സെറീന, നദാല്‍ രണ്ടാം റൗണ്ടില്‍

Tuesday 28 August 2018 5:32 pm IST

ന്യൂയോര്‍ക്ക്: മുന്‍ ലോക ഒന്നാം നമ്പറായ സെറീന വില്ല്യംസ് യുഎസ് ഓപ്പണില്‍ വിജയത്തോടെ അരങ്ങേറി. ഏറെക്കാലത്തിനുശേഷം യുഎസ് ഓപ്പണില്‍ മത്സരിക്കാനെത്തിയ സെറീന ആദ്യ റൗണ്ടില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് പോളണ്ടിന്റെ മഗ്ദ ലിനെറ്റിനെ തോല്‍പ്പിച്ചു. സ്‌കോര്‍ 6-4, 6-0. 

യുഎസ് ഓപ്പണില്‍ ആറു തവണ കിരീടം നേടിയ താരമാണ് സെറീന. 23 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ നേടിയ സെറീന ഇത്തവണ യുഎസ് ഓപ്പണ്‍ നേടിയാല്‍ മാര്‍ഗററ്റിന്റെ 24 ഗ്രാന്‍ഡ് സ്ലാം കിരീടമെന്ന റെക്കോഡിനൊപ്പം എത്തും. കുഞ്ഞിന് ജന്മം നല്‍കിയതിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന സെറീന കഴിഞ്ഞ വര്‍ഷം യുഎസ് ഓപ്പണില്‍ മത്സരിച്ചില്ല.

സെറീനയുടെ സഹോദരി വീനസും രണ്ടാം റൗണ്ടില്‍ കടന്നു.ആദ്യ റൗണ്ടില്‍ സ്വറ്റ്‌ലാന കുസ്‌നെറ്റ്‌സോവയെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക്് തോല്‍പ്പിച്ചു. സ്‌കോര്‍ 6-3, 5-7, 6-3.

നിലവിലെ ഒന്നാം നമ്പറായ സിമോണ ഹാലേപ്പിനെ ആദ്യ റൗണ്ടില്‍ എസ്‌റ്റോണിയയുടെ കനേപ്പി അട്ടിമറിച്ചു. സ്‌കോര്‍: 6-2,6-4.

നിലവിലെ ചാമ്പ്യനായ സ്ലോയേന്‍ സ്റ്റീഫന്‍സ് റഷ്യയുടെ എവ്ജനീയ റോഡിനയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. സ്‌കോര്‍ 6-1, 7-5.

ഏഴാം സീഡായ ഗാര്‍ബീന്‍ മുഗുരുസ ആദ്യ റൗണ്ടില്‍ ചൈനയുടെ ഴാങ്ങിനെ അനായാസം മറികടന്നു. സ്‌കോര്‍ 6-3, 6-0. വിക്‌ടോറിയ അസരെങ്ക 6-3, 7-5 ന് വിക്‌ടോറിയ കുസ്‌മോവയെ തോല്‍പ്പിച്ചു.

പുരുഷ വിഭാഗത്തില്‍ നിലവിലെ ചാമ്പ്യനായ റാഫേല്‍ നദാല്‍ രണ്ടാം റൗണ്ടിലെത്തി. ആദ്യ റൗണ്ടിലെ എതിരാളിയായ സ്പാനിഷ് താരം ഡേവിഡ് ഫെറര്‍ പരിക്കേറ്റ് പിന്മാറിയതിനെ തുടര്‍ന്നാണ് നദാല്‍ രണ്ടാം റൗണ്ടിലെത്തിയത്. കളി നിര്‍ത്തുമ്പോള്‍ നദാല്‍ 6-3, 3-4 എന്ന സ്‌കോറിന് മുന്നിട്ടു നില്‍ക്കുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.