അനന്ത്‌നാഗില്‍ സുരക്ഷാസേന രണ്ട് ഹിസ്ബുള്‍ മുജാഹിദിന്‍ ഭീകരരെ വധിച്ചു

Thursday 30 August 2018 2:37 am IST

ശ്രീനഗര്‍: തെക്കന്‍ കശ്മീരിലെ അനന്ത്‌നാഗില്‍ ഭീകരര്‍ക്കായുള്ള തെരച്ചിലിനിടെ സുരക്ഷാ സേന രണ്ട് ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരരെ കൊന്നു. അല്‍താഫ് ദര്‍, ഒമര്‍ റാഷിദ് വാനി എന്നിവരെയാണ് സേന കൊലപ്പെടുത്തിയത്. അല്‍താഫ് ദര്‍ കച്ച്‌റൂ എന്ന പേരിലാണ് അറിയപ്പെടുന്നത്.

ഇയാളുടെ നേതൃത്വത്തില്‍ അനന്തനാഗില്‍ പോലീസ്, സുരക്ഷാസേന, സാധാരണക്കാര്‍ എന്നിവര്‍ക്കു നേരെ നിരവധി ആക്രമണങ്ങളാണ് നടത്തിയത്. അല്‍താഫ് ദറിന്റെ പേരില്‍ കുറ്റകൃത്യങ്ങളുടെ നീണ്ടനിരയാണ് 2007 മുതല്‍ പോലീസിന്റെ പക്കലുള്ളത്. കൊല്ലപ്പെട്ട ഒമര്‍ റാഷിദ് വാനി കഴിഞ്ഞ വര്‍ഷത്തോടെയാണ് പോലീസിനു നേരെയുള്ള ആക്രമണങ്ങളില്‍ സജീവമായത്. അനന്ത്‌നാഗില്‍ കഴിഞ്ഞയിടയ്ക്കുണ്ടായ ആക്രമണത്തില്‍ പോലീസുകാരനെ വധിച്ച സംഭവത്തില്‍ പ്രധാനിയാണിയാള്‍.

ഹിസ്ബുള്‍ മുജാഹിദിന്‍ കമാന്‍ഡറായ ബുഹ്‌റന്‍ വാനിയെ 2016ല്‍ സേന കൊലപ്പെടുത്തിയതിനു ശേഷം അല്‍താഫ് ദര്‍ യാസിന്‍ ഇറ്റൂ എന്ന ഭീകരനൊപ്പം പ്രദേശത്ത് സേനയ്ക്കു നേരെയുള്ള ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയായിരുന്നു. തെക്കന്‍ കശ്മീരിലെ കുല്‍ഗാം സ്വദേശികളായ ഇവരില്‍ നിന്നും എകെ-47 തോക്കും ഐഎന്‍എസ്എഎസ് റൈഫിളും പിടിച്ചെടുത്തു. അനന്ത്‌നാഗ് ജില്ലയിലെ മുനിവാര്‍ഡ് ഗ്രാമത്തില്‍ ഭീകരരുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സുരക്ഷാ സേന നടത്തിയ തെരച്ചില്‍ നടത്തവെ ഭീകരര്‍ ആക്രമണം നടത്തുകയായിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.