ഇന്‍ഷ്വറന്‍സ് ക്ലെയിമുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ കേന്ദ്രം നിര്‍ദ്ദേശം നല്‍കി

Wednesday 29 August 2018 2:27 pm IST
പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ച എ.റ്റി.എം. കള്‍ വേഗത്തില്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്നും, കുറഞ്ഞൊരു കാലയളവില്‍ മിനിമം ബാലന്‍സ് ചട്ടങ്ങള്‍ വേണ്ടെന്ന് വയ്ക്കണമെന്നും കേന്ദ്ര സംഘം നിര്‍ദ്ദേശിച്ചു. പ്രളയത്തില്‍ നഷ്ടപ്പെട്ട ബാങ്കിംഗ്, ഇന്‍ഷ്വറന്‍സ് രേഖകള്‍ സംബന്ധിച്ച വിഷയം സംസ്ഥാന ഗവണ്‍മെന്റുമായി ചര്‍ച്ച ചെയ്യുമെന്നും അവര്‍ വ്യക്തമാക്കി.

തിരുവനന്തപുരം: കേരളത്തില്‍ പ്രളയത്തെ തുടര്‍ന്നുണ്ടായ വമ്പിച്ച നാശ നഷ്ടങ്ങളുടെ പശ്ചാത്തലത്തില്‍ ബാങ്കുകളും, ഇന്‍ഷ്വറന്‍സ് കമ്പനികളും കൈക്കൊണ്ട ദുരിതാശ്വാസ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര ധനകാര്യ മന്ത്രാലയത്തില്‍ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥ സംഘം വിലയിരുത്തി. അവലോകന യോഗത്തില്‍ കേന്ദ്ര ധനമന്ത്രാലയത്തിന് കീഴിലുള്ള സാമ്പത്തിക സേവന വകുപ്പിലെ അഡീഷണല്‍ സെക്രട്ടറി  ദേബാശിഷ് പാണ്ഡ, സാമ്പത്തിക ഉപദേഷ്ടാവ് എന്‍. ശ്രീനിവാസ റാവു തുടങ്ങിയവര്‍ പൊതുമേഖലാ ബാങ്കുകളുടെയും ഇന്‍ഷ്വറന്‍സ് കമ്പനികളുടെയും മേധാവികളുമായി ചര്‍ച്ച നടത്തി.

ഇന്‍ഷ്വറന്‍സ് ക്ലെയിമുകള്‍ തീര്‍പ്പാക്കുന്നതില്‍ കാലതാമസം വരുത്തരുതെന്നും സുതാര്യത ഉറപ്പ് വരുത്തണമെന്നും കേന്ദ്ര സംഘം നിര്‍ദ്ദേശിച്ചു. നടപടിക്രമങ്ങള്‍ ലളിതമാക്കണമെന്നും, ഇപ്പോള്‍ തന്നെ ദുരിതത്തിലാക്കിയ ജനങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിക്കരുതെന്നും ദേബാശിഷ് പാണ്ഡ ആവശ്യപ്പെട്ടു.

പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ച എ.റ്റി.എം. കള്‍ വേഗത്തില്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്നും, കുറഞ്ഞൊരു കാലയളവില്‍ മിനിമം ബാലന്‍സ് ചട്ടങ്ങള്‍ വേണ്ടെന്ന് വയ്ക്കണമെന്നും കേന്ദ്ര സംഘം നിര്‍ദ്ദേശിച്ചു. പ്രളയത്തില്‍ നഷ്ടപ്പെട്ട ബാങ്കിംഗ്, ഇന്‍ഷ്വറന്‍സ് രേഖകള്‍ സംബന്ധിച്ച വിഷയം സംസ്ഥാന ഗവണ്‍മെന്റുമായി ചര്‍ച്ച ചെയ്യുമെന്നും അവര്‍ വ്യക്തമാക്കി.

റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ, എസ്.ബി.ഐ, കാനാറാ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, സിന്‍ഡികേറ്റ് ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, നബാര്‍ഡ് തുടങ്ങി 12 ഓളം ബാങ്കുകളുടെ മേധാവികളും.എല്‍.ഐ.സി., നാഷണല്‍ ഇന്‍ഷ്വറന്‍സ്, ജനറല്‍ ഇന്‍ഷ്വറന്‍സ്, ഓറിയന്റല്‍ ഇന്‍ഷ്വറന്‍സ്, യുണൈറ്റഡ് ഇന്‍ഷ്വറന്‍സ്  മുതലായ കമ്പനികളുടെ പ്രതിനിധികളും സംബന്ധിച്ചു.

സംസ്ഥാനത്തെ പ്രളയം ബാധിക്കപ്പെട്ട എല്ലാ ബാങ്ക് ശാഖകളും എ.ടി.എമ്മുകളും വീണ്ടും തുറക്കുക, ഉപയോഗ്യശൂന്യമായിത്തീര്‍ന്ന കറന്‍സികള്‍ കൈമാറ്റം ചെയ്യുക, വായ്പാ തിരിച്ചടവ് കാലാവധി നീട്ടി നല്‍കുക തുടങ്ങിയ നടപടികള്‍ ഇതിനകം തന്നെ എല്ലാ ബാങ്കുകളും  ആരംഭിച്ചിട്ടുണ്ട്. പ്രളയവുമായി ബന്ധപ്പെട്ട വിവിധ ഇന്‍ഷ്വറന്‍സ് ക്ലെയിമുകള്‍ തീര്‍പ്പാക്കുന്നതിനുള്ള നടപടികള്‍ എല്ലാ ഇന്‍ഷ്വറന്‍സ് കമ്പനികളും തുടക്കമിട്ടിട്ടുണ്ട്. ക്ലെയിമുകള്‍ വേഗത്തില്‍ തീര്‍പ്പാക്കി, പ്രളയബാധിതരായ ആളുകള്‍ക്ക് ആശ്വാസം നല്‍കുന്നതിനായി ഇന്‍ഷ്വറന്‍സ് കമ്പനികള്‍ പ്രത്യേക ക്യാമ്പ് ഓഫീസുകള്‍ ആരംഭിക്കുകയും, അധിക മായി സര്‍വേയര്‍മാരെ വിന്യസിക്കുകയും, ആവശ്യമുള്ള രേഖകളുടെ കാര്യത്തില്‍ ഇളവ് നല്‍കുകയും ചെയ്തിട്ടുണ്ട്.

 പളയബാധിതരായ ജനങ്ങള്‍ക്ക് പരമാവധി പ്രയോജനം ഉറപ്പുവരുത്തുന്നതിനായി, ഫെസിലിറ്റേഷന്‍ കേന്ദ്രങ്ങള്‍ ആരംഭിച്ചതും, നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചതുമുള്‍പ്പെടെയുള്ള  ആശ്വാസ നടപടികളും ഇതിനകം കൈക്കൊണ്ടിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.