പ്രളയ കാരണം ഡാമുകള്‍ തുറന്നത്: കേന്ദ്രഭൗമശാസ്ത്ര മന്ത്രാലയം

Thursday 30 August 2018 2:47 am IST

ന്യൂദല്‍ഹി: കേരളത്തിലെ പ്രളയത്തിന് കാരണം ഡാമുകള്‍ മുഴുവനും ഒരുമിച്ചു തുറന്നുവിട്ടതാണെന്ന് കേന്ദ്രഭൗമശാസ്ത്ര മന്ത്രാലയം. കനത്ത മഴ മാത്രമല്ല ദുരന്തത്തിന് വഴിവെച്ചത്. മുന്നറിയിപ്പില്ലാതെ ഡാമുകള്‍ തുറന്നുവിട്ടത് ആഘാതം വലിയ തോതില്‍ വര്‍ദ്ധിപ്പിച്ചു, മന്ത്രാലയ സെക്രട്ടറി എം. രാജീവന്‍ പറഞ്ഞു. 

കാലാവസ്ഥാ പ്രവചനങ്ങളെ ഗൗരവത്തിലെടുക്കാന്‍ കേരളം തയ്യാറാവേണ്ടതുണ്ട്. കനത്ത മഴയുണ്ടാകുമെന്ന് വ്യക്തമായ മുന്നറിയിപ്പ് സംസ്ഥാനത്തിന് നല്‍കിയിരുന്നു. വലിയ മഴ ഉണ്ടാകുമെന്ന പ്രവചനം ഇല്ലായിരുന്നു എന്ന പ്രചരണം അടിസ്ഥാന രഹിതമാണ്. റെഡ് അലേര്‍ട്ട് തന്നെയാണ് കേരളത്തിന് നല്‍കിയത്. 

ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഒറീസ അടക്കമുള്ള നിരവധി സംസ്ഥാനങ്ങളുടെ ഉപദേശം കേരളം സ്വീകരിക്കേണ്ടതുണ്ട്. വിദേശരാജ്യങ്ങളിലെ മാതൃകകളും സ്വീകരിക്കാം. രണ്ടു മൂന്നു മണിക്കൂറില്‍ ചെയ്തു തീര്‍ക്കേണ്ട കാര്യങ്ങള്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുണ്ട്. ഇവയെപ്പറ്റിയെല്ലാം കൃത്യമായ ധാരണ സംസ്ഥാന സര്‍ക്കാരിനുണ്ടാവണം. വെള്ളമൊഴുകാനുള്ള ഇടം നദികളിലും അധികജലം ശേഖരിക്കാനുള്ള സംവിധാനം കായലുകളിലുമുണ്ട്. നദികളെയും കായലുകളെയും നശിപ്പിക്കുന്നത് ആണ് പ്രളയത്തിന് കാരണമാകുന്നത്. ഒഴുകാനിടം ഇല്ലാതായാല്‍ വെള്ളം പൊങ്ങുക തന്നെ ചെയ്യും, എം രാജീവന്‍ വ്യക്തമാക്കി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.