വാജ്‌പേയിയുടെ ചിതാഭസ്മ നിമജ്ജന യാത്രക്ക് തുടക്കമായി

Wednesday 29 August 2018 2:15 pm IST
നിശിതമായി വിമര്‍ശിച്ച എതിരാളികളെപ്പോലും അനുയായികളാക്കിയ മാസ്മരിക വ്യക്തിത്വമായിരുന്നു വാജ്‌പേയിയുടേതെന്ന് അഡ്വ പി എസ് ശ്രീധരന്‍ പിള്ള അനുസ്മരിച്ചു. കേരളത്തോട് എന്നും അനുഭാവ നിലപാട് സ്വീകരിച്ച നേതാവായിരുന്നു വാജ്പേയി.

കാസര്‍കോട്: മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ചിതാഭസ്മ നിമജ്ജന യാത്രക്ക് കാസര്‍കോട് തുടക്കമായി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ പി.എസ് ശ്രീധരന്‍ പിള്ള, ഒ രാജഗോപാല്‍ എംഎല്‍എ, ദേശീയ സമിതി അംഗം പി കെ കൃഷ്ണദാസ്, മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി കെ പദ്മനാഭന്‍ എന്നിവരാണ് ചിതാഭസ്മവുമായി യാത്ര ചെയ്യുന്നത്. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്ന് തുടങ്ങിയ യാത്ര ഒനിന് തിരുവനന്തപുരം തിരുവല്ലത്ത് സമാപിക്കും.

ഒരോ തീരുമാനവും എടുക്കുമ്പോഴും മാനവികതയ്ക്ക് ഊന്നല്‍ നല്കിയ ഭരണാധികാരിയായിരുന്നു അടല്‍ജിയെന്ന് സി കെ പദ്‌മനാഭന്‍ അനുസ്മരിച്ചു. ഭാരതത്തിന്റെ സുവര്‍ണ കാലഘട്ടമായിരുന്നു വാജ്പേയി വിദേശകാര്യ മന്ത്രിയായിരുന്ന കാലമെന്ന മുസ്ലിം ലീഗ് നേതാവ് ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ പ്രസ്താവന വാജ്‌പേയിയുടെ ആദര്‍ശത്തിനുള്ള അംഗീകാരമായിരുന്നുവെന്ന് ഒ രാജഗോപാല്‍ എംഎല്‍എ പറഞ്ഞു.

നിശിതമായി വിമര്‍ശിച്ച എതിരാളികളെപ്പോലും അനുയായികളാക്കിയ മാസ്മരിക വ്യക്തിത്വമായിരുന്നു വാജ്‌പേയിയുടേതെന്ന് അഡ്വ പി എസ് ശ്രീധരന്‍ പിള്ള അനുസ്മരിച്ചു. കേരളത്തോട് എന്നും അനുഭാവ നിലപാട് സ്വീകരിച്ച നേതാവായിരുന്നു വാജ്പേയി. അതേ നിലപാടാണ് നരേന്ദ്രമോദി സര്‍ക്കാരും പിന്തുടരുന്നത്. എന്നാല്‍ മാധ്യമങ്ങള്‍ ഇത് മറച്ചു വെച്ച്‌ അപവാദ പ്രചാരണം നടത്തുകയാണ്.

വെള്ളപ്പൊക്കം ഉണ്ടായ ഉടനെ കേരളത്തില്‍ എത്തിയ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് നല്‍കാത്ത പ്രാധാന്യമാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനത്തിന് മാധ്യമങ്ങള്‍ നല്‍കുന്നത്. അതേസമയം പ്രളയ ബാധിത മേഖലകളില്‍ സേവാഭാരതി നടത്തിയ സേവന പ്രവര്‍ത്തനങ്ങളെ മാധ്യമങ്ങള്‍ തമസ്കരിക്കുകയും ചെയ്തു. ഇത് മാധ്യമ ധര്‍മ്മത്തിന് എതിരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാസര്‍കോട് ജില്ലാ പ്രസിഡന്റ് അഡ്വ കെ ശ്രീകാന്ത് അധ്യക്ഷനായിരുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം ടി രമേശ്, കെ സുരേന്ദ്രന്‍, എം ഗണേശന്‍, കെ സുഭാഷ്, സംസ്ഥാന ഉപാധ്യക്ഷന്‍മാരായ പി എം വേലായുധന്‍, കെ പി ശ്രീശന്‍, പ്രമീള സി നായ്ക്, സംസ്ഥാന വക്താവ് ജെ.ആര്‍ പദ്‌മകുമാര്‍, യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ അഡ്വ പ്രകാശ് ബാബു, പട്ടിക ജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ പി സുധീര്‍ എന്നിവര്‍ പങ്കെടുത്തു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.