സര്‍ക്കാര്‍ സഹായം ലഭ്യമാക്കാന്‍ സേവാഭാരതി സംവിധാനം ഒരുക്കും

Thursday 30 August 2018 2:44 am IST

തിരുവനന്തപുരം:  മഹാപ്രളയത്തില്‍ ദുരിതാശ്വാസ രക്ഷാപ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ നിന്ന  ദേശീയ സേവാഭാരതി പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ സഹായം നല്‍കും. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നിരവധി  ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അര്‍ഹരായവരെ അത് നേടിയെടുക്കാന്‍ സഹായിക്കുന്ന സംവിധാനം ഒരുക്കും. അതിന്റെ ഭാഗമായി   സേവാഭാരതി പ്രളയബാധിത പ്രദേശങ്ങളില്‍ സമഗ്രമായ സര്‍വേ നടത്തുമെന്നും ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

'പകര്‍ച്ചവ്യാധി തടയാം, ആരോഗ്യ കേരളം സൃഷ്ടിക്കാം' എന്ന സന്ദേശം നല്‍കി കേരളമാകെ ശുചീകരണ മഹായജ്ഞം സെപ്തംമ്പര്‍ ഒന്നിന് സംഘടിപ്പിക്കും. രണ്ട് ലക്ഷം പേര്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ നടത്തുന്ന യജ്ഞത്തില്‍ പങ്കാളികളാകും. സംസ്ഥാന പ്രസിഡന്റ് ഡോ. കെ. പ്രസന്നമൂര്‍ത്തി, ജനറല്‍ സെക്രട്ടറി എ.വി. ശങ്കരന്‍,  സംഘടനാ കാര്യദര്‍ശി യു.എന്‍. ഹരിദാസ്, സെക്രട്ടറി ഡി. വിജയന്‍, രാഷ്ട്രീയ സ്വയം സേവകസംഘം സംസ്ഥാന  സഹസേവാ പ്രമുഖ്  ജി.വി. ഗിരീഷ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു

75,600 പേരെ രക്ഷിച്ചു; 2155 ടണ്‍ ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്തു

തിരുവനന്തപുരം; ജൂലൈ 17 മുതല്‍ സേവാഭാരതി  കുട്ടനാട്ടിലെ  പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്നവരുടെയിടയില്‍ സേവന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു.  തുടര്‍ന്ന് കേരളമാകെ ബാധിച്ച മഹാപ്രളയത്തില്‍ പെട്ടുപോയവര്‍ക്ക് സഹായവും സേവനവുമായി ദേശീയ സേവാഭാരതി മുന്നിലുണ്ടായിരുന്നു. പ്രളയത്തില്‍ കുടുങ്ങിയ 75,600 പേരെ രക്ഷപ്പെടുത്തി. രക്ഷാപ്രവര്‍ത്തനങ്ങളില്‍ 14,100 പ്രവര്‍ത്തകര്‍ പങ്കാളികളായി. 350 ബോട്ടുകളും വഞ്ചികളും  600 വാഹനങ്ങളും 75 ആംബുലന്‍സുകളും പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു.

ദുരിത ബാധിതരെ പാര്‍പ്പിക്കാന്‍ 298 ക്യാമ്പുകള്‍ പൂര്‍ണമായും ഏറ്റെടുത്ത് നടത്തി.  പകര്‍ച്ചവ്യാധികള്‍ തടയുന്നതിന് ഡോക്ടര്‍മാരുടെയും, ആരോഗ്യപ്രവര്‍ത്തകരുടെയും 650 പേര്‍ അടങ്ങുന്ന സംഘം പങ്കാളികളായി. 250 മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചു. 2155 ടണ്‍ ഭക്ഷ്യസാധനങ്ങള്‍, പുതിയ വസ്ത്രങ്ങള്‍, ഗൃഹോപകരണങ്ങള്‍ എന്നിവ ക്യാമ്പുകളിലും വെള്ളം ഇറങ്ങിയശേഷം ഗൃഹങ്ങളിലും വിതരണം ചെയ്തു.  അത് ഇപ്പോഴും തുടരുന്നുമുണ്ട്. 1,05,000 കുടുംബങ്ങള്‍ക്ക് ഇതിന്റെ ഗുണം ലഭിച്ചു.

എല്ലാ ജില്ലകളിലും  300 സംഭരണ കേന്ദ്രങ്ങള്‍ വരെ ഇതിനായി പ്രവര്‍ത്തിച്ചു. ശുചീകരണ പ്രവര്‍ത്തനത്തില്‍ 1,20,000 സേവാഭാരതി പ്രവര്‍ത്തകര്‍ 27600 വീടുകള്‍, 210 ആരാധനാലയങ്ങള്‍, 400 ആശുപത്രിയടക്കമുള്ള മറ്റ് സ്ഥാപനങ്ങള്‍ എന്നിവ ശുചീകരിച്ചു. രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളില്‍ ദുരന്തമുണ്ടായ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് മെഡിക്കല്‍ ക്യാമ്പുകളും, കുടുംബാംഗങ്ങള്‍ക്ക് കൗണ്‍സിലിംഗും നടത്തിവരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.