സേവാഭാരതി ലോറി തടഞ്ഞു; അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം

Thursday 30 August 2018 2:43 am IST

കാഞ്ഞങ്ങാട്: സേവാഭാരതിയുടെ ദുരിതാശ്വാസ ക്യാമ്പിലേക്ക്  ഗുജറാത്തില്‍ നിന്നും ഉല്‍പ്പന്നങ്ങളുമായി വന്ന ലോറി നീലേശ്വരത്ത്  ഡിവൈഎഫ്‌ഐ-സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു. ഗുജറാത്തിലെ സേവാഭാരതി  ശേഖരിച്ച ഉല്‍പ്പന്നങ്ങള്‍ മാവുങ്കാലിലെ സേവാഭാരതിയുടെ ഉല്‍പ്പന്നശേഖരണ കേന്ദ്രത്തിലേക്ക് കൊണ്ടുവരികയായിരുന്ന ലോറിയാണ് തടഞ്ഞത്.

ഗുജറാത്തില്‍ നിന്നും 50,000 രൂപ വാടക നിശ്ചയിച്ചാണ് സാധനങ്ങള്‍ കാഞ്ഞങ്ങാട്ടേക്ക് കയറ്റിവിട്ടത്. തലശ്ശേരി സ്വദേശിയായ ലോറി ഡ്രൈവര്‍ വിനുവാണ് കരാര്‍ ഏറ്റെടുത്തത്. 75000 രൂപയാണ് വാടകയായി ഡ്രൈവര്‍ ആവശ്യപ്പെട്ടതെങ്കിലും 50000 രൂപയ്ക്ക് സമ്മതിക്കുകയായിരുന്നു. ഡ്രൈവര്‍ കൂടുതല്‍ വാടക ലഭിക്കാന്‍ വഴിയില്‍വെച്ച് സേവാഭാരതി അറിയാതെ നീലേശ്വരം ഓര്‍ച്ചയിലെ മരക്കമ്പനിയിലേക്ക് മര ഉരുപ്പടികള്‍ സാധനങ്ങളോടൊപ്പം കയറ്റുകയായിരുന്നു. ഈ മര ഉരുപ്പടികള്‍ ലോറിയില്‍ നിന്ന് ഇറക്കുന്ന സമയത്ത് ഡിവൈഎഫ്‌ഐ-സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു. സ്ഥലത്തെത്തിയ പോലീസ്  ലോറി ആര്‍ഡിഒയ്ക്ക് കൈമാറി..തുടര്‍ന്ന് സേവാഭാരതി പ്രവര്‍ത്തകര്‍ ജില്ലാ കളക്ടറുമായി ബന്ധപ്പെട്ട് മുഴുവന്‍ രേഖകളും ബോധ്യപ്പെടുത്തിയതോടെ   കളക്ടര്‍ തഹസില്‍ദാറുമായി ബന്ധപ്പെട്ട്  ഉല്‍പ്പന്നങ്ങള്‍ സേവാഭാരതിക്ക് തിരിച്ചേല്‍പ്പിച്ചു. 

യാഥാര്‍ത്ഥ്യം ഇതാണെന്നിരിക്കെ സേവാഭാരതിയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ സോഷ്യല്‍മീഡിയയിലും മറ്റും വ്യാപകമായ ദുഷ്പ്രചരണം നടത്തുകയാണ് സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ചെയ്യുന്നത്. ഇതിനെതിരെ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്ന് സേവാഭാരതി അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.