ഒരു മാസത്തെ ശമ്പളം; അവ്യക്തത, ആശങ്ക

Wednesday 29 August 2018 1:38 am IST
പ്രളയം കൂടുതല്‍ നാശനഷ്ടങ്ങള്‍ വരുത്തി വച്ച പ്രദേശങ്ങളില്‍ തുച്ഛമായ ശമ്പളം കൈപ്പറ്റുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് കൂടുതല്‍ ആശങ്കയിലായി. പ്രളയത്തില്‍ വീട്ടിലെ സര്‍വ്വതും നഷ്ടപ്പെട്ടു. വീട്ടുപകരണങ്ങള്‍ എല്ലാം പുതുതായി വാങ്ങണം. സര്‍ക്കാര്‍ നല്‍കുന്നത് 10,000 രൂപ. ഇത് ഒരു മാസത്തെ വീട്ടു സാധനങ്ങള്‍ വാങ്ങിക്കാനേ തികയൂ. വീട്ടുപകരണങ്ങള്‍ വാങ്ങിക്കാന്‍ ഒരു ലക്ഷം രൂപ പലിശ രഹിത വായ്പ നല്‍കാമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ഈ തുക തിരികെ ഗഡുക്കളായി അടയ്ക്കുകയും വേണം.

തിരുവനന്തപുരം: പ്രളയ ദുരന്തത്തെ തുടര്‍ന്ന് നവകേരള നിര്‍മ്മിതിക്കായി സര്‍ക്കാര്‍ ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം നല്‍കണമെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥനയില്‍ ജീവനക്കാര്‍ക്ക് അമര്‍ഷം. സംസ്ഥാന വ്യാപകമായി ഉണ്ടായ ദുരന്തത്തില്‍ എറണാകുളം, കോട്ടയം, വയനാട്, ഇടുക്കി, പത്തനംതിട്ട ജില്ലകള്‍ പൂര്‍ണ്ണമായും ദുരന്തത്തിന്റെ കെടുതി അനുഭവിക്കുന്നു. മറ്റ് ജില്ലകളിലുള്ളവര്‍ ഭാഗികമായെങ്കിലും ദുരന്തത്തിന്റെ ഭവിഷ്യത്ത് അനുഭവിക്കുന്നുണ്ട്. സര്‍വ്വതും നഷ്ടപ്പെട്ടവര്‍ക്ക് ദുരന്തത്തില്‍നിന്ന് കരകയറാന്‍ മാസങ്ങള്‍ വേണ്ടി വരും. അതിനിടയിലാണ് ഒരു മാസത്തെ ശമ്പളം നല്‍കണമെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന കൂടുതല്‍ ദുരിതത്തിലാക്കുന്നത്. 

പ്രളയം കൂടുതല്‍ നാശനഷ്ടങ്ങള്‍ വരുത്തി വച്ച പ്രദേശങ്ങളില്‍ തുച്ഛമായ ശമ്പളം കൈപ്പറ്റുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് കൂടുതല്‍ ആശങ്കയിലായി. പ്രളയത്തില്‍  വീട്ടിലെ സര്‍വ്വതും നഷ്ടപ്പെട്ടു. വീട്ടുപകരണങ്ങള്‍ എല്ലാം പുതുതായി വാങ്ങണം. സര്‍ക്കാര്‍ നല്‍കുന്നത് 10,000 രൂപ. ഇത് ഒരു മാസത്തെ വീട്ടു സാധനങ്ങള്‍ വാങ്ങിക്കാനേ തികയൂ. വീട്ടുപകരണങ്ങള്‍ വാങ്ങിക്കാന്‍ ഒരു ലക്ഷം രൂപ പലിശ രഹിത വായ്പ നല്‍കാമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ഈ തുക തിരികെ ഗഡുക്കളായി അടയ്ക്കുകയും വേണം. 

ദുരിതാശ്വാസ തുക വിനിയോഗിക്കുന്നതിലും ഇവര്‍ക്ക് ആശങ്കയുണ്ട്. എല്ലാം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് സംഭാവന ചെയ്യുന്നത്. നിലവില്‍ രണ്ടു ദിവസത്തെ തുക നല്‍കി കഴിഞ്ഞു. എല്ലാ തുകയും ഒരു അക്കൗണ്ടിലേക്ക് ചെല്ലുമ്പോള്‍ സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും എത്ര തുക ദുരിതാശ്വാസ നിധിയിലേക്ക് എത്തി എന്നതിന് യാതൊരു കണക്കും ഉണ്ടാകില്ലെന്ന് ജീവനക്കാര്‍ പറയുന്നു.  

ഓഫീസര്‍മാരുടെ കീശ വീര്‍പ്പിക്കുന്ന തരത്തിലാകരുത് നവകേരള നിര്‍മ്മിതിയെന്നും ഇത് സംബന്ധിച്ച് വ്യക്തത വേണമെന്നും ഇവര്‍ പറയുന്നു. മുഖ്യമന്ത്രിയുടെ പ്രീതി പിടിച്ചു പറ്റാന്‍ തലസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരെല്ലാം ഒരു മാസത്തെ ശമ്പളം നല്‍കാമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ഇവര്‍ ദുരന്തത്തിന് ഇരയായവരല്ല. കൂടാതെ ലക്ഷങ്ങള്‍ ശമ്പളം കൈപ്പറ്റുന്നവരും. ഓണാവധി കഴിഞ്ഞ് ഓഫീസുകള്‍ ഇന്ന് തുറക്കും. ഇടത് യൂണിയന്‍ നേതാക്കള്‍ സര്‍ക്കാരിനോടൊപ്പം നില്‍ക്കാനുള്ള തീരുമാനത്തിലാണ്. എന്നാല്‍ ജീവനക്കാര്‍ക്ക് താല്പര്യമില്ല. ഒരു മാസത്തെ ശമ്പളം നല്‍കുന്നത് സംബന്ധിച്ച് വ്യക്തത വരുത്താന്‍ യൂണിയനുകളുടെ അടിയന്തര യോഗങ്ങള്‍ ഇന്ന് ചേരുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.