ലോകബാങ്ക് ഇപ്പോള്‍ 'ശത്രുക്കളല്ല' ഇ്ന്ന് ചര്‍ച്ച

Wednesday 29 August 2018 1:41 am IST
ഒരിക്കല്‍ ലോകബാങ്ക് ഗോ ബാക്ക് വിളിച്ചവരാണ് ഇപ്പോള്‍ സഹായം തേടി ലോകബാങ്കിന്റെ പടിവാതിലില്‍ മുട്ടുന്നതെന്നതാണ് ശ്രദ്ധേയം. മറ്റു രാജ്യങ്ങളെ ചൊല്‍പ്പടിക്കു നിര്‍ത്താനുള്ള അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ഗൂഢാലോചനയാണ് വേള്‍ഡ് ബാങ്ക് നടപ്പാക്കുന്നതെന്ന് പലപ്പോഴും പറഞ്ഞിട്ടുള്ള ധനമന്ത്രി തോമസ് ഐസക് തന്നെയാണ് ഇപ്പോള്‍ ചര്‍ച്ചയ്ക്കു മുന്‍കൈയെടുക്കുന്നതെന്നതും ശ്രദ്ധേയം.

തിരുവനന്തപുരം: പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ കേരളത്തിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് എന്ന പേരില്‍ ലോകബാങ്കില്‍ നിന്ന് 3000 കോടി വായ്പ്പയെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം തുടങ്ങി. കുറഞ്ഞ പലിശനിരക്കില്‍ വായ്പ ലഭ്യമാക്കുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ ഇന്ന് വേള്‍ഡ് ബാങ്ക് പ്രതിനിധികള്‍ തിരുവനന്തപുരത്തെത്തും. നാശനഷ്ടം വിശദമായി വിലയിരുത്തിയ ശേഷമാകും തുകയും പലിശയും തീരുമാനിക്കുക. റോഡ് അടക്കം തകര്‍ന്നടിഞ്ഞ അടിസ്ഥാന സൗകര്യങ്ങള്‍ പുനര്‍നിര്‍മിക്കാനാകും വായ്പ്പ തേടുക. ഇക്കാര്യത്തില്‍ സഹായിക്കാമെന്ന് ലോകബാങ്ക് കേരളത്തെ നേരത്തെ അറിയിച്ചിരുന്നതാണ്.

ഒരിക്കല്‍ ലോകബാങ്ക് ഗോ ബാക്ക് വിളിച്ചവരാണ് ഇപ്പോള്‍ സഹായം തേടി ലോകബാങ്കിന്റെ പടിവാതിലില്‍ മുട്ടുന്നതെന്നതാണ് ശ്രദ്ധേയം. മറ്റു രാജ്യങ്ങളെ ചൊല്‍പ്പടിക്കു നിര്‍ത്താനുള്ള അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ഗൂഢാലോചനയാണ് വേള്‍ഡ് ബാങ്ക് നടപ്പാക്കുന്നതെന്ന് പലപ്പോഴും പറഞ്ഞിട്ടുള്ള ധനമന്ത്രി തോമസ് ഐസക് തന്നെയാണ് ഇപ്പോള്‍ ചര്‍ച്ചയ്ക്കു മുന്‍കൈയെടുക്കുന്നതെന്നതും ശ്രദ്ധേയം. 

ലോകബാങ്ക് സഹായം തേടുമോയെന്ന ചോദ്യത്തിന് എല്ലാവരുടെയും സഹായം തേടുമെന്നാണ് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ പ്രതികരിച്ചത്. 

റോഡുകള്‍ പുനര്‍നിര്‍മ്മിക്കാന്‍ പതിനായിരത്തിലേറെ കോടി രൂപ വേണ്ടിവരുമെന്നാണ് കേരളം കേന്ദ്രത്തെ അറിയിച്ചിരുന്നത്. അതു പ്രകാരം റോഡ് നിര്‍മിക്കാന്‍ മുഴുവന്‍ സഹായവും നല്‍കാമെന്നും കേന്ദ്രം അത് ചെയ്ത് നല്‍കാമെന്നും കേന്ദ്രം കേരളത്തിന് ഉറപ്പു നല്‍കുകയും ചെയ്തിരുന്നു. കേന്ദ്രം റോഡ് നിര്‍മിച്ചു നല്‍കുകയേ ഉള്ളൂ, പണമായി നല്‍കില്ലെന്ന് ഉറപ്പായ സാഹചര്യത്തിലാണ് ഇത്തരമൊരു ആലോചനയെന്നാണ് സൂചന.

മുന്‍പ് ലോകബാങ്കില്‍ നിന്ന് വായ്പയെടുക്കുന്നതിനെ അടച്ചാക്ഷേപിച്ചിരുന്നവരാണ് ഇടതു പക്ഷം. വായ്പ്പയെടുക്കുമ്പോള്‍ ഇന്ത്യയെ പണയം വയ്ക്കുകയാണെന്ന് ആരോപിച്ച് ഇവര്‍ വലിയ കോലാഹലവും വിവാദങ്ങളുമാണ് ഉണ്ടാക്കിയിരുന്നതും. അണക്കെട്ടുകള്‍ നവീകരിക്കാനും അറ്റകുറ്റപ്പണികള്‍ നടത്താനും ലോകബാങ്കിന്റെ സഹായത്തോടെയുള്ള 360 കോടിയുടെ പദ്ധതി ഏതാനും വര്‍ഷം മുന്‍പ് തയാറാക്കിയിരുന്നു.അതിനെ നഖശിഖാന്തം എതിര്‍ത്തത് സിപിഎമ്മാണ്.

എ.ബി. വാജ്‌പേയി പ്രധാനമന്ത്രിയായിരുന്ന കാലത്ത് നിരവധി വികസന പദ്ധതികള്‍ക്ക് ലോകബാങ്കിന്റെ സഹായം തേടിയിരുന്നു. എന്‍ഡിഎ സര്‍ക്കാരിന്റെ ഓരോ നയവും ലോകബാങ്കും ഐഎംഎഫുമാണ് നിശ്ചയിക്കുന്നതെന്നാണ് ഒരു പൊതുപരിപാടിയില്‍ അന്നത്തെ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പ്രസംഗിച്ചത്. ലോകബാങ്കിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങിയാണ് ഇന്ത്യയില്‍ സ്വകാര്യവല്‍ക്കരണം നടപ്പാക്കുന്നതെന്നും ലോകബാങ്ക് ജനവിരുദ്ധമാണെന്നും വരെ  കാരാട്ട് പറഞ്ഞിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.