ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെ വധിക്കാന്‍ ശ്രമം

Wednesday 29 August 2018 11:25 am IST
തന്നെ വധിക്കാന്‍ ശ്രമിക്കുന്നതിന് പിന്നില്‍ ബിഷപ്പിന്റെ ബന്ധുവാണെന്നും കന്യാസ്ത്രീ ആരോപിച്ചിട്ടുണ്ട്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച് കന്യാസ്ത്രീ നല്‍കിയ പരതിയിന്മേല്‍ പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് വധശ്രമത്തിനും പരാതി നല്‍കിയിരിക്കുന്നത്.

കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീക്കെതിരെ വധശ്രമം. ഇതു സംബന്ധിച്ച പരാതി കന്യാസ്ത്രീ കുറവിലങ്ങാട് പോലീസില്‍ നല്‍കി. താന്‍ സഞ്ചരിക്കുന്ന ഇരുചക്രവാഹനത്തിന്റെ ബ്രേക്ക് തകരാറിലാക്കാന്‍ ശ്രമിച്ചുവെന്നാണ് കന്യാസ്ത്രീ നല്‍കിയിരിക്കുന്ന പരാതിയില്‍ പറയുന്നത്. 

മഠത്തിലെ ജീവനക്കാരനായ അസം സ്വദേശി പിന്റുവാണ് വധഗൂഢാലോചന വെളിപ്പെടുത്തിയത്.  ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അടുത്ത അനുയായിയായ വൈദികന്റെ സഹോദരനാണ് വാഹനത്തിന്റെ ബ്രേക്ക് തകരാറിലാക്കാന്‍ നിര്‍ദേശിച്ചതെന്നും പിന്റു പറഞ്ഞതായി കന്യാസ്ത്രീ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കന്യാസ്ത്രീ സഞ്ചരിക്കുന്ന ഇരുചക്രവാഹനത്തിന്റെ ബ്രേക്ക് തകരാറിലാക്കുന്നതിന് പുറമെ, ടയറിന്റെ വാല്‍ട്യൂബ് ലൂസാക്കണമെന്നും ജീവനക്കാരനോട് നിര്‍ദേശിച്ചിരുന്നു. 

ഇങ്ങനെ ചെയ്യാന്‍ തന്റെ മേല്‍ നിരന്തരം കടുത്ത സമ്മര്‍ദ്ദം ഉണ്ടായിരുന്നതായും ജീവനക്കാരന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. കന്യാസ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കുറവിലങ്ങാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.  ബിഷപ്പിനെതിരെയുള്ള ലൈംഗിക ആരോപണ പരതിയിന്മേല്‍ പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് വധശ്രമത്തിനും പരാതി നല്‍കിയിരിക്കുന്നത്. ലൈംഗിക ആരോപണ പരാതിയില്‍ നിന്ന് കന്യാസ്ത്രിയെ പിന്‍വലിക്കാന്‍ സഭാതലത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും ഇവര്‍ പരാതിയില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. 

കുറവിലങ്ങാടുള്ള ഗസ്റ്റ് ഹൗസില്‍ രണ്ടുവര്‍ഷത്തിനിടെ പലതവണ തന്നെ ബലാത്സംഗം ചെയ്തതെന്നാണ് കന്യാസ്ത്രീ പോലീസിന് മൊഴി നല്‍കിയത്. 2014 മേയില്‍ ബിഷപ്പ് താമസത്തിനായി ഗസ്റ്റ് ഹൗസിലെത്തിയപ്പോഴാണ് ആദ്യമായി പീഡിപ്പിച്ചത്. തുടര്‍ന്ന് രണ്ടുവര്‍ഷത്തിനിടെ 13 തവണ ബലാത്സംഗം ചെയ്‌തെന്നും കന്യാസ്ത്രീയുടെ മൊഴിയിലുണ്ട്. ഇതിന്റെ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.   

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.