ട്രാഫിക് പരിഷ്‌കരണം നടപ്പിലാക്കാനാവാതെ പാനൂര്‍

Wednesday 29 August 2018 6:00 pm IST

 

പാനൂര്‍: നടപ്പാക്കാനാകാത്ത ട്രാഫിക്ക് പരിഷ്‌ക്കരണത്തില്‍ പാനൂര്‍. കുരുക്കഴിക്കാന്‍ ശ്രമിക്കുന്തോറും കുരുക്കിലായി അധികൃതര്‍. നഗരസഭയും പോലീസും ചേര്‍ന്ന് ടൗണില്‍ നടത്താന്‍ തീരുമാനിച്ച പരിഷ്‌ക്കരണത്തില്‍ അപാകതയുണ്ടെന്ന ആക്ഷേപമുയര്‍ന്നതോടെ തീരുമാനം പിന്‍വലിച്ച് ബദല്‍ മാര്‍ഗം തേടാനാണ് അധികൃതരുടെ ആലോചന. ഇതിനായി വ്യാപാരികളെയും ടൗണിലെ ടാക്‌സി ഓട്ടോത്തൊഴിലാളികളെയും വിളിച്ചിരുത്തും. 

അസൗകര്യം മൂലം വീര്‍പ്പു മുട്ടുന്ന ടൗണിലെ റോഡിന് നടുവില്‍ കോണ്‍ സ്ഥാപിച്ച് കയര്‍ കെട്ടിയത് ഗതാഗത തടസ്സം രൂക്ഷമാകാന്‍ കാരണമായിട്ടുണ്ട്. ഇതിനിടെ കൂത്തുപറമ്പ് റോഡിലെ ടാക്‌സി കാര്‍ സ്റ്റാന്റ് മാറ്റാനുളള നീക്കം െ്രെഡവര്‍മാരുടെ എതിര്‍പ്പ് കാരണം ഒഴിവാക്കുകയും ചെയ്തു. ടാക്‌സി സ്റ്റാന്റ് പഴയ കെഎസ്ഇബി ഓഫീസ് പരിസരത്തെ ഇറിഗേഷന്‍ വകുപ്പിന്റെ സ്ഥലത്ത് മാറ്റാനായിരുന്നു നീക്കം. ഇത് െ്രെഡവര്‍മാര്‍ എതിര്‍ത്തതോടെ ഉപേക്ഷിച്ചു. റോഡരികില്‍ ടാക്‌സികള്‍ പാര്‍ക്ക് ചെയ്യുന്നതും കോണ്‍സ്ഥാപിച്ച് കയര്‍ കെട്ടിവെച്ചതും ഗതാഗത തടസ്സം രൂക്ഷമാക്കിയിട്ടുണ്ട്. 

റോഡരികില്‍ വാഹനം പാര്‍ക്കു ചെയ്യുന്നവരില്‍ നിന്നും പിഴയീടാക്കാന്‍ തുടങ്ങിയതോടെ ടൗണിലെ വ്യാപാരസ്ഥാപനങ്ങളില്‍ കച്ചവടം കുറഞ്ഞെന്ന് വ്യാപാരികള്‍ പറയുന്നു. കോണ്‍സ്ഥാപിച്ച് കയര്‍ കെട്ടിയതോടെ പുത്തൂര്‍, ബസ് സ്റ്റാന്റ്, കൂത്തുപറമ്പ് റോഡുകളില്‍ വാഹനങ്ങളുടെ നീണ്ട ക്യൂ ആണ്. ഇതോടെ കോണ്‍സ്ഥാപിച്ചത് മാറ്റണമെന്ന ആവശ്യം ശക്തമായി. 

കണ്ണൂര്‍ വിമാനത്താവളം റോഡിനായി നാലുവരിപ്പാത താല്‍ക്കാലികമായി ഇല്ലെന്ന തീരുമാനം വന്നതോടെയാണ് പരിഷ്‌ക്കരണ നടപടിക്ക് നഗരസഭ തയ്യാറായത്. എന്നാല്‍ പരിഷ്‌ക്കരണം പാളുകയായിരുന്നു. പാനൂര്‍ ടൗണിന് സമീപമുളള റോഡുകളുടെ അറ്റകുറ്റപണി പൂര്‍ത്തിയാക്കി ഗതാഗതയോഗ്യമാക്കിയാല്‍ തന്നെ ടൗണിലെ വാഹനകുരുക്ക് അഴിക്കാന്‍ പറ്റും.എന്നാല്‍ ബൈപ്പാസ് റോഡുകളായി ഉപയോഗിക്കാവുന്ന റോഡുകളെല്ലാം തകര്‍ന്ന നിലയിലാണ്. ഇതു കാരണം ടൗണിലേക്ക് വാഹനങ്ങള്‍ ഏറുകയാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.