ട്രിപ്പിൾജമ്പിൽ സ്വർണം; തങ്കത്തിളക്കത്തിൽ അർപീന്ദർ

Thursday 30 August 2018 2:54 am IST

ജക്കാര്‍ത്ത: നാല്‍പ്പത്തിയെട്ട് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഏഷ്യന്‍ ഗെയിംസ് പുരുഷ ട്രിപ്പിള്‍ ജമ്പില്‍ ഇന്ത്യക്ക് സ്വര്‍ണം. പഞ്ചാബിലെ അമൃത്‌സര്‍ സ്വദേശിയായ അര്‍പീന്ദര്‍ സിങ്ങാണ് ഏഷ്യന്‍ ഗെയിംസിന്റെ പതിനൊന്നാം നാള്‍ സ്വര്‍ണം നേടി സ്‌റ്റേഡിയത്തില്‍ ദേശീയപതാക പാറിപ്പിച്ചത്. ഗെയിംസില്‍ ഇന്ത്യയുടെ പത്താം സ്വര്‍ണമായി ഇത്.

16.77 മീറ്റര്‍ ദൂരം താണ്ടിയാണ് അര്‍പീന്ദര്‍ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണം നെഞ്ചോടുചേര്‍ത്തത്.  മൂന്നാം ശ്രമത്തിലാണ് അര്‍പീന്ദര്‍ ഈ ദൂരം താണ്ടിയത്. ആദ്യ ചാട്ടം ഫൗളായി. രണ്ടാം ചാട്ടത്തില്‍ 16.58 മീറ്റര്‍ താണ്ടി. നാലാം ശ്രമത്തില്‍ 16.08 മീറ്റര്‍ ചാടിയപ്പോള്‍ അവസാന രണ്ട് ശ്രമങ്ങളും ഫൗളായി. 1970-ല്‍ ബാങ്കോക്ക് ഗെയിംസില്‍ മൊഹീന്ദര്‍ സിങ്ങ് ഗില്ലാണ് ട്രിപ്പിള്‍ജമ്പില്‍ പൊന്നണിഞ്ഞ ആദ്യ ഇന്ത്യന്‍ താരം. അന്ന് 16.11 മീറ്റര്‍ ചാടിയാണ് മൊഹീന്ദര്‍ പൊന്നണിഞ്ഞത്.

16.62 മീറ്റര്‍ താണ്ടിയ ഉസ്‌ബെക്കിസ്ഥാന്‍ താരം റുസ്‌ലാന്‍ കുര്‍ബാനോവ് വെള്ളിയും 16.56 മീറ്റര്‍ കണ്ടെത്തിയ ചൈനയുടെ നിലവിലെ സ്വര്‍ണമെഡല്‍ ജേതാവ് ഷു കാവോ വെങ്കലവും നേടി.ഇതേയിനത്തില്‍ മല്‍സരിച്ച മലയാളി താരം രാകേഷ് ബാബു 16.40 മീറ്റര്‍ താണ്ടി ആറാം സ്ഥാനത്തായി. ഇതോടെ ജക്കാര്‍ത്തയില്‍ ഇന്ത്യക്ക് 11 സ്വര്‍ണവും 20 വെള്ളിയും 23 വെങ്കലവും ഉള്‍പ്പെടെ 54 മെഡലായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.