ചാപ്റ്റര്‍ ട്യൂഷന്‍ സെന്റര്‍ പീഡനം മുഹമ്മദ് അഷ്‌ക്കര്‍ കുറ്റക്കാരന്‍; ശിക്ഷ ഇന്ന് പ്രഖ്യാപിക്കും

Thursday 30 August 2018 2:46 am IST

കാസര്‍കോട്: കാഞ്ഞങ്ങാട്ടെ ചാപ്റ്റര്‍ ട്യൂഷന്‍ സെന്റര്‍ ലൈംഗിക പീഡനക്കേസിലെ പ്രതി കാഞ്ഞങ്ങാട് ബല്ലാകടപ്പുറത്തെ മുഹമ്മദ് അഷ്‌കറി (28)നെ കാസര്‍കോട് അഡീ. ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) കുറ്റക്കാരനെന്ന് കണ്ടെത്തി. പ്രതിക്കുള്ള ശിക്ഷ ഇന്ന് പ്രഖ്യാപിക്കും. ട്യൂഷന്‍ സെന്ററിലെ വിദ്യാര്‍ഥിയായിരുന്ന പതിനേഴുകാരിയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് പ്രതി അഷ്‌ക്കറിനെ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്.

2012 ലാണ് പെണ്‍കുട്ടിയെ അഷ്‌ക്കര്‍ പീഡിപ്പിച്ചത്. കാഞ്ഞങ്ങാട് കോട്ടച്ചേരി ബസ് സ്റ്റാന്‍ഡിനു സമീപമുള്ള ട്യൂഷന്‍ സെന്ററില്‍ നിരവധി പെണ്‍കുട്ടികളെ പീഡിപ്പിച്ച അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.  പെണ്‍കുട്ടികളും രക്ഷിതാക്കളും മൊഴി മാറ്റിപ്പറഞ്ഞതിനാല്‍ നാലു കേസുകള്‍ റദ്ദായി. ഒരു പെണ്‍കുട്ടി പരാതിയില്‍ ഉറച്ചു നിന്നു. സിആര്‍പിസി 164 പ്രകാരം മജിസ്‌ട്രേറ്റ് മുമ്പാകെ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ഈ കേസിലാണ് ഇപ്പോള്‍ അഷ്‌ക്കറിനെ കുറ്റക്കാരനെന്ന് കണ്ടെത്തിയിരിക്കുന്നത്. പരാതി പിന്‍വലിക്കാന്‍ തയാറാകാതിരുന്ന ഒരു പെണ്‍കുട്ടിക്കെതിരെ അമ്പലത്തറ ടൗണില്‍ പോസ്റ്റര്‍ പതിച്ച് അധിക്ഷേപിച്ചതിന് മറ്റൊരു കേസും അഷ്‌ക്കറിനെതിരെ പോലീസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

കാഞ്ഞങ്ങാട്ടെ ഒരു വിദ്യാര്‍ത്ഥിനി സ്‌കൂളില്‍ അസംബ്ലിക്കിടെ തലകറങ്ങി വീഴുകയും സ്വകാര്യ ആശുപത്രിയില്‍ പെണ്‍കുട്ടിയെ പ്രവേശിപ്പിക്കുകയും ചെയ്തതോടെയാണ് പീഡനത്തിനിരയായ വിവരം പുറത്തുവന്നത്. അന്നത്തെ സിഐയായിരുന്ന കെ.വി.വേണുഗോപാല്‍ അഷ്‌ക്കറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് നിരവധി പെണ്‍കുട്ടികളെ പീഡിപ്പിച്ചതായി സമ്മതിച്ചത്.

പെണ്‍കുട്ടികളോ രക്ഷിതാക്കളോ പരാതി നല്‍കാത്തതിനാല്‍ പോലീസ് സ്വമേധയാ  കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. കോട്ടച്ചേരിയിലും അജാനൂര്‍ ഇഖ്ബാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനടുത്തുമാണ് അഷ്‌ക്കര്‍ ട്യൂഷന്‍ സെന്റര്‍ നടത്തിയിരുന്നത്. ഹൊസ്ദുര്‍ഗ് സിഐ കള്ളക്കേസ് ചമച്ചതാണെന്ന് ആരോപിച്ച് അഷ്‌ക്കര്‍ ഹൈക്കോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തില്‍ കേസ് അന്വേഷണം െ്രെകം ഡിറ്റാച്ച്‌മെന്റ് ഡിവൈഎസ്പി രഘുരാമന് കൈമാറുകയായിരുന്നു. അദ്ദേഹമാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.