നെടുമ്പാശേരിയില്‍ വീണ്ടും വിമാനമിറങ്ങി

Thursday 30 August 2018 2:30 am IST

കൊച്ചി:പ്രളയത്തെ തുടര്‍ന്ന് 'രണ്ടാഴ്ചയായി അടച്ചിട്ടിരുന്ന നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ വീണ്ടും വിമാനമിറങ്ങി. ഇന്നലെ ഉച്ചയ്ക്ക് 2.06 ന് അഹമ്മദാബാദില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനമാണ് പുനരുദ്ധാരണത്തിന് ശേഷം വിമാനത്താവളത്തില്‍ ആദ്യമെത്തിയത്.

 പെരിയാര്‍ കരകവിഞ്ഞൊഴുകിയതോടെ ആഗസ്റ്റ് 15 ന് പുലര്‍ച്ചെയാണ് വിമാനത്താവളം അടച്ചത്. പരിസര പ്രദേശങ്ങള്‍ക്കൊപ്പം വിമാനത്താവളവും വെള്ളത്തിനടിയിലായി. ചുറ്റുമതില്‍ തകര്‍ന്നതുള്‍പ്പെടെ സാരമായ കേടുപാടുകള്‍ വിമാനത്താവളത്തിന് സംഭവിച്ചു. വൈദ്യുതി വിതരണ സംവിധാനം, റണ്‍വെ ലൈറ്റുകള്‍, ജനറേറ്ററുകള്‍ എന്നിവയെല്ലാം തകരാറിലായി. വെള്ളം ഇറങ്ങിക്കഴിഞ്ഞ് ആഗസ്റ്റ് 20 നാണ് സിയാല്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പരിശോധന പൂര്‍ത്തിയായതോടെ വിമാനത്താവളം സമ്പൂര്‍ണ ഓപ്പറേഷന് സജ്ജമായി. 

ഇന്നലെ ഉച്ചയ്ക്ക് അഹമ്മദാബാദില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനമെത്തിയതോടെ സിയാല്‍ വീണ്ടും തിരക്കിലായി. ഉച്ചയ്ക്ക് 3.25 നുള്ള ബാംഗ്ലൂര്‍ ഇന്‍ഡിഗോയാണ് ആദ്യമായി ടേക് ഓഫ് നടത്തിയത്.   മസ്‌ക്കറ്റില്‍ നിന്നുള്ള ജെറ്റ് എയര്‍വേയ്‌സ് വിമാനം വൈകീട്ട് നാലരയോടെ എത്തി. പുനരുദ്ധരിച്ച വിമാനത്താവളത്തില്‍ എത്തിയ ആദ്യ രാജ്യാന്തര സര്‍വീസ് ആണിത്. വിമാനത്താവളം പൂര്‍ണ സജ്ജമായ ആദ്യദിനം ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ അര്‍ധരാത്രി വരെ 33 വിമാനങ്ങള്‍ ഇറങ്ങുകയും 30 എണ്ണംപുറപ്പെടുകയും ചെയ്തു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.