പ്രളയബാധിതരുടെ കണ്ണീരൊപ്പി അമൃതാനന്ദമയി മഠം

Thursday 30 August 2018 2:31 am IST

കരുനാഗപ്പള്ളി: പ്രളയബാധിതരെ സങ്കടക്കടലില്‍  നിന്നും കരകയറ്റാന്‍ മാതാ അമൃതാനന്ദമയിമഠം രംഗത്ത്. അമ്മയുടെ നിര്‍ദ്ദേശമനുസരിച്ച് മഠവുമായി ബന്ധപ്പെട്ട വിവിധ വിഭാഗങ്ങള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

മഴക്കെടുതിയെ തുടര്‍ന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നെന്ന് അമൃതാനന്ദമയി ദേവി പ്രഖ്യാപിച്ച പത്ത് കോടി രൂപ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാന്‍ അമൃതസ്വരൂപാനന്ദപുരി മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. 

കൊച്ചിയിലെ അമൃത ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസും കല്പറ്റയിലെയും അമൃതപുരിയിലെയും അമൃതകൃപ ചാരിറ്റബിള്‍ ആശുപത്രികളും വയനാട്, ഇടുക്കി തുടങ്ങിയ ദുരിതബാധിത പ്രദേശങ്ങളില്‍ മെഡിക്കല്‍ക്യാമ്പുകള്‍ സംഘടിപ്പിക്കുകയും വൈദ്യസഹായം എത്തിക്കുകയും ചെയ്യുന്നു.

 മുപ്പതിലധികം അമൃതവിദ്യാലയങ്ങളും ആശ്രമത്തിന്റെ വിവിധ ശാഖകളും ദുരിതാശ്വാസ കേന്ദ്രങ്ങളായി പ്രവര്‍ത്തിച്ചു. ദുരന്ത ബാധിതര്‍ക്ക് ഭക്ഷണം, വസ്ത്രങ്ങള്‍, പുതപ്പ് തുടങ്ങിയ ആവശ്യസാധനങ്ങളൊക്കെ അമൃതയുവധര്‍മധാരയുടെയും ഭക്തരുടെയും നേതൃത്വത്തില്‍ വിതരണം ചെയ്തത് ആയിരക്കണക്കിന് ദുരിതബാധിതര്‍ക്ക് ആശ്വാസമായി. മഴകുറഞ്ഞ് വെള്ളമിറങ്ങിയതോടെ വീടുകള്‍ ശുചിയാക്കി താമസയോഗ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.

അമൃതപുരി ക്യാംപസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അടിയന്തരസഹായ കേന്ദ്രം സജീവമാണ്. കേരളത്തിനകത്തും പുറത്തുമുള്ള അമൃതവിദ്യാലയങ്ങള്‍, ഭക്തജന സമിതികള്‍, മഠത്തിന്റെ വിവിധ ശാഖകള്‍ എന്നിവയൊക്കെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. 

സ്വന്തം ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.