തില്‍ കേരള വനിതാ കമ്മീഷന്‍ ശക്തമായി ഇടപെട്ട് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും എം.സി.ജോസഫൈന്‍ വ്യക്തമാക്കി.

വെള്ളക്കടലാസില്‍ എഴുതി നല്‍കിയാണ് അഞ്ച് വര്‍ഷത്തെ വിവാഹബന്ധമുളള യുവതിയെ മൊഴി ചൊല്ലിയതെന്ന് മാധ്യമ വാര്‍ത്തകളിലുണ്ട്. വിവാഹത്തില്‍ നാലു വയസ്സുള്ള മകനുണ്ട്. കഴിഞ്ഞമാസം മുത്തലാഖ് നല്‍കി 9 ദിവസങ്ങള്‍ക്ക് ശേഷം പെരുമ്പ സ്വദേശിയായ ഭര്‍ത്താവ് മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചതായും വാര്‍ത്തകളിലുണ്ട്. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് വനിതാ കമ്മീഷന്‍ കേസെടുക്കുന്നതെന്നും അവര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.