അടല്‍ജി ചിതാഭസ്മ നിമജ്ജന യാത്രയ്ക്ക് തുടക്കമായി

Thursday 30 August 2018 2:36 am IST

കാസര്‍കോട്: മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ പാദസ്പര്‍ശത്താല്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ ധന്യമായ കാസര്‍കോടിന്റെ മണ്ണില്‍ നിന്ന് അദ്ദേഹത്തിന്റെ ചിതാഭസ്മ നിമജ്ജനയാത്രയ്ക്ക് തുടക്കമായി. അടല്‍ജിയുടെ അനന്തനിര്‍ഗ്ഗളമായ വാക്ചാതുര്യം പണ്ട് മുഴങ്ങിയതിന്റെ ജ്വലിക്കുന്ന ഓര്‍മകളുറങ്ങുന്ന സപ്തഭാഷാ സംഗമഭൂമിയില്‍ നിന്ന് അനന്തപുരിയിലേക്ക് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ളയുടെ നേതൃത്വത്തില്‍ ചിതാഭസ്മവും വഹിച്ചുകൊണ്ടുള്ള വാഹനം നാമജപസങ്കീര്‍ത്തനങ്ങള്‍ മുഴങ്ങിനിന്ന അന്തരീക്ഷത്തില്‍ പ്രയാണമാരംഭിച്ചു. വാജ്‌പേയിയുടെ കാസര്‍കോട് സന്ദര്‍ശനങ്ങള്‍ക്ക് സാക്ഷികകളാകാന്‍ ഭാഗ്യം ലഭിച്ചിരുന്ന ജില്ലയിലെ തലമുതിര്‍ന്ന സംഘപരിവാര്‍ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ബാഷ്പാഞ്ജലികളേറ്റു വാങ്ങിയ വികാരനിര്‍ഭരമായ അന്തരീക്ഷത്തിനാണ് ചിതാഭസ്മയാത്രാരംഭ വേദി ഇന്നലെ സാക്ഷിയായത്.

വിമര്‍ശകരെയാണ് തനിക്കാവശ്യം, അല്ലാതെ സ്തുതിപാഠകരെയല്ലായെന്ന് ഉറക്കെ വിളിച്ച് പറയുകയും സമന്വയ രാഷ്ട്രീയത്തിന്റെ വക്താവായി അവസാനശ്വാസം വരെയും നിലകൊള്ളുകയും ചെയ്ത മഹാനായിരുന്നു അടല്‍ജിയെന്ന് പി.എസ്.ശ്രീധരന്‍ പിള്ള പറഞ്ഞു. ഏറ്റവും വലിയ രാഷ്ട്രതന്ത്രജ്ഞനെന്ന നിലയിലാണ് അടല്‍ജിയെ ലോകം നോക്കിക്കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. 

കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് നടന്ന ചടങ്ങില്‍ ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് അധ്യക്ഷത വഹിച്ചു. ഒ.രാജഗോപാല്‍ എംഎല്‍എ, ബിജെപി ദേശീയ സമിതിയംഗം സി.കെ.പത്മനാഭന്‍ എന്നിവര്‍ അനുസ്മരണ പ്രഭാഷണങ്ങള്‍ നടത്തി. ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ്, വൈസ് പ്രസിഡന്റുമാരായ പി.എം.വേലായുധന്‍, കെ.പി.ശ്രീശന്‍ മാസ്റ്റര്‍, പ്രമീള സി നായക്, സംഘടനാ സെക്രട്ടറി എം.ഗണേശ്, സഹസംഘടനാ സെക്രട്ടറി കെ.സുഭാഷ്, ജനറല്‍ സെക്രട്ടറിമാരായ എം.ടി.രമേശ്, കെ.സുരേന്ദ്രന്‍, വക്താക്കളായ പി.രഘുനാഥന്‍, ജെ.ആര്‍.പത്മകുമാര്‍, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.പ്രകാശ് ബാബു, എസ്ടി-എസ്‌സി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.സുധീര്‍, ബിജെപി ദേശീയസമിതിയംഗം എം.സഞ്ജീവ ഷെട്ടി, സംസ്ഥാന സമിതിയംഗങ്ങളായ പി.സുരേഷ്‌കുമാര്‍ ഷെട്ടി, രവീശതന്ത്രി കുണ്ടാര്‍, അഡ്വ.വി.ബാലകൃഷ്ണഷെട്ടി, സംസ്ഥാന സെല്‍ കോ-ഓര്‍കോഡിനേറ്റര്‍ കെ.രഞ്ജിത്ത്, എന്‍ആര്‍ഐ സെല്‍ സംസ്ഥാന കോ.ഓര്‍ഡിനേറ്റര്‍ ഹരി തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.