റഫാല്‍: കോണ്‍ഗ്രസിനെതിരെ അരുണ്‍ ജെയ്റ്റ്‌ലി

Thursday 30 August 2018 2:40 am IST

ന്യൂദല്‍ഹി: റഫാല്‍ ഇടപാടില്‍ 2016ല്‍ നടന്ന വിലപേശലില്‍ 20 ശതമാനം കുറവാണ് ഒരോ യുദ്ധവിമാനത്തിന്മേലും ഉണ്ടായതെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. എന്നാല്‍ 2007ല്‍ യുപിഎ സര്‍ക്കാരിന്റെ ഭരണകാലത്ത് ഇതായിരുന്നില്ല സ്ഥിതിയെന്നും ജെയ്റ്റിലി വെളിപ്പെടുത്തി. പൂര്‍ണമായും ലോഡ് ചെയ്ത വിമാനങ്ങളാണ് ഇടപാടു വഴി ഇന്ത്യക്ക് ലഭിക്കുക. ഇരുരാജ്യങ്ങളിലെയും സര്‍ക്കാരുകള്‍ നേരിട്ടാണ് ഇടപാട് നടത്തുന്നത്. 

എഎന്‍ഐയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ജെയ്റ്റിലി ഇക്കാര്യം വ്യക്തമാക്കിയത്.  രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനുമെതിരെ അനാവശ്യ അഴിമതിയാരോപണം നടത്തുകയാണ്. കോടികളുടെ വെട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. എന്നാല്‍ ഇക്കാര്യത്തില്‍ ആശങ്കയുണ്ടാക്കിയത് അന്നത്തെ പ്രതിരോധ മന്ത്രിയായിരുന്ന എ.കെ. ആന്റണിയാണെന്നും ജെയ്റ്റ്‌ലി പറഞ്ഞു. 

രൂപയുടെ മൂല്യത്തിലുണ്ടാകുന്ന വ്യത്യാസമനുസരിച്ച് 2007 ല്‍ ഇടപാട് ഉറപ്പിക്കുന്ന വിലയേക്കാള്‍ കൂടിയ വിലയ്ക്കാണ് 2016ല്‍ വിമാനങ്ങള്‍ വാങ്ങേണ്ടി വരികയെന്ന് ആന്റണി പാര്‍ട്ടിയെ അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് കോണ്‍ഗ്രസ് റഫാല്‍ ഇടപാട് വേണ്ടെന്നു വച്ചത്. എന്നാല്‍ രണ്ട് കാലഘട്ടങ്ങളിലെ വിലകള്‍ തമ്മില്‍ ഒത്തുനോക്കിയാല്‍ 2007ലെ വിലയേക്കാള്‍ 20 ശതമാനം കുറവിലാണ് റഫാല്‍ ഇടപാട് മോദി സര്‍ക്കാര്‍ നടത്തിയിരിക്കുന്നതെന്ന് ആര്‍ക്കും മനസിലാകുമെന്ന് ജെയ്റ്റ്‌ലി ആവര്‍ത്തിച്ചു.

റഫാല്‍ ഇടപാടില്‍ കോണ്‍ഗ്രസിന്റെ കാപട്യം തുറന്നു കാണിക്കാനുള്ള 15 ചോദ്യങ്ങള്‍ എന്ന പേരില്‍ ഫേസ്ബുക്കില്‍ ബ്ലോഗിലൂടെ ചോദ്യങ്ങളും ഉന്നയിക്കുന്നു ജെയ്റ്റ്‌ലി. ദേശീയ സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്ത് കോണ്‍ഗ്രസ് ഒരു ദശാബ്ദത്തോളം കരാറിനെ തടസ്സപ്പെടുത്തിയെന്നും ജയ്റ്റ്‌ലി ആരോപിച്ചു. തന്റെ ആരോപണങ്ങളില്‍ ഏഴ് വ്യത്യസ്ത കണക്കുകളാണ് രാഹുല്‍ പറയുന്നത്. റഫാല്‍ ഇടപാടിനെ കുറിച്ച് കോണ്‍ഗ്രസ് പ്രസിഡന്റിന് വ്യക്തമായ ധാരണയില്ലെന്നതിന് തെളിവാണെന്നും അദ്ദേഹം വ്യക്തമാക്കി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.