അവർ ഇനിയും വരും, പുതിയ നമ്പരുമായി

Thursday 30 August 2018 2:53 am IST
മോദിക്കെതിരെ പുതിയ ആരോപണവുമായി ചാനല്‍ ചര്‍ച്ചക്കാര്‍ ഇനിയും വരും. ഏതായാലും 700 കോടിയുടെ വിഷയത്തില്‍ നഷ്ടം ഈ മാധ്യമ വീരന്മാര്‍ക്കാണ്. നഷ്ടപ്പെട്ടത് അവരുടെ വിശ്വാസ്യതയാണ്.

ഭൂലോകത്തിന്റെ ഏതു കോണിലും എന്ത് അത്യാഹിതം നടന്നാലും, കോണ്‍ഗ്രസ്, സിപിഐ(എം), സിപിഐ തുടങ്ങിയ കക്ഷികള്‍ക്ക് കുറ്റപ്പെടുത്താന്‍ ഒരു വ്യക്തിയുണ്ട് - നരേന്ദ്ര മോദി. ആഫ്രിക്കയില്‍ വെള്ളപ്പൊക്കം ഉണ്ടായാലും, യൂറോപ്പില്‍ ഭീകരാക്രമണം നടന്നാലും, മറ്റു രാജ്യങ്ങളിലെ സാമ്പത്തിക വ്യവസ്ഥിതി തകര്‍ന്നാലും മേല്‍സൂചിപ്പിച്ച പാര്‍ട്ടികളുടെ യജമാനന്മാര്‍ ടെലിവിഷന്‍ സ്റ്റുഡിയോകളില്‍ പാഞ്ഞെത്തി മോദിയെ വിമര്‍ശിക്കും. അതൊക്കെ ഇപ്പോള്‍ പതിവ് അഭ്യാസമായേ പ്രേക്ഷകര്‍ കാണാറുള്ളു. എന്നാലും, ഒരു വ്യക്തിയോടും അദ്ദേഹം പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തോടും ഈ സംഘടനകള്‍ക്കുള്ള വൈരാഗ്യവും, അസൂയയും, വെറുപ്പും, മനംപുരട്ടല്‍ സൃഷ്ടിക്കുന്ന അവസ്ഥയില്‍ എത്തി നില്‍ക്കുന്നു. 

അതിന്റെ അവസാനത്തെ ഉദാഹരണമാണ് യുഎഇ രാജാവ് പ്രഖ്യാപിച്ചതായി പറയുന്ന എഴുന്നൂറു കോടി രൂപയുടെ സഹായം. പ്രസ്തുത സഹായം സ്വീകരിക്കില്ലെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചതായും, യുഎഇ രാജാവ് കുപിതനായി എന്നും ചാനലായ ചാനലുകള്‍ എല്ലാം തന്നെ ഇരുപത്തിനാലു മണിക്കൂറും പഴയ പെട്ടിപ്പാട്ടുപോലെ ആരോപിച്ചു കൊണ്ടിരുന്നു. പാര്‍ട്ടി ചാനലിലെ അവതാരകന്‍ പ്രധാനമന്ത്രിക്കെതിരെ ഉറഞ്ഞു തുള്ളുന്ന കാഴ്ച പ്രേക്ഷകര്‍ കണ്ടു. കേരളത്തിലെ വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനായി യുഎഇ രാജാവ് എഴുന്നൂറു കോടി രൂപ സംഭവന നല്‍കിയ വാര്‍ത്ത രാജാവ് തന്നെ അറിയുന്നത് പത്രവാര്‍ത്തകളിലൂടെയാണ്. 

തിരുവനന്തപുരത്തെ വാര്‍ത്താ ഏജന്‍സി, ലേഖകര്‍ എന്നിവര്‍ അയച്ച റിപ്പോര്‍ട്ടുകളാണ് ആ രാജ്യത്തെ പത്രങ്ങള്‍ പ്രസിദ്ധീകരിച്ചത്. പക്ഷെ, സഖാക്കളും അവരുടെ അനുയായികളും ഒരു കാര്യം ശ്രദ്ധിച്ചു വായിച്ചില്ല. രാജാവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ആശയ വിനിമയം നടത്തിയ വാര്‍ത്ത രാജാവിന്റെ കൊട്ടാരം തന്നെ സാമൂഹ്യ മാധ്യമത്തില്‍ പ്രസിദ്ധീകരിച്ചു. രാജാവുമായി സംസാരിച്ച വിവരം പ്രധാനമന്ത്രിയും സാമൂഹ്യ മാധ്യമത്തിലൂടെ ഭാരതീയരുമായി പങ്കുവെച്ചു. ഇത്രയുമാണ് നടന്നത്.

