ഓഖി ഫണ്ടില്‍ ഉത്തരം നല്‍കാതെ മുഖ്യമന്ത്രി ഉരുണ്ടു കളിക്കുന്നു: ചെന്നിത്തല

Thursday 30 August 2018 2:44 am IST

കൊച്ചി: ഓഖി ഫണ്ട് സംബന്ധിച്ച പ്രതിപക്ഷ ആരോപണത്തിന് കൃത്യമായ മറുപടി നല്‍കാതെ മുഖ്യമന്ത്രി ഉരുണ്ടു കളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉത്തരവുകളുടെയും കണക്കുകളുടെയും പേരില്‍ പുകമറ സൃഷ്ടിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. ഓഖി ദുരിതാശ്വാസ ഫണ്ടില്‍ ലഭിച്ച എത്ര രൂപ ചെലവഴിച്ചു, മത്സ്യത്തൊഴിലാളികള്‍ക്ക് എത്ര കിട്ടി എന്നാണ് അറിയേണ്ടത്. കിട്ടിയ തുകയുടെ കാര്യത്തില്‍ പോലും സര്‍ക്കാരിന് വ്യക്തതയില്ലെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. 

ഓഖി ദുരന്തത്തില്‍ എത്ര പേര് മരിച്ചെന്നോ എത്രപേരെ കാണാതായെന്നോ ഉള്ള കണക്ക് പോലും സര്‍ക്കാരിന്റെ പക്കല്‍ ഇല്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ഇത് ചൂണ്ടിക്കാട്ടേണ്ടത് പ്രതിപക്ഷത്തിന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. ഓഖിയുടെ ഗതി പ്രളയ ദുരിതാശ്വാസ ഫണ്ടിന് സംഭവിക്കരുത്. ജനങ്ങളുടെ വിയര്‍പ്പിന്റെ അംശമാണ് പ്രളയ ദുരിതാശ്വാസത്തിന് ലഭിച്ചത്. ആ ഫണ്ട് വക മാറ്റുകയോ ചെലവഴിക്കാതിരിക്കുകയോ ചെയ്യരുത് എന്നതിനാലാണ് പ്രതിപക്ഷം ഇത് ചൂണ്ടിക്കാട്ടുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി പല കാര്യങ്ങള്‍ക്കും ചെലവഴിക്കാം. 

ഓഖി ഫണ്ടില്‍ എത്ര രൂപ ചെലവഴിച്ചെന്ന് മുഖ്യമന്ത്രി പറയുന്നില്ല. ഒന്‍പത് മാസം കഴിഞ്ഞിട്ടും ആലോചനയിലാണെന്നും ഉത്തരവായെന്നുമാണ് പല ചോദ്യങ്ങള്‍ക്കും മുഖ്യമന്ത്രിയുടെ മറുപടി. ഓഖി ദുരിതാശ്വാസ ഫണ്ട് കിട്ടേണ്ടവര്‍ക്ക് കിട്ടിയില്ല എന്ന ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നു. വിവരാവകാശ നിയമപ്രകാരവും നിയമസഭയില്‍ മുഖ്യമന്ത്രി പറഞ്ഞ മറുപടിയും വ്യത്യസ്തമാണ്. ഏത് കണക്കാണ് ശരിയെന്ന് മുഖ്യമന്ത്രി തന്നെ പറയണം. നിയമസഭയില്‍ മുഖ്യമന്ത്രി 2018 ജനുവരി 23 ന് നല്‍കിയ മറുപടിയില്‍ ദേശീയ ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് ഓഖി ദുരന്തം നേരിടാന്‍ അടിയന്തര ദുരിതാശ്വാസത്തിനായി 133 കോടി കിട്ടിയെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത് 111 കോടിയേ കിട്ടിയുള്ളൂ എന്നാണ്. ഏതാണ് ശരിയെന്നു മുഖ്യമന്ത്രി തന്നെ പറയണം.  ഓഖി ദുരന്തത്തിന് ലഭിച്ചത് 240 കോടി രൂപയാണ്. ഇത് മുഖ്യമന്ത്രി ഒരിടത്തും പറയുന്നില്ല. പകരം 218 കോടിയുടെ കണക്കാണ് അദ്ദേഹം പറയുന്നത്. ബാക്കി 22 കോടി രൂപ എവിടെ പോയെന്നു പറയണം. വാദത്തിനു വേണ്ടി മുഖ്യമന്ത്രിയുടെ കണക്ക് അംഗീകരിച്ചാല്‍ പോലും 65 കോടി രൂപ മാത്രമാണ് ചെലവഴിച്ചത്. ബാക്കി തുക എന്ത് ചെയ്തു എന്ന് പറയണം. ഇതൊന്നും പറയാതെ പുകമറ സൃഷ്ടിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. 

ഓഖി ദുരന്തത്തില്‍ ഉണ്ടായ വീഴ്ച പ്രളയ ദുരിതാശ്വാസത്തിനു സംഭവിക്കരുത് എന്ന് പ്രതിപക്ഷം പറയുന്നു. അതെങ്ങനെ കേവലം വിമര്‍ശനം മാത്രമാകുമെന്നു പ്രതിപക്ഷ നേതാവ് ചോദിച്ചു. മത്സ്യബന്ധന ഉപകരണങ്ങള്‍ക്ക് നഷ്ടപരിഹാരമായി 1.65 കോടി രൂപ ചെലവഴിച്ചു എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ ഒരാള്‍ക്ക് പോലും അത് ലഭിച്ചിട്ടില്ല. മറൈന്‍ ആംബുലന്‍സിനു വേണ്ടി 7.36 കോടി രൂപ ചെലവിട്ടെന്നും മുഖ്യമന്ത്രി പറയുന്നു. എന്നാല്‍ അതിനു ടെണ്ടര്‍ പോലും വിളിച്ചിട്ടില്ല. ഈ നയം തിരുത്തണമെന്ന് പ്രതിപക്ഷം പറയുന്നത് എങ്ങനെ വിമര്‍ശനത്തിന് വേണ്ടിയുള്ള വിമര്‍ശനമാകും. ഇത് സര്‍ക്കാര്‍ ഉണ്ടാക്കിയ ദുരന്തമാണ്. എന്നിട്ടും പ്രതിപക്ഷവും താനും സര്‍ക്കാരിനൊപ്പം ഒന്നിച്ചു നിന്നു. സര്‍ക്കാരിന്റെ തെറ്റുകള്‍ ചൂണ്ടിക്കാട്ടിയില്ലെങ്കില്‍ ജനം പ്രതിപക്ഷത്തെ പഴിക്കും. സര്‍ക്കാരിന് മംഗള പത്രം രചിക്കല്‍ അല്ല പ്രതിപക്ഷത്തിന്റെ ജോലി. പിണറായി വിജയന്‍ പ്രതിപക്ഷ നേതാവായി ഇരുന്നിട്ടില്ല, അതാണ് പ്രശ്‌നം. അടുത്ത തവണ അദ്ദേഹത്തിന് അത്  മനസിലാകും. 

ഐഎംഎഫും, ലോകബാങ്കും എഡിബിയുമൊക്കെ പ്രിയങ്കരര്‍ ആയതില്‍ സന്തോഷമുണ്ട്. ആരില്‍ നിന്ന് വായ്പ സ്വീകരിക്കുന്നതിലും ഞങ്ങള്‍ക്ക് എതിര്‍പ്പില്ല. ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഡാം ദുരന്തത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.