ഇടുക്കി രൂപതയുടെ അനധികൃത കെട്ടിടത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു

Wednesday 29 August 2018 1:31 am IST

ഇടുക്കി: കരിമ്പനില്‍ അനധികൃതമായി കുന്നിടിച്ച് നിര്‍മിച്ച ബഹുനില കെട്ടിടത്തിന് മേല്‍ മണ്ണിടിഞ്ഞ് വീണ് വന്‍നാശം. 15ന് രാത്രിയിലാണ് ഇടുക്കി രൂപതയുടെ കീഴിലുള്ള രണ്ട് നില കെട്ടിടത്തിന് മേല്‍ പിന്നിലെ മലയില്‍ നിന്ന് മണ്ണിടിഞ്ഞ് വീണത്.

മണ്ണ് വീണതിനെ തുടര്‍ന്ന് കെട്ടിടത്തിന്റെ മുകളില്‍ ചെയ്തിരുന്ന റൂഫിങ് പൂര്‍ണമായും തകര്‍ന്നു. വ്യാപാര കേന്ദ്രങ്ങള്‍ക്കും വന്‍തോതില്‍ നഷ്ടമുണ്ടായിട്ടുണ്ട്. ഇതിന് മുന്നില്‍ നിര്‍ത്തിയിരുന്ന രൂപതയുടെ വാഹനം അപകടത്തില്‍പ്പെടാതെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. 

ആറ് വര്‍ഷം മുമ്പാണ് കരിമ്പന്‍ ബസ്സ്റ്റാന്‍ഡിന് സമീപം മല ഇടിച്ച്് കെട്ടിടം നിര്‍മിച്ചത്. അന്ന് തന്നെ അനധികൃതമായി മലയിടിച്ചതിനെതിരെ വ്യാപക പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. പഞ്ചായത്തിന്റെ അംഗീകാരത്തോടെയായിരുന്നു നിര്‍മാണമെങ്കിലും അശാസ്ത്രീയമായ മണ്ണെടുപ്പും ചട്ടങ്ങള്‍ കാറ്റില്‍ പറയത്തിയുള്ള നിര്‍മാണവുമാണ് ദുരന്തത്തിന് വഴി വച്ചത്. 

ഫെഡറല്‍ ബാങ്ക്, ഇസാഫ് ബാങ്ക് എന്നിവ അടക്കം നിരവധി വ്യാപാര സ്ഥാപനങ്ങള്‍ ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇടിഞ്ഞതിന്റെ ബാക്കി ഭാഗം ഏത് നിമിഷവും നിലം പൊത്താവുന്ന തരത്തില്‍ നില്‍ക്കുകയാണ്. ഈ സാഹചര്യത്തിലും ഇവിടുത്തെ മണ്ണ് നീക്കി കെട്ടിടം തുറന്ന് കൊടുക്കാനുള്ള നീക്കവും ശക്തമാണ്. ജില്ലയിലെ ഇത്തരത്തിലുള്ള നിര്‍മാണങ്ങള്‍ക്കെതിരെ വ്യാപക പ്രതിഷേധങ്ങള്‍ ഉയര്‍ന്നെങ്കിലും യാതൊരു നടപടിയും എടുക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.