വിമര്‍ശിക്കാതെ രാഹുല്‍, കെപിസിസി വെട്ടിലായി

Thursday 30 August 2018 2:33 am IST

കൊച്ചി: പ്രളയ ദുരന്തത്തെത്തുടര്‍ന്ന് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച കെപിസിസിയെ വെട്ടിലാക്കി കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് രാഹുല്‍ ഗാന്ധി. കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങല്‍ക്ക് ഉത്തരം നല്‍കാതെരാഹുല്‍ ഒഴിഞ്ഞു മാറി. കേരളത്തിലെ പ്രളയ ദുരിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു.

പ്രളയം മനുഷ്യനിര്‍മിതമാണെന്നും ഓഖി ദുരിതാശ്വാസ ഫണ്ടുപോലും കാര്യക്ഷമമായി വിനിയോഗിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിച്ചിട്ടില്ലെന്നും കോണ്‍ഗ്രസ് കേരളഘടകം രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഇതെക്കുറിച്ചു മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ചു ചോദിച്ചിട്ടും രാഷ്ട്രീയം പറയാന്‍ ഉദ്ദേശമില്ല എന്ന ഉത്തരമാണ് രാഹുല്‍ നല്‍കിയത്. 

ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പാക്കേണ്ട ആവശ്യകതയെക്കുറിച്ചുള്ള ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചില്ല. ദുരന്തത്തെ രാഷ്ട്രീയവത്കരിക്കാന്‍ ഉദ്ദേശമില്ലെന്നും പ്രളയദുരന്തം നേരിട്ട ജനങ്ങളെ കാണുന്നതിനായാണ് താന്‍ കേരളത്തിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു.  കേരളത്തിലെ ജനങ്ങളുടെ വേദന കുറയ്ക്കാന്‍ ഉപാധിരഹിതമായ വിദേശ സഹായം സ്വീകരിക്കാമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും രാഹുല്‍ പറഞ്ഞു. 

ദുരന്തത്തെ കേരളം നേരിട്ട രീതിയെ അഭിനന്ദിക്കുന്നുവെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്നതിന് കൂടിയാണ് കേരളത്തില്‍ എത്തിയതെന്നും അദ്ദേഹം പറഞ്ഞു. മുകുള്‍ വാസ്‌നിക്, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാല്‍, എം.എം. ഹസന്‍ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.