വെള്ളപൊക്കം നേരിട്ട ഭാരതീയരോട് തനിക്കും യുഎഇ ജനതക്കും സഹതാപം ഉണ്ടെന്നും, പ്രളയ ബാധിതരെ സഹായിക്കാന്‍ തന്റെ രാജ്യത്തെ ജനങ്ങളും സംഘടനകളും തയ്യാറെടുക്കുകയാണെന്നും, രാജാവ് പ്രധാന മന്ത്രിയോട് പറഞ്ഞു. പ്രധാനമന്ത്രിയാകട്ടെ, അദ്ദേഹത്തോട് നന്ദി രേഖപ്പെടുത്തി. ഇതാണ് രണ്ടു രാഷ്ട്ര തലവന്മാര്‍ തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണം. ഇതില്‍, പിണറായി വിജയന്‍ എന്നോ, കോടിയേരി സഖാവ് എന്നോ, യൂസഫ് അലി എന്നോ എന്നൊന്നും ഒരിടത്തും പരാമര്‍ശം ഇല്ല.

പിന്നീട് കേള്‍ക്കുന്നത്, യുഎഇ നല്‍കിയ സാമ്പത്തിക സഹായം പ്രധാനമന്ത്രി നിരാകരിച്ചുവെന്നോ, നിരസിച്ചുവെന്നോ ഉള്ള വാര്‍ത്തകള്‍ ആണ്. ഭാരതത്തിലെ തായ്‌ലന്‍ഡ് സ്ഥാനപതി ഭാരത സര്‍ക്കാരിന് എന്തോ സാമ്പത്തിക സഹായം വാഗ്ദാനം നല്‍കി. പക്ഷെ തങ്ങളുടെ രാജ്യത്തെ നിയമം അനുസരിച്ചു, ആ സഹായം സ്വീകരിക്കാന്‍ നിവൃത്തിയില്ല എന്ന് വിദേശ മന്ത്രാലയത്തിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ അറിയിച്ചതായി തായ്‌ലന്‍ഡ് സ്ഥാനപതി തന്റെ സാമൂഹ്യ മാധ്യമങ്ങളിലൂടെ രേഖപ്പെടുത്തി.

ഏതാണ്ട് നാല്പത്തിയെട്ടു മണിക്കൂറുകള്‍ പ്രധാനമന്ത്രിയെ ശകാരിക്കാനാണ് ചില മലയാളം ചാനലുകള്‍ ശ്രദ്ധിച്ചത്. അതിനിടെ, യുഎഇ രാജാവ് ഇങ്ങനെ ഒരു ധനസഹായം വാഗ്ദാനം ചെയ്തിരുന്നോ എന്ന് ഉറപ്പു വരുത്താന്‍ അവര്‍ മറന്നുപോയതോ അതോ മനഃപൂര്‍വം വേണ്ടെന്നു വെച്ചതോ? അവതാരകരെല്ലാം വാര്‍ത്തയുടെ 'എല്ലാ വശങ്ങളും' കൂലങ്കഷമായ പരിശോധനക്ക് വിധേയമാക്കുന്നവരാണ്. ആരോപണം ഉന്നയിച്ചപ്പോള്‍, യുഎഇ സ്ഥാനപതിയെ ഒരിക്കലെങ്കിലും ബന്ധപ്പെട്ടിരുന്നുവെങ്കില്‍ നിജ സ്ഥിതി അറിയാമായിരുന്നു. ഒരു രാജ്യം മറ്റൊരു രാജ്യത്തിനു നല്‍കുന്ന സാമ്പത്തിക സഹായം ആരും രഹസ്യമാക്കി വെക്കാറില്ലല്ലോ.

യുഎഇ രാജാവ് പ്രധാനമന്ത്രിയോട് പറഞ്ഞത് 'ഞങ്ങള്‍ ഭാരതീയരോടൊപ്പം ഉണ്ടെന്നാണ'. അല്ലാതെ കേരളം എന്നോ ഇരട്ട ചങ്കന്‍ എന്നോ അദ്ദേഹം പറഞ്ഞിട്ടില്ല. ഈ നുണ പ്രചാരണത്തിനിടയില്‍ കുട്ടി സഖാക്കളും, സഖികളും ഒരു കാര്യം കൂടി വിട്ടുപോയി. യുഎഇ രാജാവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബന്ധപ്പെടുന്നതിന് മുന്‍പ് തന്നെ, ഖത്തര്‍ രാജാവ് (അമീര്‍ എന്നും പറയും) ഷെയ്ഖ് തമിം അല്‍താനി അമ്പതു ലക്ഷം ഡോളറിന്റെ സഹായം പ്രഖ്യാപിച്ചു. ഖത്തര്‍ ചാരിറ്റി എന്ന സര്‍ക്കാര്‍ ഇതര സംഘടന ഏതാണ്ട് തുല്യമായ സഹായവും ഭാരതത്തിനു വാഗ്ദാനം ചെയ്തു. (അതാണ് നാട്ടു നടപ്പ്. അല്ലാതെ, അവരാരും നേരിട്ട് പാച്ചുവിനും, കോവാലനും തുക കൈമാറാറില്ല). ഈ വാര്‍ത്ത മലയാളത്തിലെ ചാനല്‍ വ്യാഘ്രങ്ങള്‍ കണ്ടില്ല. മാത്രമോ? കേരളത്തിലെ പ്രളയ ബാധിതര്‍ക്ക് വിദേശത്തുനിന്നു ലഭിക്കുന്ന എല്ലാ ആശ്വാസ വസ്തുക്കളെയും, കസ്റ്റംസ് തീരുവ, ജിഎസ്ടി എന്നിവയില്‍ നിന്ന് ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അതും ഇവരാരും കണ്ടില്ല..

