പ്രളയത്തിന് കാരണം കനത്ത മഴയെന്ന് കേന്ദ്ര ജലകമ്മീഷന്‍

Wednesday 29 August 2018 12:16 pm IST
അണക്കെട്ടുകള്‍ തുറന്നു വിട്ടതാണ് പ്രളയത്തിന് കാരണമായതെന്ന് പ്രചാരണം കഴമ്പില്ലാത്തതാണെന്ന് ജലകമ്മീഷന്‍ പ്രളയവിഭാഗം മേധാവി ശരത് ചന്ദ്ര പറയുന്നു. കേരളം നേരിട്ടത് നിയന്ത്രാണാതീതമായ ദുരന്ത സാഹചര്യമാണ്. അണക്കെട്ടുകള്‍ തുറന്നുവിട്ടതാണ് പ്രളയത്തിന് കാരണമായതെന്നു പറയുന്നത് ശരിയല്ല.

ന്യൂദല്‍ഹി: ഡാം തുറന്നു വിട്ടതല്ല, അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയാണ് കേരളത്തിലുണ്ടായ പ്രളയത്തിന് കാരണമെന്ന് കേന്ദ്ര ജലകമ്മീഷന്‍. ഇത് സംബന്ധിച്ച വിശദമായ പഠനങ്ങളുമായി കമ്മീഷന്റെ അന്തിമ റിപ്പോര്‍ട്ട് ഉടന്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കും.

അണക്കെട്ടുകള്‍ തുറന്നു വിട്ടതാണ് പ്രളയത്തിന് കാരണമായതെന്ന് പ്രചാരണം കഴമ്പില്ലാത്തതാണെന്ന് ജലകമ്മീഷന്‍ പ്രളയവിഭാഗം മേധാവി ശരത് ചന്ദ്ര പറയുന്നു. കേരളം നേരിട്ടത് നിയന്ത്രാണാതീതമായ ദുരന്ത സാഹചര്യമാണ്. അണക്കെട്ടുകള്‍ തുറന്നുവിട്ടതാണ് പ്രളയത്തിന് കാരണമായതെന്നു പറയുന്നത് ശരിയല്ല. നേരത്തെ തന്നെ അണക്കെട്ടുകള്‍ തുറന്നിരുന്നുവെങ്കിലും ഈ ദുരന്ത സ്ഥിതിയില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകുമായിരുന്നില്ല. കേരളത്തിന്റെ ഭൂപ്രകൃതിയും വികസനത്തിന്റെ പേരില്‍ നടന്ന കൈയേറ്റങ്ങളും ദുരന്തത്തിന്റെ ആക്കം കൂട്ടാന്‍ ഇടയാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

നിയന്ത്രിക്കാന്‍ കഴിയാത്ത ദുരന്തസാഹചര്യമായിരുന്നു കേരളത്തില്‍. നൂറോ, അന്‍പതോ വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമുണ്ടാകുന്ന പ്രളയമായിരുന്നു. പൂര്‍ണമായും നിയന്ത്രിക്കാന്‍ കഴിയുന്നതായിരുന്നില്ല കേരളത്തിലുണ്ടായ പ്രളയം എന്നും അദ്ദേഹം പറഞ്ഞു. പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ പ്രളയം നല്‍കിയ പാഠങ്ങള്‍ കേരളത്തിന്റെ മനസിലുണ്ടാകണമെന്നും കേന്ദ്ര ജലകമ്മിഷന്‍ കേന്ദ്ര സര്‍ക്കാരിന് നല്‍കാനായി തയാറാക്കുന്ന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

പ്രാഥമീക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ കരട് റിപ്പോര്‍ട്ട് തയാറാക്കുന്നത്. വിശദമായ പഠനങ്ങളുടെയും വിവര ശേഖരണത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും അന്തിമ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കുന്നത്.

അണക്കെട്ട് തുറന്നതാണ് കേരളത്തിലെ പ്രളയത്തിന് കാരണമെന്ന് പറയാനാകില്ലെന്നാണ് ദല്‍ഹി ഐഐടിയിലെ പ്രഫസര്‍ എ.കെ. ഗോസെയിന്‍ പറഞ്ഞത്. ശക്തമായ മഴയുണ്ടായി. മഴ പെയ്യുന്നതിന് അനുസരിച്ച് അണക്കെട്ട് നിറയുന്നത് സ്വാഭാവികം. സംഭരണ പരിധി എത്തുന്നതിനു മുന്‍പ് അണക്കെട്ടുകള്‍ തുറന്നുവെന്നാണ് മനസിലാക്കാന്‍ കഴിയുന്നത്. ഇക്കാര്യത്തില്‍ മറ്റൊന്നും ചെയ്യാനില്ലെന്നും പ്രളയത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ ശാസ്ത്രീയ പഠനം അനിവാര്യമാണെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.