സാമ്പത്തിക വിദഗ്ധന്‍ എന്ന വ്യാജേന ഒരാള്‍ കേരളത്തില്‍ ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്നുണ്ട്. കയര്‍ തൊഴിലാളികളുടെ ജീവിത ശൈലിയില്‍ വന്ന മാറ്റങ്ങള്‍ എന്ന വിഷയത്തില്‍ പിഎച്ച്ഡി ഉണ്ടെന്നാണ് അവകാശപ്പെടുന്നത്. അദ്ദേഹം കുപിതനായി, പ്രധാന മന്ത്രിയെ ആക്ഷേപിച്ചു. പുല്‍ക്കൂട്ടിലെ നായയുടെ സ്വഭാവം കാണിക്കരുതെന്നു മുന്നറിയിപ്പും നല്‍കി. ഒരു ലക്ഷത്തി മുപ്പതിനായിരം കോടി രൂപയുടെ സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നവര്‍ക്ക് കേവലം എഴുനൂറു കോടി രൂപ അത്ര വലിയ സംഭവമാണോ?

ഈ വിവാദം മറ്റൊരു ഗൂഢാലോചനയുടെ പ്രതിഫലനമാണ്. തിരുവനന്തപുരത്തെ ചില പത്രപ്രവര്‍ത്തകരും, മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സ്ഥിരം പെരുച്ചാഴികളും മെനഞ്ഞെടുത്ത ഗൂഢാലോചന... പോയാല്‍ ഒരു വാക്ക്... കിട്ടിയാല്‍ ഒരാന എന്നോ മറ്റോ പറയാറില്ലേ? അത് തന്നെ. സാധാരണക്കാരന്‍ വീണുപോകുന്ന വാക്‌സാമര്‍ത്ഥ്യമാണ് തകര്‍ന്നടിഞ്ഞത്. ഗൂഢാലോചനയില്‍ നഷ്ടം നേരിട്ടത് ഈ പത്രപ്രവര്‍ത്തകര്‍ക്കാണെന്നു മാത്രം... അവരുടെ വിശ്വാസ്യതയാണ് തകര്‍ന്നടിഞ്ഞത്. 

ഭാരത സൈനികര്‍ അതിര്‍ത്തി സംരക്ഷണത്തിനായി ഉപയോഗിക്കുന്ന ഒരു പീരങ്കിയെകുറിച്ചാണ് ഓര്‍മ്മ വരുന്നത്. ഷൂട്ട് ആന്‍ഡ് സ്‌കൂട് എന്ന സ്വഭാവം അഥവാ പ്രഹരശക്തിയുള്ള പീരങ്കി. വെടി ഉതിര്‍ത്തു കഴിഞ്ഞാല്‍ നിമിഷങ്ങള്‍ക്കകം തന്റെ സ്ഥാനത്തുനിന്ന് അതിനു തെന്നി മാറാന്‍ കഴിയും. ശത്രുക്കള്‍ക്കു മനസ്സിലാവില്ല, വെടി ഉതിര്‍ത്തത് എവിടെ നിന്നാണെന്ന്. അവര്‍ പീരങ്കിയുടെ സ്രോതസ്സ് മനസ്സിലാക്കുമ്പോഴേക്കും, മറ്റൊരു സ്ഥാനത്തു നിന്ന് അടുത്ത വെടി ഉതിര്‍ക്കും. പിന്നെ വീണ്ടും തെന്നി മാറും. അതുതന്നെയല്ലേ ഈ പത്രക്കാരും പാര്‍ട്ടി പെരുച്ചാഴികളും ചെയ്തുവരുന്നത്. ഇത് അച്ചടിച്ചു വരുമ്പോഴേക്കും, സഖാക്കള്‍ മറ്റൊരു ആരോപണവുമായി എത്തിയിട്ടുണ്ടാവും. ജാഗ്രതൈ.

കുമാര്‍ ചെല്ലപ്പന്‍ 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.